MovieEntertainment

മായാനദി ഒരു നോവാണ് 

മായാനദി നല്ലൊരു അനുഭവമാണ്. അത് അനുഭവച്ചറിയുക തന്നെ വേണം..

ജീവിതത്തിൽ ഒരിക്കലെങ്കിലും മനസും ശരീരവും നിറഞ്ഞ് ഒരാളെ പ്രണയിച്ചിട്ടുണ്ടെങ്കിൽ ആ പ്രണയം നഷ്ടപ്പെട്ടിട്ടും പിന്നെയും അതിനായി കാത്തിരിന്നിട്ടുണ്ടെങ്കിൽ മായാനദിയെന്ന നോവ് നിങ്ങളിൽ നിറയും. വളരെ പതുക്കെ പറഞ്ഞുതീർക്കുന്ന എന്നാൽ അതിനേക്കാളേറെ മനോഹരമായി അവതരിപ്പിച്ച ഒരു റിയലിസ്റ്റിക്ക് കഥ. ടൈറ്റിലിൽ സൂചിപ്പിക്കുന്ന പോലെ തന്നെ വളരെ മിസ്റ്റീരിക്കായി മെല്ലെ ഒഴുകുന്ന നദിയാണ് മായാനദി.

അപ്പുവിലൂടെയും മാത്തനിലൂടെയും ആഷിക് അബു പറയുന്നത് ഒരു അൺയൂഷ്വൽ പ്രണയകഥയാണ് . സംഘർഷവും അതിനൊപ്പം തന്നെ നിറയെ പ്രണയവും ചേർത്ത ഒരു ഇമോഷണൽ ഡ്രാമ വളരെ മനോഹരമായി സംവിധായകൻ പ്രേക്ഷകനിലെത്തിക്കുന്നു. ഒരു സംവിധായകന്‍റെ കയ്യടക്കം നിറഞ്ഞു നിൽക്കുന്ന സിനിമ. ഒട്ടും മുൻവിധിയില്ലാതെ മായാനദി കാണാനിരിക്കുന്നവർക്ക് സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ സമ്മാനിക്കുന്നതും അതാണ്.

പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കെല്ലാം ഒരുപാട് സുഖമുള്ള ഓർമപ്പെടുത്തലുകൾ സമ്മാനിക്കുകയാണ് മായാനദി.. രണ്ടുപേരുടെ പ്രണയം, ചില കാരണങ്ങളാൽ ഇടയ്ക്ക് വെച്ച് ആ പ്രണയം മുറിഞ്ഞ് പോവുകയും വീണ്ടും അത് തുന്നിച്ചേർക്കാനെത്തുന്ന നായകനും അതിതീവ്രമായ അവരുടെ പ്രണയവും. ചില കാരണങ്ങളാൽ നായകൻ അനുഭവിക്കുന്ന സംഘർഷങ്ങളുമാണ് സിനിമ പറഞ്ഞുവെക്കുന്നത്. സമീകാലത്ത് കണ്ട ഏറ്റവും മനോഹരമായ പ്രണയരംഗങ്ങൾ. ആരേയും കൊതിപ്പിക്കുന്ന മികച്ച ലൗ മേക്കിംഗ് സീനുകളാണ് ചിത്രത്തിൽ. ഒരു ലിപ്‌ലോക്‌ രംഗവും തുടര്‍ന്നുള്ള പാട്ടും പ്രണയവും ഒരുപക്ഷേ വരും ദിവസങ്ങളിൽ അനാവശ്യ ചർച്ചകൾക്ക് വഴിവെച്ചേക്കാം. അത്തരം കാര്യങ്ങൾ അസ്വസ്ഥയുണ്ടാക്കുന്നവർ മായാനദിയെ വെറുതേവിട്ടേക്കുക.

അപ്പുവിനേയും മാത്തനേയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അവരുടെ പ്രകടനത്തെ ആശ്രയിച്ചാണ് മായാനദി എത്ര മികച്ചതെന്ന് വിലയിരുത്തപ്പെടുന്നതും. നിസാരമായി പറഞ്ഞുവെക്കാമായിരുന്ന ഒരു കഥയെ വ്യത്യസ്ഥവും ഏറ്റവും മികച്ചതുമായ അവതരിപ്പിച്ചിടത്താണ് സംവിധായകന്‍റെ വിജയം. ചിലയിടത്ത് ഡയലോഗ് പോലുമില്ലാതെ എത്ര മനോഹരമായാണ് ഓരോ കഥാപാത്രങ്ങളും സീൻസും എസ്റ്റാബ്ലിഷ് ചെയ്തിരിക്കുന്നത്.

ഐശ്വര്യാ ലക്ഷ്മി തന്നെയാണ് സിനിമയിലെ താരം. ഐശ്വര്യ അഭിനയിക്കുകയായിരുന്നില്ല അപ്പുവായി ജീവിക്കുകയായിരുന്നുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഓരോ എക്സ്പ്രഷൻസും സംഭാഷണരീതിയും. എന്താണോ ക്യാരക്ടർ അതിനെ മികച്ച രീതിയിൽ അവതരിപ്പിച്ച് ഷോ സ്റ്റീലറായി ഐശ്വര്യ. കഥാപാത്രത്തിന്‍റെ മൂഡിന് അനുസരിച്ച് ശരീര ഭാഷയില്‍ കാര്യമായി മാറ്റം വരുത്താന്‍ ഐശ്വര്യക്ക് കഴിഞ്ഞിട്ടുണ്ട്.

ടൊവിനോ ഒരു മികച്ച നടനാണെന്ന് മുൻ സിനിമകളിലൂടെ തെളിയിച്ചതാണ്. മാത്തനേയും വളരെ അനായാസമായി സ്ക്രീനിൽ അവരിപ്പിക്കാൻ ടൊവിനോക്കായി. അലസ ജീവിതം നയിക്കുന്ന, കാമുകിയുടെ മുന്നിൽ പലപ്പോഴും ചൂളിപ്പോകുന്ന മാത്തനെ നമുക്കും വല്ലാതങ്ങ് ഇഷ്ടപ്പെടും. പ്രത്യേകിച്ച് അവസാനത്തെ ആ 20 മിനിറ്റിൽ. ഐശ്വര്യയുടെ കഥാപാത്രത്തിനൊപ്പം ടൊവിനോയുടെ കഥാപാത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ല എന്ന് ചിലയിടങ്ങളിൽ തോന്നുമെങ്കിലും ടൊവിനോയുടെ മറ്റൊരു കരിയർ ബെസ്റ്റായിരിക്കും മായാനദി.

ഇവർക്കൊപ്പം തന്നെ അപ്പുവിന്‍റെ കൂട്ടുകാരികൾ, മാത്തന്‍റെ ആശാൻ, തമിഴ്നാട്ടിൽ നിന്നെത്തുന്ന പൊലീസുകാർ തുടങ്ങി ഗസ്റ്റ് റോളിലെത്തുന്ന സൗബിനും ലിജോ ജോസ് പെല്ലിശ്ശേരിയടക്കം ചെറിയ സീനിൽ വരെ വരുന്നവർ വരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. രണ്ട് സീനുകളിൽ ഒറ്റ സംഭാഷണം മാത്രമുള്ള ഗസ്റ്റ് റോള്‍ ആയിരുന്നെങ്കിലും സൗബിന്‍റെ കഥാപാത്രം മികച്ചത് തന്നെയായിരുന്നു.

പശ്ചാത്തല സംഗീതവും ഷഹബാസ് അമന്‍റെ ശബ്ദവും സിനിമയുടെ മൂഡിനെ നന്നായി പിന്തുണക്കുന്നുണ്ട്. റെക്സ് വിജയന്‍റെ ഗാനങ്ങലെല്ലാം കഥയോട് ചേർന്ന് നിന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ലഹരി പിടിപ്പിക്കുന്ന ഗാനങ്ങളാണ് റെക്സ് ഒരുക്കിയത്.

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്ക്കരൻ ദിലീഷ് നായർക്കൊപ്പം ചേർന്നപ്പോൾ വീണ്ടും ഒരു നല്ല സിനിമ സൃഷ്ടിക്കാനായെങ്കിലും എഡിറ്റിംഗിലെ ലാഗ് പ്രേക്ഷകനിൽ ഒരു മടുപ്പ് തോന്നിപ്പിക്കും. പക്ഷേ ആ ലാഗ് സിനിമ ആവശ്യപ്പെടുന്നതുമാണ്. സമീപകാലത്ത് ചർച്ച ചെയ്യപ്പെട്ട ‘കണ്ടം വഴി ഓട്ടവും കിസ് ഓഫ് ലൗവും സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന അരക്ഷിതാവസ്ഥയും ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Sex is not a promise, trust ഇത്തരത്തിൽ ചില സ്പാർക്കുള്ള സംഭാഷണങ്ങളാണ് മായാനദിയെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. പ്രണയിച്ച് നടക്കുമ്പോൾ നമ്മളൊക്കെ ആഗ്രഹിക്കുന്ന ഒരു ജീവിതമില്ലേ. അതുപോലെ പ്രണയിച്ച് നടക്കാൻ തോന്നും മായാനദി കണ്ടിറങ്ങുമ്പോൾ… ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ടെങ്കിലും. മായാനദി നല്ലൊരു അനുഭവമാണ്. അനുഭവച്ചറിയുക തന്നെ വേണം.

ശിൽപ്പ ദിനേശ്

മാദ്ധ്യമ പ്രവർത്തക

170 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close