മുംബൈ നോർത്ത് സെൻട്രലിൽ ബിജെപിക്കായി ജനവിധി തേടുന്നത് മുംബൈ ഭീകരാക്രമണ (26/11) കേസിൽ അജ്മൽ കസബിന് തൂക്കുകയർ വാങ്ങി നൽകിയ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം. പൂനം മഹാജന് പകരമാണ് പ്രശസ്ത അഭിഭാഷകൻ എത്തുന്നത്.ഇൻഡി സഖ്യത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി വർഷ ഗെയ്ക്വാദാണ് മുഖ്യ എതിരാളി. 2014 ൽ നടനും കോൺഗ്രസ് നേതാവുമായ സുനിൽ ദത്തിന്റെ മകൾ പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജൻ ലോക്സഭയിലെത്തിയത്. 2019ലും പൂനത്തിന് വിജയം ആവർത്തിക്കാൻ കഴിഞ്ഞിരുന്നു.
അഭിഭാഷകവൃത്തിയിൽ നിരവധി പ്രശസ്തമായ കേസുകളിൽ പബ്ലിക് പ്രോസിക്യൂട്ടറായ ആളാണ് ഉജ്ജ്വൽ. 1993 ബോംബൈ ബോംബിംഗ്, ഗുൽഷൻ കുമാർ കൊലപാതക കേസ്, പ്രമോദ് മഹാജൻ കൊലക്കേസ്, 2008 ലെ മുംബൈ ആക്രമണം, 2013ലെ കൂട്ട ബലാത്സംഗം എന്നിവയിലും വാദികൾക്ക് വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട്. 2016 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.