Special

പറന്ന് പറന്ന് പറന്ന്….കൽപ്പന

“അങ്ങുദൂരെയിരുന്ന് കുഞ്ഞുഭൂമിയെ കാണുമ്പോള്‍ ഞങ്ങളോര്‍ക്കും – മനുഷ്യജീവന്‍റെ ലോകമാണത് – ഒരു ചെറിയ ലോകം. അതിനു കേടുവരരുത്. ” ബഹിരാകാശത്തേക്ക് പറക്കും മുൻപ് കൽപ്പന ചൗള എന്ന പൊൻ താരകം നടത്തിയ പ്രാർത്ഥനയാണിത്.

അതിരുകളില്ലാത്ത ആകാശത്ത് ഉയർന്നു പറക്കാൻ ആഗ്രഹിച്ച പെൺ പറവ,ഭാരതത്തിന്റെ അഭിമാനം കൽപ്പന ചൗള.ഒരു താരകമായി കൽപ്പന വാനിൽ ലയിച്ചിട്ട് ഇന്ന് പതിനഞ്ചു വർഷം.

തന്‍റെ രണ്ടാമത്തെ ബഹിരാകാശയാത്രയുടെ ഭാഗമായിരിക്കേ 2003 ഫെബ്രുവരി ഒന്നിന് സഞ്ചരിച്ചിരുന്ന കൊളംബിയ സ്പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടാണ് കല്‍പ്പന ചൗള മരണപ്പെട്ടത്.

ഇന്ത്യയില്‍ ജനിച്ച്, അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കല്‍പ്പന പറഞ്ഞു പഴകിയ പെൺകരുത്തിന്റെ മാത്രമല്ല ആത്മവിശ്വാസത്തിന്റെ,കഠിന പ്രയ്ത്നത്തിന്റെ പ്രതീകം കൂടിയായിരുന്നു.

കൽപ്പനയുടെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യയിലെ ഹരിയാനയുടെ മണ്ണിൽ നിന്നാണ്. കുട്ടിക്കാലത്ത് എപ്പോഴും വിമാനങ്ങളുടെ ചിത്രം വരയ്ക്കുന്ന, വിമാനം പറത്തുന്നത് സ്വപ്നം കാണുന്ന പെൺകുട്ടി. ഒരിക്കൽ കൽപ്പനയുടെ നിർബന്ധം സഹിക്ക വയ്യാതെ അച്ഛൻ അവളെ കൊണ്ടു പോയത് ഫ്ലൈയിംഗ് ക്ലബ്ബിലേക്കാണ്. അവിടെ എച്ച് എ എൽ പുഷ്പക് വിമാനവും ഗ്ലൈഡറുകളും പറത്താനുള്ള അവസരം കൽപ്പനക്ക് ലഭിച്ചു.

1982ല്‍ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ ആ കോഴ്സ് പഠിച്ച ഏക പെണ്‍കുട്ടിയായിരുന്നു കല്‍പ്പന ചൗള.
തുടർന്ന് അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും എയറോസ്പേസ് എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് ബിരുദവും, 1988ല്‍ കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും അതേ വിഷയത്തില്‍ ഡോക്ടറേറ്റും നേടി.

കാലിഫോർണിയയിലെ നാസ കേന്ദ്രത്തിൽ ജോലി ലഭിച്ച കൽപ്പനക്ക് വിമാനത്തോട് മാത്രമല്ല ഒരു വൈമാനികനോടും ഇഷ്ടം തോന്നി,ആ ഇഷ്ടമാണ് അമേരിക്കൻ പൗരനായ ജീന്‍ പിയറി ഹാരിസണുമായുള്ള വിവാഹത്തിലും,തുടർന്ന് കൽപ്പനയുടെ അമേരിക്കൻ പൗരത്വത്തിലും കലാശിച്ചത്.

1997 നവംബര്‍ പത്തൊന്‍പതിനായിരുന്നു കൽപ്പന ഏറെ ആഗ്രഹിച്ച ആ സ്വപ്ന യാത്ര. നാസയുടെ എസ് ടി എസ് -87 ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായി കൊളംബിയ സ്പേസ് ഷട്ടിലില്‍ അഞ്ച് സഹപ്രവര്‍ത്തകരോടൊപ്പം കൽപ്പന പറന്നു ബഹിരാകാശത്തേക്ക്.

ആദ്യ യാത്രയില്‍ 375 മണിക്കൂറോളമാണ് കല്‍പ്പനാ ചൗള ബഹിരാകാശത്ത് ചിലവഴിച്ചത്. സൂര്യന്‍റെ ഉപരിതല താപത്തെക്കുറിച്ച് പഠിക്കുവാനായി സജ്ജമാക്കിയ സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുവാനുള്ള ചുമതലയും കല്‍പ്പനയ്ക്ക് ആയിരുന്നു.

ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലയ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു എസ് ടി എസ്-107 എന്ന രണ്ടാമത്തെ കൊളംബിയ ദൗത്യത്തിന്‍റെ ലക്ഷ്യം. കല്‍പ്പനയടക്കം 7 പേരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.

പതിനേഴ്‌ ദിവസം നീണ്ട പര്യടനത്തിനുശേഷം 2003 ഫെബ്രുവരി ഒന്നിന് തിരിച്ചിറങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഭൂമിയുടെ അന്തരീക്ഷത്തില്‍ വച്ചാണ് കൊളംബിയ പൊട്ടിച്ചിതറിയത്. വിക്ഷേപണ സമയത്ത് തന്നെ ഉണ്ടായ ചില പിഴവുകളായിരുന്നു ദുരന്തത്തിന് വഴി വച്ചത്.

കൽപ്പന ചൗള എന്നും ഒരു പാഠപുസ്തകമാണ് ഒരു പാട് പിൻ തലമുറകൾക്ക് ധൈര്യത്തിന്റെയും,നിശ്ചയ ദാർഢ്യത്തിന്റെയും ഒരിക്കലും മറക്കാനാകാത്ത പാഠ പുസ്തകം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close