Special

രാഷ്ട്രം തലയുയർത്തി നിൽക്കുന്നു; ലോകം ഭാരതത്തിനു കാതോർക്കുന്നു

ഭാരതം പരമോന്നത റിപ്പബ്ലിക് ആയതിന്റെ 68ആം വാർഷികമാണിന്ന്. ഇന്നേ ദിവസം ആത്മാഭിമാനത്തിന്റെ ആഘോഷവേള കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും രാഷ്ട്രം മോചിതയായി ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ രാജ്യത്തിന് അഭിമാനിക്കാൻ കഴിയുന്ന അളവില്ലാത്ത നേട്ടവും വളർച്ചയും നാം നേടിയിട്ടുണ്ട്.

1950 ജനുവരി 26ന് ഡോ. രാജേന്ദ്രപ്രസാദ് ഭാരതത്തിന്റെ ആദ്യ രാഷ്ട്രപതിയായി ചുമതലയേറ്റതു മുതൽ പതിമൂന്നു രാഷ്ട്രപതിമാർ ഭാരതത്തിനുണ്ടായിട്ടുണ്ട്.

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി നിരവധി സവിശേഷതകൾ ഈ റിപ്പബ്ലിക് ദിനത്തിന് അവകാശപ്പെടാനുണ്ട്. അതിൽ ഏറ്റവുമാദ്യം എടുത്തു പറയാവുന്നത് രാജ്യം ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ഒരു സാമ്പത്തിക ശുദ്ധികലശം കഴിഞ്ഞുളള ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷമാണിതെന്നതാണ്. ആറു പതിറ്റാണ്ടുകൾ കൊണ്ട് ഭരണതലത്തിലും, സമൂഹത്തിലും അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നിരവധിയാണ്. അതിൽ രാജ്യത്തിന്റെ പുരോഗതിയെ ഏറ്റവുമധികം പിന്നോട്ടടിച്ചിരുന്നത് അഴിമതിയും, കളളപ്പണത്തിന്റെയും, കളളനോട്ടുകളുടെയും വ്യാപനവുമാണ്.

പ്രധാനമന്ത്രിയുടെ ധീരോദാത്തമായ നടപടിയിലൂടെ രാജ്യത്തിന്റെ തന്നെ ശത്രുവായ അഴിമതിക്ക് കനത്ത പ്രഹരമാണേറ്റത്. നരേന്ദ്രമോദിയല്ലാതെ മറ്റേതൊരു പ്രധാനമന്ത്രി ഇതിന് ഉദ്യമിച്ചിരുന്നെങ്കിലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ മരണത്തിൽ കലാശിച്ചേനെയെന്ന് വിദഗ്ദ്ധർ പോലും അഭിപ്രായപ്പെടുന്നു. യുദ്ധസമാനമായ അന്തരീക്ഷം സംജാതമായേക്കാമായിരുന്ന ഈ സാമ്പത്തിക പരിഷ്കരണത്തിന് പ്രധാനമന്ത്രിക്ക് സാധിച്ചത് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾ നരേന്ദ്രമോദി എന്ന ഭരണാധികാരിയിൽ അർപ്പിച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. ഹൃദയത്തിന്റെ ഭാഷയിൽ അദ്ദേഹം തന്റെ രാജ്യത്തെ പൗരന്മാരോടു സംവദിച്ചു. അവർ അനുസരിച്ചു… തെറ്റിദ്ധരിപ്പിക്കാനും, ഭയപ്പെടുത്താനും ശ്രമിച്ച തൽപ്പരകക്ഷികളെയെല്ലാം മറുചോദ്യങ്ങൾ കൊണ്ട് രാജ്യത്തെ സാധാരണ ജനങ്ങൾ നേരിട്ടുവെന്നതും ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ സുതാര്യമായ സംവേദനത്തിന്റെ കരുത്തു തന്നെയാണ്.

രാഷ്ട്രം ഇന്ന് സുരക്ഷിതവും, പുരോഗതിയുടെ പാതയിലുമാണെന്ന് ഓരോ പൗരനും ഉത്തമ ബോദ്ധ്യമുണ്ട്. രാജ്യത്തെ പൗരന്മാർക്ക് മറ്റൊരാളുടെയും മുൻപിൽ തല കുനിച്ചു നിൽക്കേണ്ട അവസ്ഥയില്ല. ഭാരതം എന്ന രാഷ്ട്രത്തിന്റെ യശസ്സും, ആത്മാഭിമാനവും അതിന്റെ ഔന്നത്യങ്ങളിലെത്തിക്കാൻ പ്രധാനമന്ത്രിക്കു സാധിച്ചു. ലോകശക്തികളെല്ലാം ഭാരതത്തിന്റെ ഉത്തമസുഹൃത്തുക്കളായി. രാജ്യത്ത് വമ്പിച്ച തോതിൽ വിദേശനിക്ഷേപങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. സ്വച്ഛ് ഭാരത് പോലെയുളള പദ്ധതികളിൽക്കൂടി രാജ്യം അതിന്റെ പരിശുദ്ധിയും പരിപാവനത്വവും വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. നിരവധി ജനക്ഷേമപദ്ധതികൾ ഓരോ പൗരന്റെയും സമഗ്രമായ അഭിവൃദ്ധിക്ക് കാരണമാകുന്നു. ജാഗരൂകമായ വിദേശകാര്യമന്ത്രാലയം ദൂരെദിക്കുകളിൽ പോലുമുളള ഓരോ പൗരന്റെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും കാവൽ നിൽക്കുന്ന ഒരു രാജ്യമായി നമ്മുടെ ഭാരതം മാറി.

രാജ്യത്തിന്റെ പ്രതിരോധസംവിധാനം കുറ്റമറ്റതായി. ലോകചരിത്രത്തിൽ അമേരിക്കൻ സീലുകൾ, ഇസ്രയേൽ ചാരസംഘടനയായ മൊസാദ് എന്നീ കരുത്തരായ സേനാവിഭാഗങ്ങൾക്കു ശേഷം മ്യാന്മാർ, പാക് അധീന കശ്മീർ എന്നിവിടങ്ങളിൽ നടത്തിയ മിന്നലാക്രമണങ്ങളിലൂടെ ഭാരതസൈന്യവും രാജ്യാതിർത്തി കടന്നുളള ആക്രമണങ്ങളിൽ കരുത്തും, മികവും തെളിയിച്ച വർഷം കൂടിയാണ് കടന്നു പോയത്. രാജ്യാതിർത്തി കടന്നെത്തി ആക്രമണമഴിച്ചു വിടുന്ന തീവ്രവാദികൾക്കും അവർക്ക് തണലൊരുക്കുന്ന രാജ്യങ്ങൾക്കുമുളള ശക്തമായ താക്കീതു കൂടിയായിരുന്നു ഇത്. പല രാഷ്ട്രീയ ചാപല്യങ്ങൾക്കും പലപ്പോഴും വിധേയമായിട്ടുളള ഭാരതസൈന്യം അതിന്റെ കരുത്തും ആത്മവിശ്വാസവും പൂർണ്ണമായും തിരിച്ചു നേടുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ സാധിച്ചുവെന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ആധുനിക സാങ്കേതികവിദ്യകളും, പ്രതിരോധസംവിധാനങ്ങളും രാജ്യാതിർത്തികളിൽ ഉരുക്കുകോട്ട തീർക്കാനും, ദീർഘവീക്ഷണത്തോടെയുളള ഭരണത്തിനു സാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.

രാജ്യത്തെ അന്യം നിന്നു പൊയ്ക്കൊണ്ടിരുന്ന ചെറുകിട വ്യവസായങ്ങളെപ്പോലും പുനരുജ്ജീവിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികൾ ശ്രദ്ധേയമാണ്. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന മഹാത്മാഗാന്ധിയുടെ കണ്ടെത്തലിനെ ഏതാണ്ട് പൂർണ്ണാർത്ഥത്തിൽ തന്നെ പ്രവർത്തിതലത്തിലെത്തിക്കാൻ ഭാരതം ആറു പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. എങ്കിലും ഗാന്ധിജി സ്വപ്നം കണ്ട പല വികസനപദ്ധതികളും പ്രകാശം കാണുന്നതിന് പ്രധാനമന്ത്രിയുടെ പദ്ധതികൾ കാരണമായി. ഇന്നത് വളർച്ചയുടെ പാതയിലാണ്. രാഷ്ട്രം പുരോഗതിയിലേക്കു കുതിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ ഭാരതം എന്തു പറയുന്നു എന്നു കാതോർക്കുന്ന ഒരു യുഗപ്പിറവിക്കു കൂടി തുടക്കമായിരിക്കുകയാണ്.

പ്രതീക്ഷയുടേയും, പ്രത്യാശയുടേയും, അഭിമാനത്തിന്റേയും നിറവിലാണ് ഭാരതമിന്ന് അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. എല്ലാ ദേശസ്നേഹികൾക്കും ജനം ടി.വിയുടെ റിപ്പബ്ലിക് ദിനാശംസകൾ.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close