ജയസൂര്യ രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ ആനിമേഷൻ ഗാനം പുറത്തിറങ്ങി. നാല് കൊമ്പുള്ള കുഞ്ഞാന എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനൻ ആണ്.
ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ സ്വീകാര്യതയായിരുന്നു ട്രെയിലറിന് ലഭിച്ചത്.
കേരളത്തിലെ വെള്ളം ലോകമാർക്കറ്റിൽ ഇറക്കാനുള്ള ജോയി താക്കോൽക്കാരന്റെ ശ്രമവുമായാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എത്തുന്നത്. പുണ്യാളൻ വെള്ളം എന്ന പേരിലാണ് പുതിയ പ്രൊഡക്ട് മാർക്കറ്റിലെത്തിക്കുന്നത്.
അജു വര്‍ഗീസ്, ജയരാജ് വാര്യര്‍, ധര്‍മ്മജന്‍, ശ്രീജിത് രവി, ആര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇവരുടെ വിതരണ കമ്പനിയായ പുണ്യാളൻ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
2013ൽ ആയിരുന്നു ആനപ്പിണ്ടത്തിൽ നിന്നും ബിസിനസ് നടത്തുന്ന ജോയി താക്കോൽക്കാരനും കൂട്ടരും പുണ്യാളൻ അഗർബത്തീസുമായി എത്തിയത്.















