NewsSpecial

ജൂലൈ 30 ലെ മൻ കി ബാതിന്റെ മലയാള പരിഭാഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ജൂലൈ 30-ാം തീയതി ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ മൻ കി ബാതിന്റെ മലയാള പരിഭാഷ

എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നമസ്‌കാരം. മഴക്കാലം മനസ്സിനെ വളരെയേറെ ആകര്‍ഷിക്കുന്നുവെന്നത് മനുഷ്യമനസ്സിന്റെ പ്രത്യേകതയാണ്. പക്ഷിമൃഗാദികളും ചെടികളും പ്രകൃതിയും – എല്ലാം മഴക്കാലം വരുമ്പോള്‍ സന്തോഷിക്കുന്നു. എന്നാല്‍ മഴ ഭീകരരൂപം കാട്ടുമ്പോഴാണ് വെള്ളത്തിന് വിനാശം വിതയ്ക്കാനുള്ള എത്ര വലിയ കഴിവാണുള്ളതെന്നു മനസ്സിലാവുക. പ്രകൃതി നമുക്കു ജീവനേകുന്നു, നമ്മെ പോറ്റുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ വെള്ളപ്പൊക്കം, ഭൂകമ്പം പോലെയുള്ള പ്രകൃതിവിപത്തുകള്‍, അതിന്റെ ഭീകരരൂപം വളരെ വിനാശങ്ങള്‍ വിതയ്ക്കുന്നു.

മാറുന്ന കാലാവസ്ഥയുടേയും പരിസ്ഥിതിയുടെയും ഫലമായി വളരെ പ്രതികൂലമായ അവസ്ഥാവിശേഷങ്ങളുണ്ടാകുന്നു. കഴിഞ്ഞ ചില ദിവസങ്ങളായി ഭാരതത്തിന്റെ ചില ഭാഗങ്ങളില്‍, വിശേഷിച്ചും അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗുജറാത്ത്, രാജസ്ഥാന്‍, ബംഗാളിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ അതിവര്‍ഷം കാരണം ജനങ്ങള്‍ക്ക് വിപത്തുകള്‍ അനുഭവിക്കേണ്ടി വന്നു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിരന്തരമായി നിരീക്ഷണം നടക്കുന്നുണ്ട്.

വ്യാപകമായ തലത്തില്‍ രക്ഷാ നടപടികള്‍ എടുക്കുന്നു. സാധിക്കുന്നിടത്തൊക്കെ മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ പോകുന്നുമുണ്ട്. സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടേതായ രീതിയില്‍ വെള്ളപ്പൊക്കബാധിതര്‍ക്ക് സഹായം നല്കാനായി സാദ്ധ്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സാമൂഹിക സംഘടനകളും സാംസ്‌കാരിക സംഘടനകളും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന പൗരന്മാരും ഈ പരിതസ്ഥിതിയില്‍ ആളുകളെ സഹായിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നു. ഭാരത സര്‍ക്കാരിന്റെ ഭാഗത്തുനിന്നു സൈനികര്‍, വായുസേന, എന്‍ഡിആര്‍എഫ്, അര്‍ധസൈനിക വിഭാഗങ്ങള്‍ തുടങ്ങിയവരെല്ലാം വെള്ളപ്പൊക്ക ബാധിതരെ സഹായിക്കാന്‍ ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്നു.

വെള്ളപ്പൊക്കം കാരണം ജനജീവിതം വളരെ താറുമാറാകുന്നു. വിളകളും മൃഗസമ്പത്തും, അടിസ്ഥാന സൗകര്യങ്ങളും പാതകളും വൈദ്യുതിയും വാര്‍ത്താവിനിമയോപാധികളും എല്ലാം അപകടത്തിലാകുന്നു. വിശേഷിച്ചും നമ്മുടെ കര്‍ഷകസഹോദരങ്ങള്‍ക്കും വിളവുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വിശേഷിച്ചും വിള ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം സെറ്റില്‍മെന്റ് വേഗം നടത്താന്‍ പദ്ധതികള്‍ ഉണ്ടാക്കിയിരിക്കുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 24×7 (ഇരുപത്തിനാലു മണിക്കൂറും, ആഴ്ചയിലെ ഏഴു ദിവസവും) കണ്‍ട്രോള്‍റൂം ഹെല്പ് ലൈന്‍ നമ്പര്‍ 1078 നിരന്തരം പ്രവര്‍ത്തിക്കുന്നു. ആളുകള്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ പറയുന്നു.

വര്‍ഷകാലത്തിനുമുമ്പ് വളരെയേറെ സ്ഥലങ്ങളില്‍ മോക് ഡ്രില്‍ നടത്തി മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും തയ്യാറാക്കി. എന്‍ഡിആര്‍എഫ് ടീമിനെ നിയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ അപകടസഹായ സൗഹൃദസംഘങ്ങളുണ്ടാക്കണം, അവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും സംബന്ധിച്ച് പരിശീലനം നല്കണം, സന്നദ്ധപ്രവര്‍ത്തകരെ നിശ്ചയിക്കണം, ജനങ്ങളുടെ കൂട്ടായ്മയുണ്ടാക്കി ഇത്തരം പരിതസ്ഥിതികളെ നേരിടണം. ഇപ്പോള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച കാരണവും അന്തരീക്ഷശാസ്ത്രത്തിലുണ്ടായ പുരോഗതികൊണ്ടും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഏകദേശം കൃത്യമായി ലഭിക്കുന്നുണ്ട്. കാലാവസ്ഥാ സൂചനയനുസരിച്ച് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ സമയക്രമം നിശ്ചയിക്കുത് സാവധാനം ഒരു സ്വഭാവമാക്കി മാറ്റിയാല്‍ നമുക്ക് വലിയ നാശനഷ്ടങ്ങളില്‍ നിന്നു രക്ഷപ്പെടാം.

ഞാന്‍ മന്‍ കീ ബാത്തിനായി തയ്യാറെടുക്കുമ്പോള്‍ കാണുത് നാട്ടിലെ പൗരന്മാര്‍ എന്നെക്കാളധികം അതിനു തയ്യാറെടുക്കുന്നു എന്നതാണ്. ഇപ്രാവശ്യം ജി.എസ്.ടിയെക്കുറിച്ചാണ് വളരെയേറെ കത്തുകളും ഫോണ്‍ വിളികളുമെത്തിയത്. ആളുകള്‍ ഇപ്പോഴും ജിഎസ്ടിയെക്കുറിച്ച് സന്തോഷം പ്രകടിപ്പിക്കുന്നു, ജിജ്ഞാസയും വ്യക്തമാക്കുന്നു. ഒരു ഫോകോള്‍ ഇപ്രകാരമായിരുന്നു.

‘നമസ്‌കാരം പ്രധാനമന്ത്രിജീ ഞാന്‍ ഗുഡ്ഗാവില്‍ നിന്നും നീതു ഗര്‍ഗ്ഗാണു സംസാരിക്കുത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തില്‍ അങ്ങു നടത്തിയ പ്രസംഗം ഞാന്‍ കേട്ടു. അതെന്നെ വളരെയേറെ സ്വാധീനിച്ചു. അതേപോലെ കഴിഞ്ഞമാസം ഇന്നേ ദിവസം ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി) ആരംഭിച്ചു. സര്‍ക്കാര്‍ പ്രതീക്ഷിച്ചതുപോലെയുള്ള ഫലമാണോ ഒരു മാസത്തിനുശേഷം കാണാനാകുന്നത് എന്ന് അങ്ങയ്ക്കു പറയാനാകുമോ? ഇതെക്കുറിച്ച് അങ്ങയുടെ അഭിപ്രായം അറിയാനാഗ്രഹിക്കുന്നു. നന്ദി.’

ജിഎസ്ടി നടപ്പിലാക്കിയിട്ട് ഏകദേശം ഒരു മാസമായി, അതിന്റെ ഫലം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ജിഎസ്ടി കാരണം ഒരു ദരിദ്രന് ആവശ്യമുള്ള സാധനങ്ങളുടെ വില കുറഞ്ഞു. സാധനങ്ങള്‍ക്കു വിലക്കുറവുണ്ട് എന്നു കേള്‍ക്കുമ്പോള്‍ എനിക്കു വളരെ സന്തോഷം തോന്നുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍, വിദൂരസ്ഥ പര്‍വ്വത പ്രദേശങ്ങളില്‍, വനപ്രദേശത്തു താമസിക്കുന്ന ഒരു വ്യക്തി, വിലാസം ശരിയാണോ എെന്നനിക്ക് ഭയം തോന്നിയിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി എന്നും പറഞ്ഞ് കത്തെഴുതുമ്പോള്‍ കാര്യങ്ങള്‍ പഴയതിലും ലളിതമായി എന്നെനിക്കു തോന്നുന്നു.

ട്രാന്‍സ്‌പോര്‍ട്ട്-ലോജിസ്റ്റിക് സെക്ടറില്‍ ജിഎസ്ടിയുടെ സ്വാധീനമെങ്ങനെയെന്നു കാണുകയായിരുന്നു. ട്രക്കുകളുടെ പോക്കുവരവുകള്‍ വര്‍ധിച്ചിരിക്കുന്നു. ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തെത്തുന്നതില്‍ സമയം എത്ര കുറയുന്നു എന്നും ഹൈവേകളിലെ തിരക്കെത്ര കുറഞ്ഞുവെന്നും കാണുന്നു. ട്രക്കുകളുടെ വേഗതയേറിയതു കാരണം മലിനീകരണം കുറഞ്ഞിരിക്കുന്നു. സാധനങ്ങള്‍ വേഗം ലക്ഷ്യങ്ങളിലെത്തുന്നു. ഈ സൗകര്യങ്ങളൊക്കെയുണ്ട്, പക്ഷേ, അതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും ഗതിവേഗമേറുന്നു. നേരത്തെ വെവ്വേറെ നികുതിഘടനയുണ്ടായിരുന്നതു കാരണം ട്രാന്‍സ്‌പോര്‍ട്ട്-ലോജിസ്റ്റിക് സെക്ടറില്‍ കടലാസുപണികള്‍ വളരെയധികമായിരുന്നു. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പുതിയ പുതിയ വെയര്‍ഹൗസുകള്‍ ഉണ്ടാക്കേണ്ടിയിരുന്നു.

ഗുഡ് ആന്റ് സിംപിള്‍ ടാക്‌സ് എന്നു ഞാന്‍ പറയാനാഗ്രഹിക്കുന്ന ജിഎസ്ടി കാരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ വളരെ അനുകൂലമായ സ്ഥിതിവിശേഷമുണ്ടായി, അതും വളരെ കുറഞ്ഞ സമയംകൊണ്ട്. ഇതിലൂടെ എത്ര വേഗതയിലാണോ ലളിതമായ രീതിയില്‍ മാറ്റം നടന്നത്, എത്ര വേഗമാണോ ഒരു രീതിയില്‍ നിന്നു മറ്റൊന്നിലേക്ക് മാറിയത്, പുതിയ രജിസ്‌ട്രേഷനുകള്‍ നടന്നത് അതിലൂടെ ഈ രാജ്യം മുഴുവന്‍ ഒരു പുതിയ വിശ്വാസം രൂപപ്പെട്ടിരിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ സാമ്പത്തിക വിദഗ്ധര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍, സാങ്കേതികവിദഗ്ധര്‍ ഭാരതത്തിലെ ജിഎസ്ടി നടപ്പിലാക്കലിനെക്കുറിച്ച് ലോകത്തിനുമുന്നില്‍ ഒരു മാതൃകയായി കണ്ട് ഗവേഷണം നടത്തി പ്രബന്ധം രചിക്കും എന്നെനിക്ക് വിശ്വാസമുണ്ട്.

ലോകത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും വേണ്ടി ഒരു കേസ് സ്റ്റഡി രൂപപ്പെടും. കാരണം ഇത്രയും വലിയ അളവില്‍ ഇത്രയും വലിയ മാറ്റം, ഇത്രയും കോടിക്കണക്കിന് ആളുകളുടെ പങ്കുചേരലോടുകൂടി ഇത്രയും വലിയ ഒരു രാജ്യത്ത് അതു നടപ്പിലാക്കി വിജയകരമായി മുേന്നറുക എന്നതുതന്നെ നമ്മെ വിജയത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു. ലോകം തീര്‍ച്ചയായും ഇതെക്കുറിച്ചു പഠിക്കും. ഈ ജിഎസ്ടി നടപ്പിലാക്കുന്നതില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കുണ്ട്, എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്തവുമുണ്ട്. എല്ലാ തീരുമാനങ്ങളും സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് ഐകകണ്‌ഠ്യേനയാണ് എടുത്തത്. അതുകൊണ്ടാണ് ജിഎസ്ടി കാരണം ദരിദ്രന്റെ പാത്രത്തിന് ഭാരമേറരുത് എന്ന കാര്യത്തിനാണ് എല്ലാ സര്‍ക്കാരുകളും മുന്‍ഗണന നല്കിയത്.

ജിഎസ്ടി നടപ്പിലാക്കുന്നതിനു മുമ്പ് ഒരു സാധനത്തിന് എന്തു വിലയുണ്ടായിരുന്നു, അതിന് പുതിയ സാഹചര്യത്തിയില്‍ എന്തു വിലയാകും എന്ന് ജിഎസ്ടി ആപ്പിലൂടെ അറിയാനാകും. ‘ഒരു രാജ്യം- ഒരു നികുതി’ എന്ന എത്ര വലിയ സ്വപ്നമാണു സഫലമായത്. ഗ്രാമത്തില്‍ മുതല്‍ കേന്ദ്രത്തില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ എങ്ങനെ അധ്വാനിച്ചു, എത്ര അര്‍പ്പണബോധത്തോടെ ജോലി ചെയ്തു, സര്‍ക്കാരും വ്യാപാരികളും തമ്മില്‍, സര്‍ക്കാരും ഉപഭോക്താക്കളും തമ്മില്‍ എത്ര സൗഹാര്‍ദ്ദപൂര്‍ണ്ണമായ അന്തരീക്ഷം രൂപപ്പെട്ടു, അവരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ എത്ര വലിയ പങ്കാണു വഹിച്ചത് എന്ന് ജിഎസ്ടിയുടെ കാര്യത്തില്‍ എനിക്കു കാണാന്‍ സാധിച്ചു.

ഈ കാര്യത്തിലേര്‍പ്പെട്ട എല്ലാ മന്ത്രാലയങ്ങളെയും, എല്ലാ വകുപ്പുകളെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ എല്ലാ ഉദ്യോഗസ്ഥരെയും ഹൃദയപൂര്‍വ്വം ഞാന്‍ അഭിനന്ദിക്കുന്നു. ജിഎസ്ടി ഭാരതത്തിന്റെ സാമൂഹിക ശക്തിയുടെ വിജയത്തിന്റെ ഒരു ഉത്തമോദാഹരണമാണ്. ഇതൊരു ചരിത്രനേട്ടമാണ്. ഇത് കേവലം നികുതി പരിഷ്‌കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്‌കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ്. ഒരു തരത്തില്‍ ഇത് സാമൂഹിക പരിഷ്‌കരണത്തിന്റെ മുന്നേറ്റമാണ്. ഇത്രയും വലിയ പരിശ്രമത്തെ വിജയത്തിലെത്തിച്ചതിന് കോടിക്കണക്കായ ദേശവാസികള്‍ക്ക് ഞാന്‍ വീണ്ടും കോടാനുകോടി പ്രണാമങ്ങളര്‍പ്പിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ആഗസ്റ്റ് മാസം വിപ്ലവത്തിന്റെ മാസമാണ്. ഇതു നാം കുട്ടിക്കാലം മുതല്‍ കേട്ടുപോരുന്നതാണ്. 1920 ആഗസ്റ്റ് 1ന് നിസ്സഹകരണ സമരം ആരംഭിച്ചു, 1942 ആഗസ്റ്റ് 9ന് ഭാരത് ഛോഡോ ആന്ദോളന്‍ (ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ്) തുടങ്ങി. ഇതു ആഗസ്റ്റ് ക്രാന്തി എന്ന പേരില്‍ അറിയപ്പെടുന്നു. 1947 ആഗസ്റ്റ് 15 ന് രാജ്യം സ്വതന്ത്രമായി. ഇങ്ങനെ ആഗസ്റ്റ് മാസത്തില്‍ പല സംഭവങ്ങള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായി ഉണ്ട്. ഈ വര്‍ഷം നാം ഭാരത് ഛോഡോ ആന്ദോളന്റെ (ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ) എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുകയാണ്. എന്നാല്‍ ഡോ.യുസുഫ് മെഹര്‍ അലി ആണ് ‘ഭാരത് ഛോഡോ’ എന്ന മുദ്രാവാക്യം നൽകിയത് എന്ന് വളരെ കുറച്ച് ആളുകള്‍ക്കേ അറിയൂ. 1942 ആഗസ്റ്റ് 9ന് എന്തു സംഭവിച്ചു എന്നു നമ്മുടെ പുതിയ തലമുറ അറിയണം. 1857 മുതല്‍ 1942 വരെ സ്വാതന്ത്ര്യവാഞ്ഛയുമായി ജനങ്ങള്‍ ഒത്തുചേര്‍ന്നു, പ്രയത്‌നിച്ചു, കഷ്ടപ്പാടുകള്‍ അനുഭവിച്ചു.

ചരിത്രത്തിന്റെ ഏടുകള്‍ ഭവ്യമായ ഭാരതനിര്‍മ്മിതിക്കുള്ള പ്രേരണയാണു നമുക്കേകുന്നത്. സ്വാതന്ത്ര്യസമരവീരന്മാര്‍ ത്യാഗവും തപസ്സും അനുഷ്ഠിച്ചു, ബലിദാനം നടത്തി എന്നതിനേക്കാള്‍ വലിയ പ്രേരണയെന്താണുള്ളത്. ഭാരത് ഛോഡോ ആന്ദോളന്‍ ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെ ഒരു മഹത്തായ പോരാട്ടമായിരുന്നു. ഈ സമരം ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു മോചനത്തിനായുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തിനു പ്രേരണയായി. ഇംഗ്ലീഷ് ഭരണത്തിനെതിരെ ഭാരതത്തിന്റെ ജനമനസ്സ് ഒരുമിച്ചു.

ഹിന്ദുസ്ഥാന്റെ ഓരോ മൂലയിലും ഗ്രാമങ്ങളിലും നഗരങ്ങളിലും സാക്ഷരരും നിരക്ഷരരും ദരിദ്രനും സമ്പന്നനുമെല്ലാം തോളോടുതോള്‍ ചേര്‍ന്ന് ഭാരത് ഛോഡോ ആന്ദോളനില്‍ ഭാഗഭാക്കുകളായി. ജനരോഷം പാരമ്യത്തിലെത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ആഹ്വാനപ്രകാരം ലക്ഷക്കണക്കിന് ഭാരതീയര്‍ ”പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക” എന്ന മന്ത്രവുമായി ജീവിതത്തെ പോരാട്ടത്തിന് അര്‍പ്പിക്കുകയായിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ തങ്ങളുടെ പഠനമുപേക്ഷിച്ചു, പുസ്തകങ്ങളുപേക്ഷിച്ചു. സ്വാതന്ത്ര്യത്തിന്റെ കാഹളം കേട്ട് അവര്‍ ഇറങ്ങിപ്പുറപ്പെട്ടു. ആഗസ്റ്റ് 9ന് മഹാത്മാ ഗാന്ധി ഭാരത് ഛോഡോ എന്ന ആഹ്വാനം പുറപ്പെടുവിച്ചുവെങ്കിലും വലിയ നേതാക്കന്മാരെയെല്ലാം ഇംഗ്ലീഷ് ഭരണകൂടം ജയലിലടച്ചിരുന്നു. ആ കാലത്താണ് രാജ്യത്തെ രണ്ടാം തലമുറ നേതൃത്വത്തില്‍പ്പെട്ട ഡോ.ലോഹ്യയെയും ജയപ്രകാശ് നാരായണനെയും പോലുള്ള മഹാപുരുഷന്മാര്‍ മുന്നണിപ്പടയാളികളായത്.

നിസ്സഹകരണ സമരവും ഭാരത് ഛോഡോ ആന്ദോളനും 1920ലും 1942ലും മഹാത്മാഗാന്ധിയുടെ രണ്ടു വ്യത്യസ്ഥ രൂപങ്ങള്‍ കാണിച്ചുതന്നു. നിസ്സഹകരണസമരത്തിന്റെ രൂപവും ഭാവവും വ്യത്യസ്ഥമായിരുന്നു. 1942ല്‍ മഹാത്മാഗാന്ധിയെപ്പോലുള്ള മഹാത്മാവിന് ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മന്ത്രമുദ്‌ഘോഷിക്കേണ്ട സ്ഥിതിയാകും വിധം സമരതീവ്രത വര്‍ധിച്ചിരുന്നു. ഈ വിജയത്തിന്റെയെല്ലാം പിന്നില്‍ ജനപിന്തുണയുണ്ടായിരുന്നു, ജനങ്ങളുടെ കഴിവുണ്ടായിരുന്നു, ജനങ്ങളുടെ ദൃഢനിശ്ചയമുണ്ടായിരുന്നു, ജനങ്ങളുടെ പോരാട്ടമുണ്ടായിരുന്നു. രാജ്യം മുഴുവന്‍ ഒത്തൊരുമയോടെ പോരാടി. ചരിത്രത്തിന്റെ ഏടുകളെ കൂട്ടിച്ചേര്‍ത്തു നോക്കിയാലെങ്ങനെ എന്നു ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.

ആദ്യത്തെ സ്വാതന്ത്ര്യസമരം 1857ല്‍ നടന്നു. അന്നു തുടങ്ങിയ സമരം 1942 വരെ അനുനിമിഷം രാജ്യത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗങ്ങളില്‍ നടന്നുകൊണ്ടേയിരുന്നു. ഈ നീണ്ട കാലഘട്ടം ജനങ്ങളുടെ മനസ്സില്‍ സ്വാതന്ത്ര്യവാഞ്ഛ ജനിപ്പിച്ചു. എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ മനസ്സുറപ്പിച്ചവരായി. തലമുറകള്‍ കടന്നുപോയെങ്കിലും ദൃഢനിശ്ചയത്തിന് കുറവുണ്ടായില്ല. ആളുകള്‍ വന്നു, പങ്കുചേര്‍ന്നു, പോയി, പുതിയ ആളുകള്‍ വന്നു, പുതിയവര്‍ ചേര്‍ന്നു… ഇംഗ്ലീഷ് ഭരണകൂടത്തെ പിഴുതെറിയുന്നതിന് രാജ്യം അനുനിമിഷം പ്രയത്‌നിച്ചുകൊണ്ടിരുന്നു. 1857 മുതല്‍ 1942 വരെ നടന്ന ഈ പരിശ്രമം, ഈ സമരത്തെ 1942ല്‍ അതിന്റെ പാരമ്യത്തിലെത്തിച്ചു. 5 വര്‍ഷത്തിനുള്ളില്‍ 1947ല്‍ ഇംഗ്ലീഷുകാര്‍ക്കു ഇന്ത്യവിട്ടുപോകേണ്ടി വരും വിധമുള്ള കാഹളമാണ് ‘ഭാരത് ഛോഡോ’യിലൂടെ മുഴങ്ങിയത്. 1857-1942 കാലഘട്ടത്തില്‍ സ്വാതന്ത്ര്യവാഞ്ഛ എല്ലാ ജനങ്ങളിലുമെത്തി. 1942 -1947 അഞ്ചു വര്‍ഷം. ദൃഢനിശ്ചയം നേടിയെടുക്കാനുള്ള ജനമനസ്സു രൂപപ്പെട്ടു. നിര്‍ണ്ണായകമായ വര്‍ഷങ്ങളായി. അത് വിജയപൂര്‍വ്വം സ്വാതന്ത്ര്യം നേടാനുള്ള കാരണമായി മാറി. ഈ അഞ്ചുവര്‍ഷങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.

ഞാന്‍ നിങ്ങളെ ഇതിന്റെ ഗണിതവുമായി ബന്ധിപ്പിക്കാനാഗ്രഹിക്കുന്നു. 1947ല്‍ നമുക്കു സ്വാതന്ത്ര്യം കിട്ടി. ഇന്ന് 2017 ആണ്. ഏകദേശം 70 വര്‍ഷങ്ങളായി. സര്‍ക്കാരുകള്‍ വന്നു പോയി. വ്യവസ്ഥിതികള്‍ രൂപപ്പെട്ട്, മാറി. വളര്‍ന്നു, മുന്നേറി. രാജ്യത്തെ പ്രശ്‌നങ്ങളില്‍ നിന്നു മോചിപ്പിക്കാന്‍, ദാരിദ്ര്യം അകറ്റാന്‍, വികസനത്തിനായി ശ്രമങ്ങള്‍ നടന്നു. എല്ലാവരും അവരവരുടേതായ രീതിയില്‍ പരിശ്രമിച്ചു. വിജയങ്ങളുണ്ടായി. പ്രതീക്ഷകളും ഉണര്‍ന്നു. 1942 മുതല്‍ 1947 വരെ ദൃഢനിശ്ചയം നേടിയെടുക്കാനുള്ള നിര്‍ണ്ണായക വര്‍ഷങ്ങളായിരുന്നതുപോലെ. 2017 മുതല്‍ 2022 വരെ ദൃഢനിശ്ചയത്തോടെ ലക്ഷ്യം നേടിയെടുക്കാനുള്ള, അഞ്ചുവര്‍ഷങ്ങള്‍ നമ്മുടെ മുന്നിലെത്തിയിരിക്കയാണ്.

2017ലെ ആഗസ്റ്റ് 15 നമുക്ക് ദൃഢനിശ്ചയത്തിനുള്ള അവസരമായി ആഘോഷിക്കാം. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍ നാം ഈ ലക്ഷ്യം നേടിയെടുക്കുക തന്നെ വേണം. നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങള്‍ ആഗസ്റ്റ് 9 എന്ന വിപ്ലവദിനത്തെ ഓര്‍ത്തുകൊണ്ട് വ്യക്തിയെന്ന നിലയിലും പൗരനെന്ന നിലയിലും ഈ ദൃഢനിശ്ചയമെടുക്കണം – ഞാന്‍ രാജ്യത്തിനുവേണ്ടി, ഇതു ചെയ്യും, കുടുംബമെന്ന നിലയില്‍ ഇതു ചെയ്യും, സമൂഹമെന്ന നിലയില്‍ ഇതു ചെയ്യും, ഗ്രാമവും നഗരവുമെന്ന നിലയില്‍ ഇതു ചെയ്യും, സര്‍ക്കാര്‍ വകുപ്പെന്ന നിലയില്‍ ഇതു ചെയ്യും, സര്‍ക്കാരെന്ന നിലയില്‍ ഇതു ചെയ്യും. കോടിക്കണക്കിന് നിശ്ചയങ്ങളുണ്ടാകട്ടെ. കോടിക്കണക്കിന് നിശ്ചയങ്ങള്‍ സഫലീകരിക്കാന്‍ ശ്രമിക്കാം. എങ്കില്‍ 1942 മുതല്‍ 1947 വരെയുള്ള അഞ്ചുവര്‍ഷം സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നതുപോലെ 2017 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷം ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളവും നിര്‍ണ്ണായകമാകാം. നിര്‍ണ്ണായകമാക്കണം നമുക്ക്.

അഞ്ചു വര്‍ഷത്തിനുശേഷം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കും. അക്കാര്യത്തില്‍ നാം ഒരു ദൃഢനിശ്ചയമെടുക്കണം. 2017 നമ്മുടെ സ്വപ്നവര്‍ഷമാകണം. ഈ ആഗസ്റ്റ്മാസത്തിലെ ദൃഢനിശ്ചയത്തിന്റെ ഭാഗമാകണം. നാം തീരുമാനിക്കണം – മാലിന്യം – ഇന്ത്യ വിടുക, ദാരിദ്ര്യം – ഇന്ത്യ വിടുക, അഴിമതി – ഇന്ത്യ വിടുക, വര്‍ഗ്ഗീയത – ഇന്ത്യ വിടുക. ഇന്ന് പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതല്ല ആവശ്യം മറിച്ച് പുതിയ ഭാരതസ്വപ്നവുമായി ചേരുക എന്നതാണ്, വിജയം നേടാനായി മനസ്സും ശരീരവുമര്‍പ്പിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. ഈ സ്വപ്നവുമായി ജീവിക്കണം, പരിശ്രമിക്കണം.

വരൂ, ഈ ആഗസ്റ്റ് 8 ന് സ്വപ്നസാക്ഷാത്കാരത്തിനായി മഹത്തായ മുന്നേറ്റം നടത്താം. ഓരോ ഭാരതവാസിയും, സാമൂഹിക സംഘടനകളും, പ്രാദേശിക ഭരണസംവിധാനങ്ങളും, സ്‌കൂളുകളും, കോളജുകളും, വിവിധ സംഘടനകളും എല്ലാവരും പുതിയ ഭാരതത്തിനായി എന്തെങ്കിലും ദൃഢനിശ്ചയമെടുക്കുക. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിച്ചു കാണിക്കാനാകുന്ന എന്തെങ്കിലും തീരുമാനമെടുക്കണം. യുവസംഘടനകള്‍, വിദ്യാര്‍ഥിസംഘടനകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘനകള്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക ചര്‍ച്ചകള്‍ സംഘടിപ്പിക്കാവുന്നതാണ്. പുതിയ പുതിയ ആശയങ്ങളെ മുന്നോട്ടു കൊണ്ടുവരാം. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം എവിടെയെത്തണം? ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ സംഭാവന എന്താകാം? വരൂ, ഈ ദൃഢനിശ്ചയമെടുക്കുന്നതിന് നമുക്കണിചേരാം.

ഞാന്‍ വിശേഷിച്ചും ഓണ്‍ലൈന്‍ ലോകത്തുള്ള യുവാക്കളായ സുഹൃത്തുക്കളെ ക്ഷണിക്കയാണ്. പുതിയ ഭാരതനിര്‍മ്മിതിക്കായി പുതുമയുള്ള സംഭാവനകള്‍ നൽകാനായി മുന്നോട്ടു വരുക. ഓണ്‍ലൈന്‍ ലോകത്തുള്ളവര്‍ എവിടെയാണെങ്കിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു… സാങ്കേതികവിദ്യ ഉപയോഗിച്ച്, വീഡിയോ, പോസ്റ്റ്, ബ്ലോഗ്, ലേഖനം, പുതിയ പുതിയ ആശയങ്ങള്‍ ഇവയുമായി മുന്നോട്ടുവരൂ. ഈ ലക്ഷ്യത്തെ ഒരു ജനമുന്നേറ്റമാക്കി മാറ്റൂ. നരേന്ദ്രമോദി ആപ്പിലും യുവാക്കള്‍ക്കായി ക്വിറ്റിന്ത്യാ ക്വിസ് ആരംഭിക്കുന്നതാണ്. ഈ പ്രശ്‌നോത്തരി യുവാക്കളെ രാജ്യത്തിന്റെ അഭിമാനകരമായ ചരിത്രവുമായി ബന്ധിപ്പിക്കുന്നതിനും സ്വാതന്ത്ര്യസമരനായകരെ പരിചയപ്പെടുത്തുന്നതിനുമുള്ള ശ്രമമാണ്. നിങ്ങളിതിന് തീര്‍ച്ചയായും വ്യാപകമായ പ്രചാരം നൽകുകയും ആളുകളിലെത്തിക്കുകയും ചെയ്യണം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ആഗസ്റ്റ് 15 ന് രാജ്യത്തിന്റെ പ്രധാന സേവകനെ നിലയില്‍ ചുവപ്പുകോട്ടയില്‍ നിന്നു രാജ്യത്തെ അഭിസംബോധനചെയ്യാന്‍ എനിക്ക് അവസരം കിട്ടുന്നു. ഞാനൊരു നിമിത്തം മാത്രമാണ്. അവിടെ ഒരു വ്യക്തിയല്ല സംസാരിക്കുന്നത്. ചുവപ്പുകോട്ടയില്‍ നിന്നു രാജ്യത്തെ നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ സ്വരമാണു മുഴങ്ങുന്നത്. അവരുടെ സ്വപ്നങ്ങളെ ഞാന്‍ വാക്കുകളിലാക്കാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ആഗസ്റ്റ് 15ന് പ്രസംഗിക്കുവാനായി എനിക്ക് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ലഭിക്കുന്നു. ഏതൊക്കെ പ്രശ്‌നങ്ങളാണു പറയേണ്ടതെന്നു സൂചിപ്പിക്കുന്നു.

ഇപ്രാവശ്യവും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. മൈ ഗവ് ആപ്പില്‍ അല്ലെങ്കില്‍ നരേന്ദ്രമോദി ആപ്പില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും അറിയിക്കൂ. ഞാന്‍ സ്വയം അതു വായിക്കുകയും ആഗസ്റ്റ് 15 ന് ലഭ്യമാകുന്നിടത്തോളം സമയംകൊണ്ട് അവയെക്കുറിച്ചു പറയാന്‍ ശ്രമിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു പ്രാവശ്യവും ആഗസ്റ്റ് 15 ലെ പ്രസംഗത്തെക്കുറിച്ച് എനിക്കു ലഭിക്കാറുള്ള പരാതി പ്രസംഗം കുറച്ച് നീണ്ടു പോകുന്നു എതാണ്. അതുകൊണ്ട് കുറച്ച് ചെറുതാക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങേയറ്റം 40-45-50 മിനിട്ടില്‍ തീര്‍ക്കണമെന്നു വിചാരിക്കുന്നു. ഞാന്‍ എന്റെതായ രീതിയില്‍ അങ്ങനെ തീരുമാനിച്ചിരിക്കുെന്നങ്കിലും അതു സാധിക്കുമോ ഇല്ലയോ എന്നറിയില്ല. പ്രസംഗം ചെറുതാക്കാന്‍ ശ്രമിക്കാന്‍ നിശ്ചയിച്ചിരിക്കയാണ്. സാധിക്കുന്നോ ഇല്ലയോ എന്നു കാണാം.

പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ഒരു കാര്യം കൂടി പറയാനാഗ്രഹിക്കുന്നു. ഭാരതത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ഒരു സാമൂഹിക ധനതത്വശാസ്ത്രമുണ്ട്. അതിനെ നാം ഒരിക്കലും വിലകുറച്ചു കാണരുത്. നമ്മുടെ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ ഒക്കെ സന്തോഷിക്കാനുള്ള അവസരങ്ങള്‍ മാത്രമല്ല. നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളും സാമൂഹികപരിഷ്‌കരണത്തിന്റെ ശ്രമങ്ങളാണ്. എങ്കിലും അതോടൊപ്പം എല്ലാ ആഘോഷങ്ങളും ദരിദ്രരുടെ സാമ്പത്തിക ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടവയാണ്. അല്പദിവസങ്ങള്‍ക്കകം രക്ഷാബന്ധന്‍, ജന്മാഷ്ടമി… പിന്നെ ഗണേശോത്സവം, അതിനുശേഷം ചൗഥ് ചന്ദര്‍, പിന്നെ അനന്തചതുര്‍ദശി, ദുര്‍ഗ്ഗാ പൂജ, ദീപാവലി തുടങ്ങിയവ ഒന്നിനുപിറകെ ഒന്നായി വരും.

ഇത് ദരിദ്രര്‍ക്ക് സാമ്പത്തികമായി വരവുണ്ടാക്കാന്‍ അവസരമേകുന്നു. ഈ ആഘോഷങ്ങളില്‍ സ്വാഭാവികമായ ഒരു ആനന്ദവും ഉണ്ട്. ആഘോഷങ്ങള്‍ ബന്ധങ്ങള്‍ക്ക് മധുരം പകരുന്നു, കുടുംബത്തില്‍ സ്‌നേഹവും സമൂഹത്തില്‍ സാഹോദര്യവും കൊണ്ടുവരുന്നു. വ്യക്തിയെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു. വ്യക്തിയില്‍ നിന്നു സമഷ്ടിയിലേക്കുള്ള സഹജമായ യാത്ര നടക്കുന്നു. എന്നില്‍ നിന്ന് നമ്മളിലേക്ക് പോകാനുള്ള അവസരമായി മാറുന്നു. സാമ്പത്തിക വ്യവസ്ഥിതിയുടെ കാര്യം പറഞ്ഞാല്‍ രക്ഷാബന്ധനിന്റെ പല മാസങ്ങള്‍ക്കു മുമ്പു മുതല്‍തന്നെ നൂറുകണക്കിന് കുടുംബങ്ങളില്‍ ചെറിയ ചെറിയ കുടില്‍വ്യവസായങ്ങളില്‍ രാഖികളുണ്ടാക്കാന്‍ തുടങ്ങുന്നു. ഖാദിമുതല്‍ പട്ടുനൂല്‍ പരെ എത്രയോ തരത്തിലുള്ള രാഖികള്‍ ഉണ്ടാക്കുന്നു! ഇപ്പോള്‍ വീടുകളിലുണ്ടാക്കുന്ന അതായത് ഹോംമേഡ് രാഖികള്‍ ഇഷ്ടപ്പെടുന്നവരാണേറെയും. രാഖികളുണ്ടാക്കുവര്‍, രാഖികള്‍ വില്ക്കുന്നവര്‍, മധുരപലഹാരങ്ങള്‍ വില്ക്കുന്നവര്‍ തുടങ്ങി ആയിരക്കണക്കിന് തൊഴിലുകള്‍ ഈ ആഘോഷവുമായി ബന്ധപ്പെടുന്നു.

നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരുടെ കുടുംബങ്ങള്‍ ഇതുകൊണ്ടാണു ജീവിക്കുന്നത്. നാം ദീപാവലിക്ക് ദീപങ്ങള്‍ കത്തിക്കുന്നു- അതൊരു പ്രകാശത്തിന്റെ ആഘോഷം മാത്രമല്ല… അത് ആഘോഷം മാത്രമോ വീടുകള്‍ അലങ്കരിക്കലോ മാത്രവുമല്ല. അതു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നത് മണ്ണുകൊണ്ടുള്ള ചിരാതുകള്‍ നിര്‍മ്മിക്കുന്ന ദരിദ്ര കുടുംബങ്ങളുമായിട്ടാണ്. എന്നാല്‍ ഇന്നു ഞാന്‍ ആഘോഷങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട ദരിദ്രരുടെ സാമ്പത്തികനിലയെക്കുറിച്ചും പറയുമ്പോള്‍ അതോടൊപ്പം പരിസ്ഥിതിയുടെ കാര്യവും കൂടി പറയാനാഗ്രഹിക്കുന്നു.

എന്നെക്കാള്‍ ഈ രാജ്യത്തെ ജനങ്ങള്‍ ജാഗരൂകരാണെന്നും അധികം പ്രവര്‍ത്തനനിരതരാണെന്നും ചിലതു കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. കഴിഞ്ഞ ഒരു മാസമായി പരിസ്ഥിതിയെക്കുറിച്ചു ജാഗരൂകരായ പൗരന്മാര്‍ എനിക്കു കത്തുകളെഴുതുന്നു. അവര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത് ഗണേശചതുര്‍ഥിയില്‍ പരിസ്ഥിതി സൗഹൃദ ഗണേശനെക്കുറിച്ച് മുന്‍കൂട്ടി പറയണമെന്നും ആളുകള്‍ മണ്ണുകൊണ്ടുള്ള ഗണേശനെ ഇഷ്ടപ്പെടാന്‍ ഇപ്പോഴേ പദ്ധതിയിടാന്‍ അവസരമുണ്ടാകണമെന്നുമാണ്. ഞാന്‍ ഇങ്ങനെ ജാഗ്രതയുള്ള പൗരന്മാരോട് കടപ്പെട്ടിരിക്കുന്നു. മുന്‍കൂട്ടി ഇക്കാര്യം പറയണമെന്ന് അവര്‍ അഭ്യര്‍ഥിക്കുന്നു.

ഇപ്രാവശ്യം പൊതു ഗണേശോത്സവത്തിന് വിശേഷാല്‍ പ്രാധാന്യമുണ്ട്. ലോകമാന്യ തിലകനാണ് ഈ മഹത്തായ ആഘോഷം തുടങ്ങിവച്ചത്. ഇത് പൊതു ഗണേശോത്സവത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാര്‍ഷികമാണ്. നൂറ്റിയിരുപത്തിയഞ്ചു വര്‍ഷവും നൂറ്റിയിരുപത്തിയഞ്ചു കോടി ജനങ്ങളും- ലോകമാന്യ തിലകന്‍ സമൂഹത്തിന്റെ ഐക്യവും സമൂഹത്തില്‍ ഉണര്‍വ്വും ഉണ്ടാക്കുന്നതിനും സമൂഹികമായ സംസ്‌കാരം രൂപപ്പെടുന്നതിനും ഒരു സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ഗണേശോത്സവം ആരംഭിച്ചു. ഗണേശോത്സവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം പ്രബന്ധ, ലേഖന മത്സരങ്ങള്‍ നടത്തണം, ചര്‍ച്ചാ സമ്മേളനങ്ങള്‍ നടത്തണം, ലോകമാന്യതിലകന്റെ സംഭാവനകള്‍ ഓര്‍മ്മിക്കണം. തിലകന്റെ സങ്കല്പത്തിനനുസരിച്ചുള്ള പാതയിലൂടെ ഗണേശോത്സവത്തെ എങ്ങനെ കൊണ്ടുപോകണം എന്നു ചിന്തിക്കണം. ആ സങ്കല്പത്തെ എങ്ങനെ വീണ്ടും ശക്തമാക്കാം എന്നാലോചിക്കണം.

അതോടൊപ്പം പരിസ്ഥിതിയുടെ രക്ഷയ്ക്കായി പരിസ്ഥിതി സൗഹൃദ ഗണേശന്‍, മണ്ണുകൊണ്ടുണ്ടാക്കിയ ഗണേശനായിരിക്കണം നമ്മുടെ ആലോചനയില്‍ ഉണ്ടാകേണ്ടത്. ഇപ്രാവശ്യം ഞാനിതു മുന്‍കൂട്ടി പറയുകയാണ്. നിങ്ങളേവരും ഇക്കാര്യത്തില്‍ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ഇത് ഇതിന്റെ ശില്പികള്‍ക്കും ദരിദ്രരായ കലാകാരന്മാര്‍ക്കും സഹായമാകും. വിഗ്രഹങ്ങളുണ്ടാക്കുന്നതിലൂടെ അവര്‍ക്കു തൊഴില്‍ ലഭിക്കും. ദരിദ്രരുടെ വയര്‍ നിറയും. വരൂ, നമുക്കു നമ്മുടെ ആഘോഷങ്ങളെ ദരിദ്രരുമായി ബന്ധിപ്പിക്കാം, ദരിദ്രരുടെ സാമ്പത്തിക നിലയുമായി ബന്ധിപ്പിക്കാം, നമ്മുടെ ആഘോഷത്തിന്റെ സന്തോഷം ദരിദ്രരുടെ സാമ്പത്തിക ആഘോഷമാക്കാം. ഇതിനു നാം ശ്രമിക്കണം. ഞാന്‍ എല്ലാ ദേശവാസികള്‍ക്കും വരാനിരിക്കുന്ന വിവിധതരം ആഘോഷങ്ങള്‍ക്ക്, ഉത്സവങ്ങള്‍ക്ക് അനേകാനേകം മംഗളാശംസകള്‍ നേരുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാട്ടിലെ വിദ്യാഭ്യാസമേഖലയാണെങ്കിലും സാമ്പത്തിക മേഖലയാണെങ്കിലും സാമൂഹികരംഗമാണെങ്കിലും സ്‌പോര്‍ട്‌സ് മേഖലയാണെങ്കിലും നമ്മുടെ രാജ്യത്തെ പെണ്‍കുട്ടികള്‍ രാജ്യത്തിനു കീര്‍ത്തിയേകുന്നതും, ഉയരങ്ങള്‍ താണ്ടുന്നതും നാം നിരന്തരം കാണുന്നു. നമുക്ക്, ഈ നാട്ടിലെ ജനങ്ങള്‍ക്ക് നമ്മുടെ പെണ്‍കുട്ടികളുടെ പേരില്‍ അഭിമാനം തോന്നുന്നു. കഴിഞ്ഞ ദിവസം നമ്മുടെ പെണ്‍കുട്ടികള്‍ മഹിളാ ക്രിക്കറ്റ് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എനിക്ക് ഈ ആഴ്ചയില്‍ ആ പെണ്‍കുട്ടികളുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. എനിക്കു വളരെ സന്തോഷം തോന്നി, എങ്കിലും ലോകകപ്പ് ജയിക്കാനായില്ലെന്നതില്‍ അവര്‍ക്കു വളരെ നിരാശയുണ്ടെന്നു മനസ്സിലായി.

അവരുടെ മുഖത്ത് ആ സമ്മര്‍ദ്ദം, സംഘര്‍ഷം പ്രകടമായിരുന്നു. ഞാന്‍ ആ സംസാരത്തില്‍ കാര്യങ്ങളെ മറ്റൊരു തരത്തിലാണ് വിലയിരുത്തിയത്. ഞാന്‍ പറഞ്ഞു, നോക്കൂ, മാധ്യമങ്ങളുടെ ഈ കാലഘട്ടത്തില്‍ പ്രതീക്ഷകള്‍ വളരെയേറെയാണ്. വിജയം ലഭിച്ചില്ലെങ്കില്‍ രോഷമായി മാറുന്ന സ്ഥിതിവിശേഷം. ഭാരതത്തിന്റെ കളിക്കാര്‍ പരാജയപ്പെട്ടാല്‍ ആ കളിക്കാരുടെ നേരെ രാജ്യത്തിന്റെ രോഷം പൊട്ടിപ്പുറപ്പെടുന്ന കളികളും നാം കണ്ടിട്ടുണ്ട്. ചിലര്‍ പരിധികള്‍ ലംഘിച്ച് വേദനിപ്പിക്കുന്ന ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യും.

എന്നാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ ലോകകപ്പ് മത്സരത്തില്‍ ജയിക്കാഞ്ഞപ്പോള്‍ നൂറ്റി ഇരുപത്തിയഞ്ചുകോടി ജനങ്ങളും ആ പരാജയത്തെ സ്വന്തം തോളിലേറ്റിയത് ആദ്യമായി കണ്ടു. അൽപ്പവും ഭാരം ആ പെണ്‍കുട്ടികളുടെ മേല്‍ വീഴാനനുവദിച്ചില്ല. ഇത്രമാത്രമല്ല ആ കുട്ടികളുടെ നേട്ടത്തെ പ്രകീര്‍ത്തിച്ചു, അതില്‍ അഭിമാനം പ്രകടിപ്പിച്ചു. ഇതിനെ സുഖദായകമായ മാറ്റമായി ഞാന്‍ കാണുന്നു. ഞാനവരെ ഇതു ചൂണ്ടിക്കാട്ടുകയും ഇത്രയും ഭാഗ്യം നിങ്ങള്‍ക്കേ ലഭിച്ചുള്ളു എന്നു പറയുകയും ചെയ്തു.

നിങ്ങള്‍ വിജയിച്ചില്ല എന്ന വിചാരം മനസ്സില്‍നിന്നു കളയാന്‍ പറഞ്ഞു. കളി ജയിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ നൂറ്റിയിരുപത്തിയഞ്ചുകോടി ജനങ്ങളുടെ മനസ്സു ജയിച്ചു എന്നു പറഞ്ഞു. രാജ്യത്തിലെ യുവതലമുറ, വിശേഷിച്ചും നമ്മുടെ പെണ്‍കുട്ടികള്‍ യഥാര്‍ഥത്തില്‍ നമ്മുടെ രാജ്യത്തിന്റെ കീര്‍ത്തി വര്‍ധിപ്പിക്കാന്‍ വളരെയേറെ പ്രവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ വീണ്ടും രാജ്യത്തെ യുവതലമുറയെ, വിശേഷിച്ചും നമ്മുടെ പെണ്‍കുട്ടികളെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുു, മംഗളാശംസകള്‍ നേരുന്നു.

പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ ആഗസ്റ്റ് വിപ്ലവത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, ആഗസ്റ്റ് 9 വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, ആഗസ്റ്റ് 15 വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. 2022, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തെക്കുറിച്ചും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. എല്ലാ ദേശവാസികളും ദൃഢനിശ്ചയമെടുക്കുക, എല്ലാ ദേശവാസികളും സ്വപ്നസാക്ഷാത്കാരത്തിനായി 5 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുക. നാം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കെത്തിക്കണം, എത്തിക്കണം, എത്തിക്കണം. വരൂ, നമുക്കൊരുമിച്ചു പോകാം, എന്തെങ്കിലുമൊക്കെ ചെയ്തുമുേന്നറാം. രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന വിശ്വാസത്തോടെ മുന്നേറാം. അനേകം ശുഭാശംസകള്‍. നന്ദി.

664 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close