Columns

പലിശ കൊടുത്താൽ മഹല്ല് വിലക്കുമോ…??

ജാമിദ ടീച്ചർ


കേരളത്തിലെ ഇസ്ലാമിക ആൺകോയ്മയുടെ ഉപദേശങ്ങളും ബഹിഷ്കരണങ്ങളുമൊക്കെ ഭയങ്കര രസമാണ് .സ്ത്രീകളുമായി ബന്ധപ്പെട്ട അനിസ്ലാമികമെന്ന് തോന്നുന്ന എല്ലാറ്റിനെയും അവർ ഉപദേശിച്ച് നന്നാക്കും, വേണ്ടിവന്നാൽ ബഹിഷ്കരണം വരെ ഉണ്ടാവും .എന്നാൽ പുരുഷന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കാര്യമായ എതിർപ്പൊന്നും ഉണ്ടാവാറില്ല താനും.

പൗരോഹിത്യ ഇസ്ലാമിലെ പുരുഷ പണ്ഡിത കേസരിമാരുടെ ആൺ അധികാരത്തിന് ഭീഷണിയാവുന്ന എന്തിനെയും അവർ ഒന്നുകിൽ ഉപദേശിച്ച് അല്ലെങ്കിൽ ഭീഷണിപ്പെടുത്തിയോ അടിച്ചമർത്തിയിരിക്കും .എന്നാലോ പൗരോഹിത്യ മതത്തിന് ഭീഷണി അല്ലാത്ത യാതൊന്നും അവർക്ക് പ്രശ്നമല്ല താനും. ഉദാഹരണത്തിന് ഒരു മുസ്ലിം പെൺകുട്ടി അന്യ മതസ്ഥന്റെ കൂടെ വിവാഹം കഴിച്ചു ജീവിച്ചാലോ അല്ലെങ്കിൽ ഒരു മുസ്ലിം യുവാവ് വേറെ ഒരു മതത്തിലെ യുവതിയെ കല്യാണം കഴിച്ചാലോ ആ നാട്ടിലെ മഹല്ലിന്റെ ബഹിഷ്കരണം ഉറപ്പാണ്.

കാരണം എന്താണെന്ന് ചോദിച്ചാൽ അവർ സാധാരണയായി പറയാറുള്ളത് ഇസ്ലാമിക വിവാഹ നിയമ പ്രകാരം അല്ലാതെ കല്യാണം കഴിച്ചാൽ അത് വ്യഭിചാരമാണ് ,അല്ലാഹു പറഞ്ഞ ഏഴ് വൻ കുറ്റങ്ങളിൽ പെട്ട കാര്യം ചെയ്തവരെ മഹല്ലിൽ നിർത്തേണ്ട ബാധ്യത ഞങ്ങൾക്ക് ഇല്ല എന്നാണ്. അങ്ങനെയാണെങ്കിൽ ഏഴു വൻ കുറ്റങ്ങളിൽ പെട്ട പലിശ കൊടുക്കുന്നവനും വാങ്ങുന്നവനും മഹല്ലിൽ നിന്നും പുറത്തു പോകുമോ എന്നു തിരിച്ച് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല, ബബബ അടിക്കും.

പൊന്ന് ബാങ്കിൽ പണയം വെച്ചു പലിശ കൊടുക്കുന്നതും വ്യഭിചാരം ചെയ്യുന്നതും ഇസ്ലാമിന്‍റെ കണ്ണില്‍ വന്‍ കുറ്റം തന്നെയാണ്. എന്നിട്ടും രണ്ട് വിഭാഗം കുറ്റങ്ങളോടും പുരുഷ കേസരികൾ എടുക്കുന്ന സമീപനം രണ്ടും രണ്ടായിരിക്കും. കാരണം ആദ്യത്തേത് പൗരോഹിത്യത്തിന്റെ മുസ്ലിം സമുദായത്തിന്റെ മേലുള്ള ആധിപത്യത്തിന്റെ കടക്കൽ കത്തി വെക്കുന്നതാണ് .വിവാഹം മരണം എന്നിവയൊക്കെയാണ് മുസ്ലിം സമുദായത്തിന്റെ മേൽ പൗരോഹിത്യം പിടിമുറുക്കുന്ന കൈകൾ. അതിനെ അറുത്തു മാറ്റാൻ അവർ ഒരു കാരണവശാലും അനുവദിക്കില്ല .പലിശ കൊടുത്താലെന്ത് വാങ്ങിയാലെന്ത് .മതനിയമങ്ങളൊന്നും അല്ല വലുത്, പൗരോഹിത്യമാണ് ഇവിടെ ഇസ്ലാമിനേക്കാള്‍ വലിയ മതം.

ഏറ്റവും ചെറിയ പലിശയിടപാട് പോലും സ്വന്തം മാതാവിനെ 36 തവണ വ്യഭിചരിക്കുന്നതിന് തുല്യം എന്ന് ഹദീസുകൾ പഠിപ്പിക്കുന്നു. സ്വർണ്ണം പണയം വക്കുന്നവരെയോ ലോൺ എടുക്കുന്നവരെയോ വ്യഭിചാരി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ധൈര്യമുണ്ടോ മതവെറിയന്മാർക്ക്?പുരുഷ പൗരോഹിത്യത്തിന്റെ ഈയൊരു ആൺകോയ്മ സ്വഭാവം അവരുടെ വാലില്‍ തൂങ്ങികളായി നടക്കുന്ന വലിയൊരു വിഭാഗം മുസ്ലിം പുരുഷന്മാരിലും ഉണ്ട് .സ്ത്രീകളുമായി ബന്ധപ്പെട്ട പുരുഷാധിപത്യത്തിന്റ അടിവേരു മാന്തും എന്ന് തോന്നുന്ന യാതൊന്നിനെയും അവർ വെച്ചു പൊറുപ്പിക്കില്ല. സാധ്യമാവുന്ന എല്ലാ മാർഗ്ഗത്തിലൂടെയും അവർ അതിനെ ഇല്ലാതെയാക്കും. അതിന് വേണ്ടതൊക്കെ ചെയ്യാനും അവര്‍ക്ക് അറിയാം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുറച്ചു മുസ്ലിം പെൺകുട്ടികൾ എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി മലപ്പുറം അങ്ങാടിയില്‍ വെച്ച് ഡാൻസ് കളിച്ചതിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങാത്തതിന്റെ കാരണവും ആ പിള്ളേർ പുരുഷാധിപത്യത്തിന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിച്ചത് കൊണ്ടുതന്നെയാണ് . വീട്ടിന് വെളിയിലിറങ്ങുന്ന പെണ്ണിനെ കണ്ടാല്‍ പൗരോഹിത്യത്തിന് കലിപ്പ് ഇളകിയിരിക്കും. അവരെ അഭിനന്ദിച്ചതിൽ ഖത്തറിലുള്ള സൂരജിന്റെ ജോലി ആങ്ങളമാര്‍ ചേര്‍ന്ന് പരാതിയൊക്കെ കൊടുത്ത് ഏകദേശം തെറിപ്പിച്ചിട്ടുണ്ടെന്ന് കേട്ടു.

ഡാൻസ് കളിച്ച ആ പെൺകുട്ടികളെ മുസ്ലിം സമൂഹത്തിലെ ഉപദേശക സമിതിയിലെ ആങ്ങളമാർ ഏറ്റവും കൂടുതൽ വിളിച്ചത് വേശ്യകളും വ്യഭിചാരികളും എന്നാണ്. ചില പ്രയോഗങ്ങൾ കണ്ടു അറപ്പ് തോന്നിയാണ് ഞാന്‍ കമൻറ് വായന നിർത്തിയത് .അത്രയും മോശമായ പ്രയോഗങ്ങളാണ് പലരും നടത്തുന്നത്. ഇവരുടെയൊക്കെ വീട്ടിലെ സ്ത്രീകളുടെ കാര്യം ആലോചിക്കുമ്പോഴാണ് അതിലും സങ്കടം. സ്വാതന്ത്ര്യം എന്താണെന്ന് അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ഹതഭാഗ്യകള്‍.

ചെറിയ പെൺപിള്ളേരെ വേശ്യ എന്ന് വിളിച്ചു ആക്ഷേപിക്കുന്ന ആങ്ങളമാർക്ക് കുറച്ചു പഴയ ഒരു കഥ പറഞ്ഞുതരാം . ഹിജ്റ അഞ്ചാം നൂറ്റാണ്ടിൽ നടന്ന ഒരു യുദ്ധത്തിനിടെ പ്രവാചകന്റെ ഭാര്യയായ ആയിശ (റ) യെയും സഫുവാൻ (റ) ചേർത്ത് മദീനക്കാരായ കുറച്ച് പേര്‍ ചേര്‍ന്ന് വ്യഭിചാര ആരോപണം നടത്തിയിരുന്നു .പ്രവാചകനും ആയിഷാ ബീവിയും അനുയായികളും കുറേ ദിവസം വിഷമഘട്ടത്തിൽ ഇരുന്ന ശേഷം ഖുർആൻ ഇറങ്ങി . സൂറത്തുന്നൂറിലേറെ കുറച്ച് വചനങ്ങൾ അതിന്റെ ഭാഗമായാണ്. അള്ളാഹു പറയുന്നു .

“ചാരിത്ര്യവതികളുടെ മേൽ വ്യഭിചാരം ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ 80 അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവർ തന്നെയാകുന്നു അധർമകാരികൾ” (നൂര്‍ :4)

ചുരുക്കി പറഞ്ഞാൽ വ്യഭിചാരത്തെക്കാള്‍ വലിയ കുറ്റമാണ് ഇസ്ലാമിൽ വ്യഭിചാര ആരോപണം. .എന്നിട്ടും ഒരു ഡാൻസ് കളിച്ചതിന്റെ പേരിൽ പുരുഷ ഉപദേശക സമിതി ആങ്ങളമാർ ആ ചെറിയ പതിനെട്ട് വയസ് എങ്ങാനുമുള്ള പെൺകുട്ടികളെ തെറി വിളിക്കുന്നതിനു കാരണം ഇസ്ലാമിക നിയമങ്ങൾ തെറ്റിച്ചു എന്നുള്ള ബേജാർ ഒന്നുമല്ല, മറിച്ച് ഇവറ്റകളുടെ പുരുഷാധിപത്യത്തിന്റെ ആണികൾ ഇളകും എന്ന തോന്നലിൽ നിന്നും സ്വാഭാവികമായി വരുന്ന പ്രതികരണങ്ങളാണ് മതമേലാളൻമാരുടെയും അവരുടെ മൂടുതാങ്ങികളുടെയും.

അഭിപ്രായം ജനം ടിവിയുടേതല്ല

 ജനം ടിവി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ തീർത്തും  ലേഖകന്റെ മാത്രം അഭിപ്രായമാണ് . ജനം ടിവിയുടെ അഭിപ്രായമല്ല

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close