NewsSpecial

കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതല്ല : ചോർത്തിയതാണ്

വരാഹമിഹിരൻ


എസ് എസ് എൽ സി ചോദ്യപേപ്പർ വിവാദത്തിൽ സർക്കാർ  വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത് നന്നായി. സത്യങ്ങൾ പുറത്തു വരുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു . അതോ ഇതും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമോ?

എന്തായാലും ഒരു കാര്യം ഉറപ്പാണ് .  വർഷങ്ങളായി നടന്നു വന്നിരുന്ന ഒരു കലാപരിപാടിയായിരുന്നു ഇത്. 2016ലെ എസ് എസ് എൽ സി പരീക്ഷയുടെ ഫലം അറിഞ്ഞ ശേഷം ചില സ്വകാര്യ ട്യൂഷൻ സെന്ററുകൾ ചിലർക്ക് സ്വീകരണം നൽകിയിരുന്നു .  അതിന്റെ കാരണമന്വേഷിച്ച് പോകുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുന്നത് . അതെ അത് ഉദ്ദിഷ്ട കാര്യ ലബ്ധിക്കുള്ള ഉപകാര സ്മരണയാണ് . ” പലനാൾ കള്ളം ഒരുനാൾ പിടിക്കപ്പെടും” എന്നാണല്ലോ പഴമക്കാർ പറയുന്നത്. ഇപ്പോൾ പിടിക്കപ്പെട്ടു അത്രമാത്രം.

പ്രതിപക്ഷത്തിന്റെ പ്രതിഷേധം വെള്ളത്തിൽ വരച്ച വരയായതും വെറുതെയല്ല. അവരുടെ കാലത്തും ഇത് സുഗമമായി നടന്നിരുന്നു.അവിചാരിതമായി ഇപ്പോൾ പിടിക്കപ്പെട്ടെന്ന് മാത്രം . സർക്കാർ ഖജനാവിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റുന്ന സർക്കാർ,  എയിഡഡ് സ്കൂൾ അധ്യാപകരാണ്  സംസ്ഥാനത്തെ സ്വകാര്യ ടൂഷൻ ലോബിയുടെ നട്ടെല്ല് എന്നത് വളരെ വ്യക്തമാണ്.

ഇത്തരക്കാർ പഠിപ്പിക്കുന്ന സ്കൂളുകളാകട്ടെ  അനുദിനം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾക്ക് വായിച്ചാൽ മനസ്സിലാകാത്ത പാഠപുസ്തകം, എങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്ന് അധ്യാപകർക്ക് വ്യക്തതയില്ലാത്ത പാഠപുസ്തകം, അതിനെ അധികരിച്ച് അതികഠിനമായ ചോദ്യപേപ്പർ.ഗണിത നിലവാരം ഉയത്താനെന്ന കപട വാദം മുന്നോട്ട് വച്ച് ഇവർ ചെയ്യുന്നത്  ഇതൊക്കെയാണ് .

കഴിഞ്ഞ കുറെ വർഷങ്ങളായി പുസ്തക നിർമ്മാണത്തിനെന്ന പേരിൽ തമ്പടിച്ച ചിലരുടെ വിക്രിയകൾ വിദ്യാഭ്യാസ മേഖലയിൽ അങ്ങാടി പാട്ടാണ്. ഗണിത നിലവാരം ഉയത്താനാണെന്ന് അവർ പറഞ്ഞു കൊണ്ടേയിരുന്നു .പാവം കുറെ അധ്യാപകർ എല്ലാം വിശ്വസിക്കുകയും ചെയ്തു . പകലും രാത്രിയും സ്കൂളിലെത്തി. ഗണിത പഠനം പകലും രാത്രിയും തുടർന്നു. കുട്ടികളും അധ്യാപകരും അവശരായതു മാത്രം മിച്ചം.

പഠിച്ച ചോദ്യങ്ങളും പഠിപ്പിച്ച ചോദ്യങ്ങളും പരീക്ഷയ്ക്ക് വരുന്നില്ല. കേൾക്കാത്ത ചോദ്യങ്ങൾ കാണാത്ത ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്തു.ഗണിതപഠന നിലവാരം ഉയർത്താനാണ്  ഇതെന്നാണ് പറച്ചിൽ .  പക്ഷേ സംസ്ഥാനത്തെ ചില ട്യൂഷൻ സെന്ററുകളിലേക്ക് വിദ്യാർത്ഥികൾ ഒഴുകിക്കൊണ്ടേ യിരുന്നത് ആരും ശ്രദ്ധിച്ചതുമില്ല.

70 ഉം 100 ഉം കിലോമീറ്ററുകൾ താണ്ടി അവധി ദിനങ്ങളിൽ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ എത്തിയവർ  ഗണിത പരീക്ഷകളിൽ  മുന്നേറിക്കൊണ്ടിരുന്നു . ക്ളാസ്സിൽ ശരാശരിക്കാരായവർ ക്ളാസ് ടെസ്റ്റുകളിൽ ശരാശരിക്കാരായവർ പാദ വാഷിക, അർധ വാർഷിക പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.10 – ൽ മാത്രമല്ല 9 ലും 8 ലും. ഇവരുടെ നിലവാരം ഉയർന്നതാണോ എന്ന് അധ്യാപകർ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമാകുന്നത് . നിലവാരം ഉയർന്നിട്ടില്ല പക്ഷേ പരീക്ഷകളിൽ മാർക്ക് കിട്ടുന്നു

കുട്ടികളോട് അധ്യാപകർ രഹസ്യമായി വിവരങ്ങൾ തിരക്കി. അപ്പോഴാണ് ചില ട്യൂഷൻ സെന്ററുകളുടെ കഥ പുറത്തു വന്നത്.ഇവിടങ്ങളിൽചർച്ച ചെയ്യുന്ന ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ചോദിക്കുന്നത്.അതുകൊണ്ട് തന്നെ ഇവിടങ്ങളിലേക്ക് ജില്ലയ്ക്കു പുറത്തു നിന്നു പോലും കുട്ടികൾ എത്തിത്തുടങ്ങി. യൂണിറ്റ് ടെസ്റ്റുകൾക്കും മോഡൽ പരീക്ഷകൾക്കും ചോദ്യപ്പേപ്പർ വിതരണം ചെയ്യുന്ന ചില സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ സ്കൂളുകളിലെത്തി അധികാരികൾക്ക് ഉറപ്പു നൽകുന്നു. തങ്ങളുടെ ചോദ്യപ്പേപ്പറുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷകൾക്കു വരുന്നതെന്ന്.

ഇത്  വിശ്വസിക്കാത്തവർ മഠയന്മാരായി.വിശ്വസിച്ചവരാകട്ടെ മിടുക്കരും. ഇതായിരുന്നു കാലാകാലങ്ങളായി സംഭവിച്ചു കൊണ്ടിരുന്നത് . ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരും സ്വകാര്യ ട്യൂഷൻ സെന്ററുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം ലക്ഷക്കണക്കിന് വിദ്യാർത്ഥികളേയും സർക്കാരിനെ തന്നെയും നോക്കുകുത്തിയാക്കുന്ന അവസ്ഥ.

എന്തായാലും ഇപ്പോൾ എല്ലാം വ്യക്തമായി പുറത്ത് വന്നിരിക്കുകയാണ് . എന്താണ് സ്വകാര്യ സ്ഥാപനങ്ങളുമായി അധ്യാപകർക്കുള്ള ബന്ധം?   ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ ആർജ്ജവം കാണിക്കണം. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു പരീക്ഷ തന്നെ 15 വയസ്സുള്ള കുട്ടികൾക്കു പീഡനമാണ് ,അത് രണ്ട് പ്രാവശ്യം അനുഭവിക്കേണ്ടി വന്നാലോ? നലര ലക്ഷം കുട്ടികളാണ് ഈ ഡനത്തിന് വിധേയരായത്.ഇതിനു കാരണക്കാരായവർ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഒരു സംശയവുമില്ല .

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close