തിരുവനന്തപുരം : കോര്‍പ്പറേഷനിലെ പട്ടികജാതി വനിത കൗണ്‍സിലര്‍ ലക്ഷ്മിയെ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മേയര്‍ വി.കെ. പ്രശാന്തിനെതിരെ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവെയ്ക്കണമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
പട്ടികജാതി പീഡനക്കേസില്‍ പ്രതിയായ മേയറെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പട്ടികജാതിമോര്‍ച്ച നഗരസഭയിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെ ദളിത് സ്നേഹം കാപട്യമാണ്. ലക്ഷ്മിയെ നിരന്തരമായി മേയര്‍ ജാതീയമായി അധിക്ഷേപിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്നു. കൗണ്‍സിലില്‍ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. സംസ്ഥാനത്ത് സി.പി.എം ഭരണത്തില്‍ ദളിത് പീഢനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. ജനപ്രതിനിധികളുടെ സുരക്ഷിതത്വംപോലും നഷ്ടപ്പെട്ടു.
ചരിത്രത്തിലാദ്യമായാണ് ഒരു മേയര്‍ ദളിത് പീഡനക്കേസില്‍ പ്രതിയാകുന്നത്. അദ്ദേഹത്തെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതിനുപകരം മേയറെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നത്. ഇത് അവസാനിപ്പിക്കണം ഒ.രാജഗോപാല്‍ പറഞ്ഞു.
കൗണ്‍സിലറായ അന്നു മുതല്‍ മേയര്‍ ജാതീയമായി തന്നെ അധിക്ഷേപിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച കൗണ്‍സിലര്‍ ലക്ഷ്മി പറഞ്ഞു. തന്റെ ഓഫീസ് നിരവധിതവണ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. തന്റെ മകന്റെ പഠിത്തം നിര്‍ത്തേണ്ട സാഹചര്യവും ഉണ്ടായി. നഗരസഭ കൗണ്‍സിലില്‍ സംസാരിക്കാന്‍ എഴുന്നേക്കുമ്പോള്‍ മേയര്‍ മൈക്ക് ഓഫ് ചെയ്യും. സംവണത്തില് വന്നവരാണെന്ന് പറഞ്ഞ് അപമാനിച്ചു. ഇങ്ങനെ തുടര്‍ച്ചയായി നിരന്തര പീഡനമാണ് മേയറുടെ ഭാഗത്തുനിന്നുണ്ടായിട്ടുളളത്. അദ്ദേഹത്തെ അറസ്റ്റുചെയ്യണമെന്നും അവര്‍ പറഞ്ഞു.
ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ്പ്രസിഡന്റ് തഴവ സഹദേവന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ജനറല്‍സെക്രട്ടറി സി.എ.പുരുഷോത്തമന്, ബി.ജെ.പി. സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. പി.പി.വാവ, പട്ടികജാതിമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. സ്വപ്നജിത്, ജില്ലാ പ്രസിഡന്റ് മുട്ടത്തറ പ്രശാന്ത്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, ജെ.ആര്.പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.