അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സാമ്പത്തിക സാമുദായിക ഐക്യവും സമ്പൂർണ വികസനവും എടുത്തു കാട്ടുന്നതാണ് പ്രകടന പത്രിക. ഗുജറാത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പത്രിക പുറത്തിറക്കിയത്.
ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ഞാനാണ് ഗുജറാത്ത്, ഞാനാണ് വികസനം എന്ന ബിജെപി യുടെ വികസന മുദ്രാവാക്യം മുഖ്യ അജണ്ടയാക്കിയാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തിക സാമുദായിക ഐക്യവും സമ്പൂർണ വികസനവും എടുത്തു കാട്ടുന്നതാണ് പ്രകടന പത്രിക.
അതേസമയം സാമ്പത്തിക അസ്ഥിരത്വം അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രികയാണ് കോൺഗ്രസിന്റെതെന്ന് പത്രിക പുറത്തിറക്കവെ അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. പട്ടേൽ സാമൂദായത്തിനെ കയ്യിലെടുക്കാനുള്ള വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെന്നും ജെയ്റ്റ്ലി പറഞ്ഞു.
ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച സംസ്ഥാനമാണ് ഗുജറാത്തെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ഗുജറാത്തിന്റെ ആഭ്യന്തര വളർച്ചാ നിരക്ക് 10 ശതമാനത്തോളം വർധിച്ചുവെന്നും അദേഹം കൂട്ടി ചേർത്തു.
അതിനിടെ കോൺഗ്രസിനെയും മണിശങ്കർ അയ്യരെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടി പാകിസ്ഥാനുമായി കൂട്ടു പിടിക്കാൻ മണി ശങ്കർ മടിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്രമോദി സർക്കാരിനെ മാറ്റിയാൽ ഇന്ത്യ പാകിസ്ഥാൻ ബന്ധം എങ്ങനെയാകുമെന്ന് കാട്ടി തരാമെന്ന് കഴിഞ്ഞ ദിവസം മണി ശങ്കർ അയ്യർ പറഞ്ഞിരുന്നു.