Special

രാമസിംഹന്റെ മണ്ണിൽ ജനരക്ഷായാത്ര എത്തുമ്പോൾ

ചുവപ്പൻ ജിഹാദി ഭീകരർക്കെതിരെ ജനരക്ഷാ യാത്ര മലപ്പുറത്തെ മണ്ണിലെത്തുമ്പോൾ മറക്കാൻ കഴിയാത്ത ഒരു പേരാണ് ഉണ്യേൻ സാഹിബ് എന്ന രാമസിംഹൻ .
ഭാരതത്തിൽ മതനിരപേക്ഷതയുടെ മേൽ മൗലികവാദത്തിന്റെ ആയുധം കൊണ്ട് മുറിവേറ്റത് ഇന്നോ ഇന്നലെയോ അല്ല എന്നതിന്റെ കേരളത്തിലുള്ള ഉദാഹരണങ്ങളിലൊന്നാണ് ഉണ്യേൻ സാഹിബ് രാമസിംഹനായതും പിന്നീട് ഇസ്ളാമിക മതമൗലികവാദികളാൽ ദാരുണമായി കൊലചെയ്യപ്പെട്ടതും

കിളിയമണ്ണിൽ തെക്കേ പള്ളിയാളി വീട്ടിൽ മൊയ്തുസാഹിബിന്റെ മൂത്ത മകൻ ഉണ്ണ്യേൻ സാഹിബ് 1905കളിലാണ് മലാപ്പറമ്പിലെത്തുന്നത്. അങ്ങാടിപ്പുറം അംശം പരിയാപുരം ദേശത്തിൽ കുണ്ടറയ്ക്കൽ തറവാട്ടു വക 600 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് പരീക്ഷണാർത്ഥം റബ്ബർ കൃഷി ചെയ്യുകയായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് കൃഷിരീതി അവലംബിച്ചു കൊണ്ടുള്ള റബ്ബർ കൃഷിയായിരുന്നു ഉണ്ണ്യേൻ സാഹിബ് തൊണ്ണൂറു വർഷത്തേയ്ക്കു പാട്ടത്തിനെടുത്ത ഭൂമിയിൽ അവലംബിച്ചു പോന്നത്.

മലാപ്പറമ്പിലെ മനോഹരമായ ഒരു കുന്നിൻ മുകളിൽ ഒരു എട്ടുകെട്ടു പണിത് അവിടെ ഉണ്ണ്യേൻ സാഹിബ് താമസമാക്കി. താൻ പാട്ടത്തിനെടുത്ത അറുനൂറ് ഏക്കറിനുള്ളിലുണ്ടായിരുന്ന നരസിംഹമൂർത്തി ക്ഷേത്രം ഉണ്ണ്യേൻ സാഹിബിനെ സ്വാധീനിച്ചിരുന്നു. ഒപ്പം ഹൈന്ദവരായ സുഹൃത്തുക്കളുമായുള്ള സഹവാസവും കൂടിയായപ്പോൾ, ഉണ്ണ്യേൻ സാഹിബ് ഹിന്ദുധർമ്മത്തെ അടുത്തറിയുകയും, ശ്രേഷ്ഠമായ സനാതനധർമ്മത്തെ പുൽകി, രാമസിംഹൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. രാമസിംഹന്റെ അനുജൻ ആലിപ്പൂവും ഇസ്ലാമിക ജീവിതമാർഗ്ഗം വെടിഞ്ഞ് ദയാസിംഹൻ എന്ന പേരു സ്വീകരിച്ചു.

അനുജനെക്കൂടാതെ, രാമസിംഹന്റെ രണ്ടു മക്കളും, സനാതനധർമ്മം സ്വീകരിച്ച് ഫത്തേസിംഗ്, സ്വരാവർ സിംഗ് എന്നിങ്ങനെ പേരുകൾ സ്വീകരിച്ചു.
600 ഏക്കറിനുള്ളിൽ നിലകൊണ്ടിരുന്ന ക്ഷേത്രത്തിലെ പ്രധാന ദേവതയായ നരസിംഹസ്വാമിയുടെ ഭക്തനായി മാറിക്കഴിഞ്ഞിരുന്ന രാമസിംഹൻ, ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിലം പൊത്തിയ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്തി നിത്യനിദാനങ്ങൾ ഭംഗിയായി പുനരാരംഭിച്ചു. ഇതു കൂടാതെ, തന്റെ ഇളയസഹോദരൻ, ദയാസിംഹനെ, ഷോഡശസംസ്കാരപ്രകാരം, ഉപനയനം ചെയ്ത് നരസിംഹൻ നമ്പൂതിരി എന്ന പേരു നൽകി, പുഴക്കാട്ടിരി കൊട്ടുവാടി മംഗലത്തു മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മകൾ കമല അന്തർജ്ജനത്തെക്കൊണ്ട് വേളിയും കഴിപ്പിച്ചു.

അങ്ങനെ ആ കുടുംബം സമ്പൂർണ്ണ ഹൈന്ദവസംസ്കൃതിയിൽ തുടരാൻ ആരംഭിക്കുകയായിരുന്നു. അക്കാലത്ത് (ഇക്കാലത്തും) അത്യപൂർവ്വമായ ഈ സംഭവം ആ പ്രദേശമാകെ സംസാരവിഷയമായിരുന്നു.

എന്നാൽ, ഈശ്വരസേവയിൽ പുലർന്ന ആ ജീവിതങ്ങൾ അധികകാലം നീണ്ടു നിന്നില്ല. 1947 ആഗസ്റ്റ് രണ്ടിന് അർദ്ധരാത്രിയിൽ, മലാപ്പറമ്പിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ വച്ച് ആ കുടുംബം ദാരുണമായി കൊല ചെയ്യപ്പെട്ടു. രാമസിംഹൻ, നരസിംഹൻ, കമല അന്തർജനം, അവിടുത്തെ പാചകക്കാരൻ രാജു അയ്യർ എന്നിവരെ നിഷ്ഠൂരമായി വെട്ടി കൊല ചെയ്യുകയായിരുന്നു. അതേസമയം, ആ വീട്ടിലുണ്ടായിരുന്ന കമല അന്തർജ്ജനത്തിന്റെ അമ്മയും, കുട്ടികളും കൊലയാളികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു.

കേസ് അന്വേഷിച്ചത് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടറായിരുന്ന കേശവമേനോനാണ്. സാക്ഷികളും, തെളിവുകളും ധാരാളമുണ്ടായിരുന്ന കേസിൽ ഒൻപതു പേരടങ്ങുന്ന കൊലയാളിസംഘമാണ് അറസ്റ്റിലായത്. നാണത്ത് കുഞ്ഞലവി, മൊട്ടേങ്ങൽ മൊയ്തൂട്ടി എന്നിവരായിരുന്നു അൻപതംഗ കൊലയാളിസംഘത്തിന്റെ നേതാക്കൾ. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ, ഇവരെക്കൂടാതെ രാമസിംഹന്റെ ഭാര്യാപിതാവ് കല്ലടി ഉണ്ണിക്കമ്മു തുടങ്ങിയ ചിലർക്കും പങ്കുള്ളതായി കേശവ മേനോന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.

മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുധർമ്മം സ്വീകരിച്ചതു മാത്രമായിരുന്നു രാമസിംഹനോടും കുടുംബത്തോടും ഈ കൊടും ക്രൂരത ചെയ്യാനുള്ള കാരണം. ആ നിർദ്ദോഷ കുടുംബത്തെ തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ അക്രമിസംഘം, എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുറകിലൂടെ, കുന്നിറങ്ങി പലവഴി പിരിഞ്ഞ് ഒളിസ്ഥലങ്ങളിൽ അഭയം തേടി. പോയ വഴിയിലുപേക്ഷിച്ച, കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കുളത്തൂരിനടുത്തുള്ള മുതലക്കോട്ട് കുളത്തിൽ നിന്നും പിന്നീട് പൊലീസ് കണ്ടെടുത്തു.

സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികൾ, പക്ഷേ മദ്രാസ് ഹൈക്കോടതിയുടെ ആനുകൂല്യത്തിൽ നിരുപാധികം രക്ഷപ്പെട്ടു.
ആ കുടുംബം ഛിന്നഭിന്നമാക്കിയിട്ടും കലിയടങ്ങാത്ത, മതവെറിയുടെ മനുഷ്യരൂപമാർന്ന അവർ രാമസിംഹന്റെ എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിച്ചു. രാമസിംഹൻ ജീർണ്ണോദ്ധാരണം ചെയ്ത് ഉപാസിച്ചു പോന്ന നരസിംഹമൂർത്തിക്ഷേത്രം ഇടിച്ചു നിരത്തി. നാലമ്പലവും, ശ്രീകോവിലുമുൾപ്പെടെ പൊളിച്ചടുക്കിയ അവർ തടിയും, ഓടുമടക്കമുള്ളവ കൊള്ളയടിക്കുകയും, ക്ഷേത്രവിഗ്രഹങ്ങൾ തകർത്ത് ക്ഷേത്രക്കുളത്തിലും, കിണറ്റിലുമിട്ട്, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്ത് അതിട്ടു മൂടുകയും ചെയ്തു.

ടിപ്പു സുൽത്താൻ വരുത്തിത്തീർത്ത നാശനഷ്ടങ്ങൾ, പ്രദേശവാസികളായ ഇവർ ചേർന്ന് പൂർണ്ണമാക്കുകയായിരുന്നു. കേവലം മതവെറി തീർത്ത നിന്ദ്യവും, നീചവും, അധഃപ്പതിച്ചതുമായ ഈ കൊടും ക്രൂരതയിലൂടെ, മതേതരചിന്താഗതിയ്ക്ക് എന്നും പ്രശോഭനമായ ഉദാഹരണമായിരുന്ന കേരളത്തിന്റെ മനഃസ്സാക്ഷിയ്ക്കു മുന്നിൽ മനുഷ്യരക്തം കൊണ്ട് ചോദ്യചിഹ്നം വരച്ചു ചേർത്ത സംഭവത്തിനായിരുന്നു, സ്വാതന്ത്ര്യത്തിന്റെ നറുനിലാവിലേയ്ക്ക് ആദ്യപാദമൂന്നുന്ന കേരളസമൂഹം സാക്ഷ്യം വഹിച്ചത്.

ഉദാത്തവും, ഉദാരവുമായ ഒരു സംസ്കൃതി സമ്മാനിച്ച ദയാവായ്പിൽ നിന്നുമാണ് ഇവിടെ ആദ്യത്തെ അധിനിവേശം ആരംഭിക്കുന്നതെന്ന ചരിത്ര സത്യത്തിനു മേൽ മൗലികവാദത്തിന്റെ തീക്ഷ്ണകരങ്ങൾ കൊണ്ട് ചിന്തിയ രക്തം, കേവലം കുറേ മനുഷ്യരുടേതല്ലായിരുന്നു. മറിച്ച്, പങ്കു വച്ചു ജീവിക്കാനും, ഇഷ്ടമുള്ളത് ആചരിക്കാനുമുള്ള അനിഷേദ്ധ്യമായ അവകാശത്തെ പഠിപ്പിച്ച ഒരു സംസ്കാരത്തിന്റെ ഹത്യയായിരുന്നു. ഒരു സമൂഹത്തിന്റെ സഹവർത്തിത്വത്തിന്റെയും, സഹിഷ്ണുതയുടേയും, സഹാനുഭൂതിയുടേയും മൃദുലഭാവങ്ങൾക്കുമേൽ ശിലാഭിത്തികൾ തീർക്കുകയായിരുന്നു ആ മതവെറി പൂണ്ട അധമജന്മങ്ങൾ.

ഇന്ന് പെൺകുട്ടികളെ ആസൂത്രിതമായി മതം മാറ്റിയും മതം മാറിയവരെക്കൊണ്ട് സ്വന്തം അച്ഛനും അമ്മയും നരകത്തിൽ പോകുമെന്ന് പറയിപ്പിക്കുന്നതുമായ അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. എന്റേതുമാത്രം ശരിയെന്ന അസഹിഷ്ണുത ലഘുലേഖകളായി വീടുകളിൽ പോലും എത്തുന്ന കാലത്താണ് ഈ അപകടം ചൂണ്ടിക്കാട്ടി ജനരക്ഷായാത്ര നടക്കുന്നത്. അതു തന്നെയാണ് ഈ യാത്രയുടെ പ്രസക്തിയും.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close