Columns

ഗുജറാത്ത് പറയുന്നതെന്ത്

വരികൾക്കിടയിൽ - എസ് ശ്രീകാന്ത്

മൈദ, ഉരുളക്കിഴങ്ങ്‌, ചെന, മസാല, പിന്നെയൊരു തട്ടിക്കൂട്ട്‌ പൊരിപ്പ്‌, ബിഹാറിന്റെ സ്വന്തം സമൂസ റെഡി. ഇനി രാഷ്ട്രീയത്തിലാണെങ്കിലും ബീഹാറിന്‌ ചില ചേരുവകളുണ്ട്‌. ജാതി, കുടുംബ പശ്ചാത്തലം, പണം, പിന്നെയൊരല്‍പം ഗുണ്ടായിസം. രാഷ്ട്രീയം റെഡി. ഒരിക്കല്‍ ഈ രാഷ്ട്രീയ ചേരുവയില്‍ ബിജെപിയെ ഒന്നു വറുത്ത്‌ കോരിയിരുന്നു ബിഹാറില്‍. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്സ്‌, കിട്ടവുന്നത്ര ജാതി സംഘടനകള്‍ തുടങ്ങി എല്ലാവരും ഒത്ത്‌ പിടിച്ചതോടെ ബീഹാറിലെ സുശീല്‍ മോദിക്ക്‌ അടിതെറ്റി.

ഏതാണ്ട്‌ അതേ ചേരുവകളുമായി ഗുജറാത്തിലേക്ക്‌ വണ്ടി കയറിയവര്‍ക്ക്‌ പക്ഷേ അവിടെ നേരിടാനുണ്ടായിരുന്നത്‌ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ സാക്ഷാല്‍ മോദിയെയായിരുന്നു.
പണ്ട്‌ മുതുമുത്തച്ഛന്‍ ഒതുക്കിക്കളഞ്ഞ മഹാരഥന്‍ സര്‍ദ്ദാറിന്റെ മണ്ണില്‍ കഴിവ്‌ തെളിയിക്കാനിറങ്ങിയ രാഹുലിന്‌ ആദ്യം അടി തെറ്റിയത്‌ ക്ഷേത്ര സന്ദര്‍ശനത്തില്‍ കാണിച്ച കപടതയിലൂടെയാണ്‌. പൂണൂലിട്ടിറങ്ങി ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങി ഒടുവില്‍ സോമനാഥ ക്ഷേത്രത്തില്‍ അഹിന്ദുവെന്ന്‌ തുല്യം ചാര്‍ത്തിയതോടെ വോട്ട്‌ ചെയ്യാനിരുന്ന ജനം കാപട്യം തിരിച്ചറിഞ്ഞു. മാത്രമല്ല മൃദു ഹിന്ദുത്വമെന്ന പേരില്‍ മുസ്ലിം വിഭാഗത്തെ റാലികളില്‍ നിന്നും വേദികളില്‍ നിന്നും അകറ്റിയതിന്‌ വലിയ വില നല്‍കേണ്ടിയും വന്നു.

മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ബിജെപി സീറ്റുകള്‍ വാരിക്കൂട്ടുന്നതിന്‌ മാത്രമേ ഇത്‌ ഉപകരിച്ചുള്ളൂ. രണ്ടാമതായി ഒബിസി വിഭാഗം മുഴുവന്‍ തനിക്കൊപ്പമാണെന്ന്‌ നൂറ്റൊന്നാവര്‍ത്തി ആണയിട്ട്‌ മേച്ചില്‍പ്പുറം തേടിയെത്തിയ അല്‍പേഷ്‌ ഠാക്കൂറിനെ കൂടെക്കൂട്ടിയതും പാളി. സ്വയം ജയിച്ച്‌ കയറിയെങ്കിലും അല്‍പേഷ്‌ ഒരു അല്‍പന്‍ മാത്രമാണെന്ന്‌ ബിജെപിക്ക്‌ വോട്ട്‌ ചെയ്‌തതിലൂടെ ആ വിഭാഗത്തില്‍ പെട്ട മറ്റ്‌ വോട്ടര്‍മാര്‍ തെളിയിച്ചു. ദളിത്‌-വനവാസി വിഭാഗങ്ങളുടെ അപ്പോസ്‌തലനായിരുന്നു മറ്റൊരാള്‍. ജിഗ്നേഷ്‌ മേവാനിയെന്നാണ്‌ പേര്‌. തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ കയറാന്‍ മേവാനിക്ക്‌ പറ്റിയെങ്കിലും ദളിത്‌ വനവാസി വിഭാഗങ്ങള്‍ തന്റെ കാപഠ്യത്തിനൊത്ത്‌ തുള്ളില്ലെന്ന്‌ ജിഗ്നേഷെന്ന ദുരൂഹ വ്യക്തിത്വത്തിന്‌ മനസ്സിലായി.

ചോട്ടാ വാസവയെന്ന വനവാസി നേതാവും അവിയല്‍ മുന്നണിക്ക്‌ ആശ്വസിക്കാന്‍ വക നല്‍കിയില്ല. വനവാസി കല്യാണ്‍ ആശ്രമം പോലെയുള്ള സംഘടനകളിലൂടെ ആര്‍എസ്‌എസ്‌ വനവാസികള്‍ക്കിടയില്‍ അടിത്തറ ശക്തിപ്പെടുത്തിയത്‌ അവിയല്‍ മുന്നണിയെ ഈ വിഭാഗത്തിനിടയില്‍ നിലം തൊടാന്‍ അനുവദിച്ചില്ല. പക്ഷേ അത്യന്തം അപകടകരമായ മറ്റൊന്ന്‌ മേവാനിയുടെ ജയത്തിന്‌ പിന്നാലെ ടീസ്റ്റാ സെതല്‍വാദ്‌ എന്ന ദേശവിരുദ്ധരുടെ രാജകുമാരി അഭിനന്ദനം അറിയിച്ച്‌ രംഗത്ത്‌ വന്നതാണ്‌. മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടാണ്‌ മേവാനിയുടെ ഫണ്ടിംഗിന്‌ പിന്നിലെന്ന വാര്‍്‌ത്തയും ശുഭോദര്‍ക്കമല്ല.

അതായത്‌ മേവാനിയെ ചുമന്ന കോണ്‍ഗ്രസ്സ്‌ ഭാവിയില്‍ നാറുമെന്നുറപ്പ്‌.
ഹാര്‍ദ്ദിക്ക്‌ പട്ടേലെന്ന ചെറുപ്പക്കാരനായിരുന്നു രാഹുല്‍ കണ്ടെടുത്ത മറ്റൊരു വജ്രായുധം. ഇത്‌ ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തു. ബിജെപിക്ക്‌ തിരിച്ചടി നേരിട്ടത്‌ പട്ടേല്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളിലാണ്‌. 16 സീറ്റുകള്‍ ബിജെപിക്ക്‌ നഷ്ടമായെങ്കില്‍ അതിന്‌ കാരണവും പട്ടേലരുടെ പിണക്കം തന്നെ. പക്ഷേ ഇതിന്റെ ക്രെഡിറ്റ്‌ പട്ടേല്‍ പ്രക്ഷോഭത്തിന്റെ നായകസ്ഥാനത്ത്‌ ജനം കണ്ട ഹാര്‍ദ്ദിക്കിനോ അയാളെ ഉപയോഗിച്ച രാഹുല്‍ ഗാന്ധിക്കോ അല്ലെന്നൊരു സംസാരമുണ്ട്

വികസനത്തിനായി മോദി ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന പേരില്‍ പോരടിച്ച്‌ പിരിയുകയും അതില്‍ നിന്നും ഉടലെടുത്ത ഈഗോ ശമിപ്പിക്കാന്‍ അവസരം പാര്‍ത്തിരുന്ന്‌ കളിക്കുകയും ചെയ്‌ത മറ്റൊരാൾക്കാണ്. മുന്നണിയില്‍ വരാതെ ഹാര്‍ദ്ദിക്കെന്ന ശിഖണ്ഡിയെ മുന്‍നിര്‍ത്തി ഗുജറാത്തില്‍ 14 ശതമാനം വരുന്ന പട്ടേലന്‍മാരെ ബിജെപിക്കെതിരായ സംവരണ പ്രക്ഷോഭത്തിലേക്ക്‌ തള്ളിവിട്ടത്‌ ഇദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയുടെ ഭാഗമായിരുന്നുവെന്നും വിലയിരുത്തലുണ്ട്‌. കേരളത്തില്‍ നിന്നുള്‍പ്പെടെ ഹാര്‍ദ്ദിക്കിന്‌ പിന്തുണയുമായി ആളുകളെത്തി. പണവും റാലികള്‍ക്ക്‌ ആളുകളെയും നിര്‍ബാധം എത്തിച്ച്‌ നല്‍കപ്പെട്ടു. കോണ്‍ഗ്രസ്സിന്‌ ആശ്വാസം നല്‍കിയ 16 സീറ്റുകള്‍ രാഹുല്‍ ബാബയുടെ കഴിവെന്ന്‌ വാഴ്‌ത്തി കോണ്‍ഗ്രസ്സ്‌ ആസ്ഥാനത്തെ പാണന്‍മാര്‍ പാടിത്തകര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ കളിക്കാരന്‍ പിന്നണിയില്‍ ഊറിച്ചിരിക്കുന്നുണ്ടാവും.

ജിഎസ്‌ടിയും നോട്ട്‌ നിരോധനവും സൂറത്തുള്‍പ്പെടുന്ന ചെറുകിട വ്യവസായ മേഖലയില്‍ ബിജെപിയെ തകര്‍ത്തെറിയുമെന്ന ഗീര്‍വാണമടി അടിപടലെ പാളി. കച്ചവടക്കാര്‍ കട്ടയ്‌ക്ക്‌ കൂടെ നിന്നതോടെ ബിജെപി നില ഭദ്രമാക്കി. ദളിത്‌ പീഡനം, ബീഫ്‌ വിഷയം എന്നിവ ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒതുങ്ങി. പാകിസ്ഥാന്‍ മുന്‍ സൈനിക മേധാവിക്ക്‌ അത്താഴം വിളമ്പി തറനമ്പര്‍ ഇറക്കി നോക്കി തലനരച്ച കോണ്‍ഗ്രസ്സ്‌ നേതാക്കള്‍. കയ്യോടെ പിടിക്കപ്പെട്ടതിനാല്‍ അതും കോണ്‍ഗ്രസ്സിനെ രക്ഷിച്ചില്ല.

വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിതനായ തെരഞ്ഞെടുപ്പ്‌ കൂടിയായിരുന്നു ഇത്തവണത്തേത്‌. കീഴാളന്‍, ചായക്കടക്കാരന്‍ എന്ന്‌ വേണ്ട പ്രകോപിപ്പിച്ച്‌ നേടാന്‍ പരമാവധി നോക്കി അവിയല്‍ മുന്നണി. എല്ലാത്തിലുമുപരി കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക എന്ന പിഴയ്‌ക്കാത്ത നീക്കങ്ങളുമായെത്തിയ അന്താരാഷ്ട്ര സ്‌ട്രാറ്റജിക്‌ ഏജന്‍സിയും മോദിക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞു. മൂക്കും കുത്തി താഴെ വീണ്‌ സ്‌ട്രെച്ചറില്‍ വാരി മാറ്റിയ മറ്റൊരു കൂട്ടര്‍ മാധ്യമങ്ങളാണ്‌. ചുവന്ന്‌ തുടുത്ത മസ്‌തിഷ്‌കവുമായി ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടിംഗിനെത്തിയ ഇക്കൂട്ടര്‍ മോദിയുടെ അവസാനം പ്രവചിച്ചിരുന്നു. അമിത്‌ഷാ കാശിക്ക്‌ പോകുമെന്നും, രാഹുല്‍ ഗുജറാത്ത്‌ പ്രധാനമന്ത്രിയാകുമെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായി. ബാലറ്റിലൂടെ മുഖമടച്ചൊന്ന്‌ കൊടുത്താണ്‌ ഗുജറാത്തി ജനത ഇവരെ തിരിച്ചയച്ചത്‌. മതവും, ജാതിക്കാര്‍ഡും, ദേശവിരുദ്ധ ശക്തികളും, ആഞ്ഞ്‌ പരിശ്രമിച്ചിട്ടും മോദി വീണില്ല. ഒന്നു വിറച്ചത്‌ പിന്നില്‍ നിന്നേറ്റ കുത്തിലൂടെയാണ്‌. 16 സീറ്റുകള്‍ കൈമോശം വരുത്താന്‍ പോന്ന കുത്തായിരുന്നു അത്‌.

ബിജെപി ശ്രദ്ധിക്കേണ്ടത്‌…
…………………………………
ഹിന്ദുത്വത്തില്‍ അധിഷ്ടിതമായ വികസന കാഴ്‌ചപ്പാടാണ്‌ ബിജെപിയുടേതെന്ന്‌ പരസ്യമായി പറഞ്ഞ മോദിയെയാണ്‌ ജനം 2014ല്‍ ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചത്‌. അത്‌ വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും അതൊന്നും ജനം ചെവിക്കൊണ്ടില്ല. പക്ഷേ എവിടെയോ വച്ച്‌ ആ കാഴ്‌ചപ്പാടില്‍ വിള്ളലുണ്ടായി. രണ്ടാമതായി ഘടകക്ഷികളെ അനുനയിപ്പിച്ച്‌ കൂടെ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഗുജറാത്ത്‌ എടുത്തുകാട്ടുന്നുണ്ട്‌. ശിവസേന ഉള്‍പ്പെടെയുള്ള ആപത്‌ബാന്ധവരായ സുഹൃത്തുക്കളെ പിണക്കിയത്‌ ശരിയായില്ലെന്ന അഭിപ്രായം പരക്കെയുണ്ട്‌.

താഴെത്തട്ടില്‍ നിന്നും ജനസ്വാധീനമുള്ള നേതൃത്വം ഉയര്‍ന്ന്‌ വരാത്തത്‌ ബിജെപിയെ വേട്ടയാടുമെന്നുറപ്പാണ്‌. ഗുജറാത്തില്‍ മോദിക്ക്‌ ശേഷം വന്ന വിടവ്‌ തന്നെ ഉദാഹരണമാണ്‌. യുവ നേതൃത്വത്തെ വളര്‍ത്തിയെടുക്കാതെ മുന്നോട്ട്‌ പോകാനാകില്ലെന്ന്‌ ബിജെപി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാതി സംഘടനകളായാലും അഭിപ്രായ സമന്വയത്തിന്‌ പഴുത്‌ കണ്ടെത്താനുള്ള നയചാതുര്യം ഗുജറാത്തില്‍ കാണിച്ചില്ല. ്‌അതിന്‌ വലിയ വില നല്‍കേണ്ടി വന്നു. ശക്തരായ വക്താക്കളില്ലാതെ മാധ്യമ ചര്‍ച്ചകളിലും മറ്റും ബിജെപി തകര്‍ന്നടിയുന്ന സാഹചര്യം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വികസനം വേണം പക്ഷേ ഗ്രാമീണ ജനതയുടെ മനസ്സറിഞ്ഞു വേണം മുന്നോട്ട്‌ പോകാനെന്നും ഗുജറാത്ത്‌ ഓര്‍മിപ്പിക്കുന്നു. നോട്ടയ്‌ക്ക്‌ 5 ലക്ഷം വോട്ട്‌ ലഭിച്ചത്‌ ബിജെപി ചിലതൊക്കെ തിരുത്തണമെന്ന മുന്നറിയിപ്പാണ്‌. ബിജെപ്പിക്കല്ലാതെ മറ്റൊരാള്‍ക്കും തങ്ങള്‍ വോട്ട്‌ ചെയ്യില്ല, പക്ഷേ ഇത്തവണ നോട്ടയിലൂടെ ഞങ്ങള്‍ക്ക്‌ ചില വിഷമങ്ങള്‍ പാര്‍ട്ടിയോടുണ്ടെന്ന്‌ പരസ്യമായ ഓര്‍മപ്പെടുത്തി ഗുജറാത്ത്‌. നിലവില്‍ മോദിയോട്‌ ഏറ്റുമുട്ടാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും നന്നല്ലാതിരുന്നത്‌ മാത്രമാണ്‌ ബിജെപി വിരുദ്ധ അവിയല്‍ മുന്നണിക്ക്‌ തിരിച്ചടിയായത്‌. പക്ഷേ അതിനര്‍ത്ഥം അവരിനിയും വന്നുകൂടെന്നല്ല.

എസ് ശ്രീകാന്ത്

മാദ്ധ്യമ പ്രവർത്തകൻ

അഭിപ്രായങ്ങൾ തികച്ചും ലേഖകന്റേതു മാത്രമാണ് . ജനം ടിവിയുടേതല്ല

860 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close