കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നില്‍ക്കുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ചയും ജനറല്‍ ബോഡി വ്യാഴാഴ്ചയും ചേരും. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം.
മമ്മൂട്ടി,മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, ദിലീപ് തുടങ്ങി 18 പേരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗങ്ങളാണ് രമ്യ നമ്പീശന്, കുക്കു പരമേശ്വരന് എന്നിവര്‍.
അമ്മയില്‍ അംഗമായ നടി ആക്രമിക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായ ഒരു നടന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളതാണ് സംഘടനയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
ദിലീപിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് ധാര്‍മിക പിന്തുണ നല്‍കണം എന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പൊതുവികാരം.
എന്നാല്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പിന്തുണ അമ്മയില്‍ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ചലച്ചിത്രം രംഗത്തെ വനിതകളെല്ലാം ചേര്‍ന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.
അതുകൊണ്ട് തന്നെ നടിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ദിലീപിനെ കൈവിടാതെയുള്ള ഒരു നയം സ്വീകരിക്കാനും അതിന് അംഗങ്ങളുടെ പിന്തുണ നേടുവാനുമായിരിക്കും നിലവിലെ സാഹചര്യത്തില്‍ അമ്മ നേതൃത്വം ശ്രമിക്കുക.