NewsMovieEntertainmentSpecial

ആനയും കടലും മോഹൻലാലും

ശ്യാം ശ്രീകുമാർ മേനോൻ


ഏഴു തവണ എഴുതി വെട്ടിയ ഒരു കുറിപ്പാണിത്. ഓരോ തവണ ശ്രീ. മോഹൻലാലിനെക്കുറിച്ചുള്ള വാചകങ്ങളെഴുതുമ്പോഴും, മുമ്പെവിടെയോ വായിച്ച പോലൊരു തോന്നൽ. ഏതു വിശേഷണ പദമുപയോഗിക്കുമ്പോഴും ‘ഇത് ക്ലീഷേ ആയില്ലേ? ’ എന്നൊരു സംശയം.

അല്ല, അതെന്റെ കുഴപ്പമല്ല മോഹൻ ലാൽ എന്ന നടനെ, മനുഷ്യനെ, താരത്തെ ഞാനറിയാൻ തുടങ്ങിയതിന് എന്നോളം തന്നെ പ്രായമുണ്ട്. മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് എന്നെ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” കാണാൻ കൊണ്ടു പോയതെന്ന് കേട്ടിട്ടുണ്ട്.

ലാൽ എന്ന നടൻ ആദ്യം മനസിൽ കയറുന്ന സിനിമ ശ്രീകൃഷ്ണപ്പരുന്താണ്. അതിലെ കുമാരൻ തമ്പിയെപ്പോലെ താറുടുത്ത്, ഭസ്മം പൂശി കണ്ണടച്ച് ഒരു കാലിൽ നിന്ന് ,ഇടയ്ക്കിടെ ഒളികണ്ണിട്ട് ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് നോക്കിയ ഒരു എൽ.പി സ്കൂൾ അവധിക്കാലം തകരത്തോക്ക് ട്രൗസറിന്റെ പുറകിൽ തിരുകി വിൻസെന്റ് ഗോമസാവാൻ ഒരുപാട് വേനലുകൾ വേണ്ടി വന്നില്ല.

സേതുമാധവൻ കരയുമ്പോൾ ഒപ്പം കരഞ്ഞും, സത്യനാഥൻ ഉള്ളിൽക്കരയുമ്പോൾ കൂടെ വിതുമ്പിയും, വിഷ്ണു “ഇതിന്റെ ‘പ്രത്യാഘാതകം’ വലുതായിരിക്കും”എന്ന് പറഞ്ഞപ്പോൾ ഉറക്കെച്ചിരിച്ചും ആ ഇഷ്ടം എന്നോടൊപ്പം വളർന്നു. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള വളർച്ച ഒരു കട്ട മോഹൻലാൽ ആരാധകനായിക്കൊണ്ട് കൂടിയായിരുന്നു.

മാറുന്ന ആസ്വാദനത്തെ, ചോരത്തിളപ്പിനെ തൃപ്തിപ്പെടുത്താൻ വേണ്ടതെല്ലാം പ്രിയദർശിനിയുടെയും, പ്രിയയുടെയും, അരോമ-ന്യൂ അരോമകളുടെയും സ്ക്രീനിൽ നിന്ന് കിട്ടിക്കൊണ്ടേയിരുന്നു. മംഗലശ്ശേരി നീലകണ്ഠനായും, ഉസ്താദായും, ജഗന്നാഥനായും, ഇന്ദുചൂഢനായും… ഒരുതലൈരാഗങ്ങളുടെ കൗമാരക്കാലത്ത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളുടെ വീഡിയോ കാസറ്റ് പേർത്തും പേർത്തും കണ്ട്, തുറന്ന് പറയാൻ ധൈര്യമില്ലാത്ത പ്രേമങ്ങളുടെ മുന്തിരിച്ചാറിൽ നനഞ്ഞു… താഴ്വാരത്തിലെ ബാലനൊപ്പം പകയുടെ കനൽച്ചൂട് കാഞ്ഞു.

വളരുന്തോറും വിസ്മയമായി മാറിയ ഇഷ്ടം .വിസ്മയപ്പെടുത്തിയത് മോഹൻലാൽ എന്ന നടനായിരുന്നില്ല, ആനന്ദനും, ഗോവർദ്ധനും, കുഞ്ഞുക്കുട്ടനും, രമേശനും, .സി.പി.ശ്രീനിവാസനുമൊക്കെയായിരുന്നു. പിന്നെയെപ്പഴോ തീരെ മോശം സിനിമകൾ ചെയ്യുന്നത് കാണുമ്പോഴും വിഷമമല്ല തോന്നിയത്… ആലോചിച്ചത് അറുത്തു മുറിച്ച് നോ പറയാതെ, മോശം സിനിമയാണെന്നറിഞ്ഞുകൊണ്ട് തന്നെ സൗഹൃദത്തിന്റെ പേരിൽ അതുപോലത്തെ സിനിമകൾ ചെയ്യുന്ന മനസിനെക്കുറിച്ചാണ്.

ഇപ്പോൾ എത്ര വലിയ റോൾ ചെയ്യുന്നത് കാണുമ്പോഴും പഴയ കൗമാരക്കാരന്റെ വിസ്മയമില്ല, പകരം ഇതൊക്കെയെന്ത് എന്ന സലീംകുമാർ കഥാപാത്രത്തിന്റെ നിസ്സംഗത മാത്രം… കാരണം, ശ്രീ. കലവൂർ രവികുമാർ ഒരിക്കൽ പറഞ്ഞത് പോലെ “കടൽ,ആന, മോഹൻലാൽ- ഇത് മൂന്നും നമുക്കെത്ര കണ്ടാലും മടുക്കാത്ത വിസ്മയങ്ങളാണ്”.

ജന്മദിനാശംസകൾ ലാലേട്ടാ.  ഇനിയും ഒരുപാട് കൊല്ലക്കാലം ഞങ്ങളെയൊക്കെ വിസ്മയിപ്പിക്കാൻ സാധിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു!!!

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close