NewsMovieEntertainment

ആടട്ടെ ജിമിക്കി കമ്മൽ, കാലവും…

സുബീഷ് തെക്കൂട്ട്


ഓർക്കുന്നുണ്ടോ ഹവാ ഹവാ യേ ഹവാ ഖുശ് ബു ലുടാദെ എന്ന ഹിന്ദി ഗാനം. 1987ൽ പുറത്തിറങ്ങിയ ചാലിസ് ചൗരാസി എന്ന ചിത്രത്തിൽ ഹസൻ ജഹാംഗീർ ആലപിച്ച ഈ ഗാനം അന്ന് രാജ്യത്തെയാകെ നൃത്തമാടിച്ചു. ഹവാ ഹവാ കേട്ട് ആടിത്തിമിർക്കാൻ വേണ്ടി മാത്രം ആൾക്കൂട്ടം ഗാനമേളകളിൽ ഇരമ്പിയാർത്തു. 1994ലാണ് തമിഴിൽ കാതലൻ പുറത്ത് വരുന്നത്. മുക്കാല മുക്കാബലയുമായി എ ആർ റഹ്മാൻ. പ്രഭുദേവക്കൊപ്പം ഇളകി മറിഞ്ഞു പ്രായഭേദമെന്യേ ഏവരും. മലയാളത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ രാമായണക്കാറ്റ്. പിന്നെയും ഏറെക്കാലത്തിന് ശേഷം കള്ളക്കടക്കണ്ണെറിഞ്ഞ് ലജ്ജാവതിയുമായി ജാസി ഗിഫ്‍റ്റ്. അങ്ങിനെയങ്ങിനെ അസംഖ്യം ഗാനങ്ങൾ, പല ഭാഷകളിലായി, പലരിൽ നിന്നായി, പല കാലങ്ങളിൽ സംഭവിച്ചു.

അർത്ഥം തേടി പോയാൽ അസംബന്ധമെന്ന് ലളിതമായി നിരൂപിക്കാവുന്നതാണ് പലതും. രാമായണക്കാറ്റോ, അങ്ങിനെയൊരു കാറ്റുണ്ടോ എന്ന് ടി പി ശാസ്തമംഗലം മട്ടിൽ സിംപിളായി ചോദിച്ചിട്ടുണ്ട് അന്നും പലരും. കിലുക്കത്തിലെ കിലുകിൽ പമ്പരം മറന്നു കാണില്ല ആരും. വാൽസല്യമോ പ്രണയമോ എന്ന് വേർതിരിച്ചറിയാൻ ഒട്ടും സാധ്യമാകാത്ത മുഖഭാവത്തോടെ ലാലേട്ടൻ രേവതിയെ പാട്ടു പാടിയുറക്കുന്ന ഊട്ടിയിലെ മഞ്ഞണിഞ്ഞ ആ രാത്രിയും ആ രംഗവും എങ്ങിനെ മറക്കാനാണ്. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കിടേഷ് ആണ് സംഗീതം നൽകിയത്.

കിലുകിൽ പമ്പരം തിരിയും മാനസം, അറിയാതമ്പിളീ മയങ്ങൂ വാവാവോ എന്ന് തുടങ്ങുന്ന ഗാനത്തെ, കുറെ വാക്കുകൾ ചേർത്തുവെച്ച് ഒരു പാട്ടുണ്ടാക്കി എന്നല്ലാതെ പ്രത്യേകിച്ച് വരികൾക്ക് ഒരർത്ഥവുമില്ല എന്ന വിമർശനത്തോടെ നേരിട്ടവർ ഏറെ. എങ്കിലും 26 വർഷങ്ങൾക്കിപ്പുറത്തും പല രാത്രികളിലും നാം പ്രണയിനിയെ ചേർത്തു പിടിച്ചും അല്ലാതെയും അറിയാതെ പാടി പോകുന്നുണ്ട് പ്രണയത്തിന്‍റെ, വാൽസല്യത്തിന്‍റെ, വശ്യതയുടെ ആ കിലുകിൽ പമ്പരം. അതാണ് കാര്യം.

മോശം വരികളാകാം, പക്ഷെ, സംഗീതവും ആ മൂഡും നമ്മെ തൊട്ടുണർത്തുന്നതാകാം. മുക്കാല മുക്കാബലയും രാമായണക്കാറ്റും ലജ്ജാവതിയും ഒടുവിൽ ജിമിക്കി കമ്മലും അർത്ഥം തിരഞ്ഞു പോയാൽ തികഞ്ഞ അസംബന്ധമെന്ന് തോന്നിപ്പിക്കുകയും അതേസമയം കാലത്തെ നൃത്തമാടിക്കുകയും ചെയ്ത ഗാനങ്ങളാണ്.

ദേശവും കാലവും ലോകമാകെയും സഞ്ചരിക്കുന്നത് പല സങ്കീർണ്ണതകളിലൂടെയാണല്ലോ. രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ, അതിർത്തി തർക്കങ്ങൾ, പരിഹാരമില്ലാതെ നീളുന്ന വംശീയ കലാപങ്ങൾ, തുടരുന്ന അഭയാർത്ഥി പ്രവാഹം, കൂട്ടക്കൊലകൾ, ആത്മഹത്യകൾ. ഇതിനെല്ലാമിടയിലേക്കാണ് ഒരു പാട്ട് വന്ന് വീഴുന്നത്. അന്നേരം എല്ലാം മറന്നവർ ആടുകയാണ്, പാടുകയാണ്, ആനന്ദിക്കുകയാണ്. അതിനിടയിൽ എന്തിന് അർത്ഥം തിരഞ്ഞ് വെറുതെ വിരസരാകണം എന്നും പാവങ്ങൾ കരുതിക്കാണണം.

അവരെ അവരുടെ പാട്ടിന് വിട്ടേക്ക് എന്ന് പറയുന്നതല്ലേ നല്ലത്. എത്ര വെടിയുണ്ടകൾ ആഞ്ഞു തറച്ചാലും മരിച്ചു വീഴാത്ത നായകനെ നമിക്കുന്ന ജനത പാവങ്ങളാണ്. നിസ്സഹായതയും ദാരിദ്രവും നിറഞ്ഞ അവരുടെ നിത്യ ജീവിതത്തിന്‍റെ ശമിക്കാത്ത ദാഹങ്ങളാണ് തിയേറ്ററിൽ ആ രണ്ടര മണിക്കൂറിൽ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നത്. അവിടെ എന്ത് യുക്തി, നായകൻ പാടുന്ന പാട്ടിലെ വരികൾക്ക് എന്തർത്ഥം..?

സങ്കടങ്ങൾക്കും സംഘർഷങ്ങൾക്കും മീതെ തികച്ചും യുക്തിരഹിതം എന്ന് തോന്നാമെങ്കിലും ചില പാട്ടുകൾ വിജയം നേടുന്നത് ഇങ്ങിനെയാണ്. ജിമിക്കി കമ്മൽ തന്നെ നോക്കൂ, കലാലയങ്ങളിലെയും ഐടി സ്ഥാപനങ്ങളിലെയും യുവത്വം മാത്രമല്ല, അടുക്കളയിൽ അമ്മമാരും കാതിൽ കടുക്കനിട്ട മുത്തശ്ശിമാരും കൂടിയാടുന്ന ദൃശ്യങ്ങൾ പതിയെ പതിയെ വൈറലാകുന്നത് നാം കണ്ടല്ലോ, കണ്ടാനന്ദിച്ചല്ലോ.

ജാതി, മതം, ദേശം, പ്രായം എന്നീ അളവുമാപിനികൾ ഭേദിച്ച് ഒരു ഗാനം ഏവരുടെയും അരുമയാവുക, ആ ഗാനത്തിനൊപ്പം ഏവരും ചുവടുവെക്കുക എന്നത് അത്ര നിസാരമല്ല. അപ്പോഴും അതിനെ വിമർശിക്കാം, പക്ഷെ പരിഹസിക്കുന്നത് അത്ര ആരോഗ്യപരമല്ല എന്നാണെന്‍റെ പക്ഷം.

https://www.youtube.com/watch?v=yQK4mEiiPko

അസ്വസ്ഥതകൾ വിട്ട് ആനന്ദകരമെന്ന് തോന്നുന്നവയിൽ അവർ അഭിരമിക്കട്ടെ. ഒരു പാട്ടിൽ ഒന്നിച്ചൊരു നൃത്തമായി കാലം കൈകോർക്കുന്നത് കാണാൻ എന്ത് രസമാണ്. അതിനിടയിൽ, ആരുടെ ജിമിക്കി കമ്മൽ, ആരുടെ ബ്രാണ്ടിക്കുപ്പി, ആര് കട്ടു കൊണ്ടുപോയി എന്നിങ്ങനെ നീളുന്ന അന്വേഷണം, ഗവേഷണം എത്ര വിരസം, ‘ചിന്താ’ശൂന്യം…

649 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close