IndiaSpecial

സ്മരണ വേണം മലയാളികളേ .. സ്മരണ

അഭിലാഷ് കടമ്പാടൻ


“വിവേചനമോ പിന്നാക്കാവസ്ഥയോ പരിഗണിക്കാതെ എല്ലാവര്‍ക്കും ജ്ഞാനസമ്പാദനത്തിന് ഉതകും വിധവും അങ്ങനെ അവര്‍ നല്ല പൌരന്മാരും നല്ല പൊതുസേവകരുമായി രാജ്യത്തിന്‍റെ പുരോഗതിക്കും സദ്‌പേരിനുമായി പ്രവർത്തിക്കുന്നതിനുമായി സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും വിദ്യാഭ്യാസത്തിന്റെ പൂര്‍ണചെലവ് സംസ്ഥാനം വഹിക്കേണ്ടതാണ്‌..”

ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1817 ജൂണ്‍ മാസം പതിനേഴിനാണ് വിപ്ലവകരമായ ഈ തീരുമാനം പുറത്തു വരുന്നത്.

പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും പ്രാഥമികവിദ്യാഭ്യാസംപോലും നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിലാണ് നാല് മുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം നല്‍കണമെന്ന ശാസനയുമായി തിരുവിതാംകൂറിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ‘മാഗ്നാകാര്‍ട്ട’ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ റീജന്റ് റാണി ഗൌരി പാര്‍വതിഭായിയുടെ വിദ്യാഭ്യാസ ശാസനം പുറത്തുവരുന്നത്. വിദ്യാഭ്യാസ ചെലവുകള്‍ മുഴുവന്‍ ബജറ്റില്‍ വകയിരുത്തി വഹിക്കേണ്ട ശാസനം അന്നത്തെ കാലത്തെ സംബന്ധിച്ചിടത്തോളം ഒരു സാഹസം തന്നെയായിരുന്നു. എല്ലാ സ്കൂളുകളിലും സംസ്ഥാനസര്‍ക്കാര്‍ ശമ്പളം നല്‍കുന്ന രണ്ട് അധ്യാപകര്‍ ഉണ്ടായിരിക്കണമെന്ന നിയമം തന്നെ നിലവില്‍വന്നു..

ചുരുക്കിപ്പറഞ്ഞാല്‍ സമൂഹം ഒരുമിച്ച് വിദ്യാഭ്യാസച്ചെലവിനുള്ള തുക നല്‍കുന്ന രീതി നടപ്പിലാക്കിയതിലൂടെ വിദ്യാഭ്യാസം നേടുകയെന്ന അവകാശത്തിന്‍റെ ആദ്യത്തെ ഔദ്യോഗിക അംഗീകാരമായി അത് മാറി. ആദ്യത്തെ ‘റൈറ്റ് ടു എജ്യുക്കേഷൻ ആക്റ്റ്’

പക്ഷെ ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന് അന്നും തെളിഞ്ഞു. പിന്നെയും നൂറോളം വർഷം കഴിഞ്ഞുപോയി. പാവപ്പെട്ടവനും പിന്നാക്കക്കാരനും വിദ്യാഭ്യാസം നേടാനുള്ള അവകാശം സംരക്ഷിക്കാന്‍ മികച്ച മേല്‍മുണ്ടെടുത്തു തോളിലിട്ട് വെള്ള ബനിയനെടുത്തിട്ട് കിന്നരിത്തലപ്പാവണിഞ്ഞു കുങ്കുമക്കുറിയിട്ട് വെങ്ങാനൂരെ അയ്യന്റെ മകന്‍ കാളി വില്ലുവണ്ടിയേറി വന്നു.

“തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ കാണായ പാടങ്ങളെല്ലാം മുടിപ്പുല്ല് കുരുപ്പിക്കും” എന്നദ്ദേഹം പ്രഖ്യാപിച്ചു. അതാണ് കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം. ആഴ്ചയില്‍ ഒരു ദിവസത്തെ ഒഴിവു ദിനവും കൂലി വർദ്ധനവുമായിരുന്നു ആ സമരത്തിന്‍റെ മറ്റു രണ്ട് ആവശ്യങ്ങള്‍. പട്ടിണിയും ജന്മികളുടെ സില്‍ബന്തികളുടെ ക്രൂരമായ മര്‍ദ്ദനവുമേറ്റിട്ടു പോലും മുടവൂര്‍ പ്പാറ മുതല്‍ വിഴിഞ്ഞം വരെ വിശാലമായി നീണ്ടുകിടന്ന പാടങ്ങളിലേയ്ക്ക് ഒരു പുലയക്കുടിയില്‍ നിന്നുപോലും പണിക്കിറങ്ങാന്‍ അതേറ്റു പറഞ്ഞ കീഴാള ജനത തയാറായില്ല.അതൊരു തുടക്കമായിരുന്നു.

പൊതുവിദ്യാലയങ്ങളില്‍ അധകൃതന്‍റെ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ജാതീയ അടിസ്ഥാനങ്ങളിലുള്ള വിദ്യാലയങ്ങള്‍ മനുഷ്യനെ കൂടുതല്‍ ഭിന്നിപ്പിക്കുമെന്നും മുഖ്യധാരയില്‍ എത്താനുള്ള ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും ആ ക്രാന്തദര്‍ശി മനസ്സിലാക്കി. ഒരുമിച്ചിരുന്നു പഠിക്കാന്‍ അവകാശമില്ലാത്ത ബാലരാമപുരം ഊരൂട്ടമ്പലം സ്കൂളിലേയ്ക്ക് പൂജാരി അയ്യന്‍റെ മകള്‍ പഞ്ചമിയുടെ കൈപിടിച്ച് അയ്യന്‍കാളി നെഞ്ചു വിരിച്ചു കയറിച്ചെന്നു. ബാക്കി ചരിത്രമാണ്.. ഇന്ന് നമ്മളെല്ലാം ഒരു സ്കൂളിലിരുന്നു പഠിക്കുന്നതിനു കാരണമായ ചരിത്രം.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ചക്കഞ്ഞിയും മുഴുവന്‍ ഫീസ്‌ ഇളവു ചെയ്യുകയും ചെയ്യണം എന്ന്‍ 1922 ഫെബ്രുവരി 27ന് ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം വാദിച്ചു. ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള മുസ്ലീം വിദ്യാർത്ഥികൾക്ക് പോലും ഫീസില്‍ പകുതി സൌജന്യം നല്‍കിയിരുന്ന സാഹചര്യത്തില്‍ പുലയക്കുട്ടികള്‍ക്ക് മുഴുവന്‍ സൗജന്യവും അനുവദിക്കണം എന്നദ്ദേഹം ആവശ്യപ്പെട്ടു.

“പുലയരാജാവെന്നു” തന്നെ വിശേഷിപ്പിച്ച മഹാത്മാ ഗാന്ധിയോട് “എന്‍റെ സമുദായത്തില്‍ നിന്നും പത്ത് ബിഎക്കാരുണ്ടായിക്കാണണം” എന്നുള്ളതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്ന് വൈകാരികമായി അദ്ദേഹം പറഞ്ഞ് നിര്‍ത്തിയതില്‍ ഒരുപാട് വേദനകളുടെ പാഠങ്ങളുണ്ട്. “മലയാളികളുടെ മാതൃഭൂമി”യെഴുതിയ ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് പോലും കേരള ചരിത്രത്തില്‍ ഒരു നൂറ്റാണ്ട് നിറഞ്ഞു നിന്ന ഈ മനുഷ്യനെപ്പറ്റി ഒരു വാക്ക് പറയാതെ ഒഴിഞ്ഞുനിന്നത് അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങളെ പൊതിഞ്ഞു വെയ്ക്കാന്‍ മാത്രമാണ്.

ചരിത്രത്തെ പോക്കറ്റടിക്കാന്‍ നടക്കുന്ന ഇന്റലക്ച്വൽ ഫ്രോഡുകളുള്ള കേരളത്തില്‍ ഇതൊക്കെ ഇടക്ക് ഓര്‍ക്കുന്നത് നല്ലതാണ്..അല്ലെങ്കില്‍ മാറ് മറയ്ക്കാന്‍ മാത്രമല്ല മലയാളിക്ക് മുള്ളാന്‍ പോലും അവകാശം നേടിത്തന്നത് തങ്ങളാണെന്നുപറഞ്ഞു പോക്കറ്റടിക്കാർ ഇനിയുമിറങ്ങും.

അവഗണനയുടെ കടമ്പകള്‍ കടന്ന് അവകാശപ്പോരാട്ടങ്ങളുടെ തീപ്പന്തമാകുന്ന ഏതൊരു കാര്യകര്‍ത്താവിനും മാതൃകയാണ് അയ്യന്‍കാളി ഗുരുദേവന്റെ ജീവിതം. ഇന്ന്‍ അദ്ദേഹത്തിന്റെ സ്മൃതിദിനത്തിൽ ഒരായിരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

അവലംബം:
[1] കേരളചരിത്രം, എ ശ്രീധരമേനോന്‍, ഡിസിബുക്സ്,1967
[2] N P Chekkutty, Missing Chapter in History of Universal Schooling,2005
[3]മഹാത്മാഅയ്യന്‍കാളി; നവോഥാനത്തിന്റെ അഗ്നിനക്ഷത്രം, എആര്‍ മോഹനകൃഷ്ണന്‍,ബുദ്ധബുക്സ്, 2013
[4]ഓര്‍ക്കപ്പെടാതെ ആ പ്രഖ്യാപനം, ജോര്‍ജ് മാത്യു, മലയാളമനോരമ

603 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close