ഡോർട്ട്മുണ്ട്: ബൊറൂസിയ ഡോർട്ട്മുണ്ട് ബുട്ട്ബോൾ ടീം സഞ്ചരിച്ചിരുന്ന ബസിനു നേരേ ആക്രമണം. മൊണോക്കോയ്ക്കെതിരായ ചാമ്പ്യൻസ് ലീഗ് ഒന്നാം പാദ ക്വാർട്ടർ മത്സരത്തിനായി ടീം അംഗങ്ങൾ ബസിൽ കയറാൻ തുടങ്ങുമ്പോൾ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നുവെന്നാണ് വിവരം.
സ്ഫോടനത്തിൽ ബസിന്റെ ചില്ലു തകർന്ന് ടീം അംഗമായ സ്പാനിഷ് താരം മാർക്ക് ബത്രയ്ക്ക് പരിക്കേറ്റു. ടീം അംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ബസിലേക്ക് കയറാനൊരുങ്ങുമ്പോഴാണ്, രാത്രി ഏഴു മണിയോടെ സ്ഫോടനമുണ്ടായത്. മൂന്നു തവണ സ്ഫോടനമുണ്ടായെങ്കിലും ടീം അംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് ഡോർട്ട്മുണ്ട് ടീം അറിയിച്ചു.
ആക്രമണത്തേത്തുടർന്ന് മത്സരം നാളത്തേയ്ക്കു മാറ്റിവച്ചു. മാർക്ക് ബത്രയുടെ കൈക്കാണ് പരിക്കേറ്റത്. ബത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിനു പിന്നിൽ ആരെന്ന കാര്യം വ്യക്തമല്ല. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.