ന്യൂഡല്‍ഹി : ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. കേസിന്റെ സ്ഥിതിയെ കുറിച്ച് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സുനന്ദപുഷ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ഇതേകുറിച്ച് സിബിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ ഡല്‍ഹി പൊലീസിനോട് കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പോലീസ് സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് തള്ളിയ ഹൈക്കോടതി പൊലീസിനെ വിമര്‍ശിക്കുകയും ചെയ്തു. പൊലീസ് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി എന്തുകൊണ്ടാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കാലതാമസം എടുക്കുന്നതെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു.