Special

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും; 11 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍

Story Highlights

  • കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും;11 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍
  • 500 കോടി രൂപ ചെലവില്‍ ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി
  • ഔഷധച്ചെടി വളര്‍ത്തലിനായി 200 കോടി
  • കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മത്സ്യബന്ധന, മൃഗസംരക്ഷണ രംഗങ്ങളിലേക്കും വ്യാപിപ്പിക്കും

കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില ഉറപ്പു വരുത്തുക, ഉത്പാദനച്ചെലവ് ഉയരാതെ തന്നെ കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതായി ബജറ്റിലെ കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍പു തന്നെ ഉറപ്പു നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഖാരിഫ് വിളകള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടിയെങ്കിലും കുറഞ്ഞ താങ്ങു വില ഉറപ്പു വരുത്തും. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണിതെന്നും ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 2018-19 കാലയളവില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കാര്‍ഷിക വായ്പകള്‍ക്കായി 11 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2017-18 ല്‍ 10 ലക്ഷം കോടി രൂപയായിരുന്നു ഈയിനത്തില്‍ വകയിരുത്തിയിരുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങി വേഗത്തില്‍ നശിച്ചു പോകുന്ന തരം കാര്‍ഷികോത്പന്നങ്ങളുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിനായി 500 കോടി രൂപ ചെലവു വരുന്ന ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി ആരംഭിക്കും. ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ), അഗ്രി-ലോജിസ്റ്റിക്‌സ്, സംസ്‌കരണ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിയിലൂടെ പ്രോത്സാഹനം നല്‍കും.

ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ദേശീയ ഗ്രാമീണ ജീവന പദ്ധതിയിലൂടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിന് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍, വില്ലേജ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് പിന്തുണ നല്‍കും. കൂടാതെ ഔഷധച്ചെടി വളര്‍ത്തലിനും, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധ എണ്ണകള്‍ എന്നിവ കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്നതിനും 200 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.

നിലവിലുള്ള 22,000 ഗ്രാമീണ ഹാട്ടുകളെ ഗ്രാമീണ കാര്‍ഷിക വിപണികളായി (ഗ്രാം) ഉയര്‍ത്തും. തൊഴിലുറപ്പ് പദ്ധതി മുതലായ ഗവണ്‍മെന്റ് പദ്ധതികളിലൂടെ ഗ്രാമീണ കാര്‍ഷിക വിപണികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഇലക്‌ട്രോണിക് കാര്‍ഷിക വിപണിയായ ഇ-നാം പോര്‍ട്ടലുമായി ഗ്രാമീണ കാര്‍ഷിക വിപണികളെ ബന്ധിപ്പിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

585 കാര്‍ഷികോത്പന്ന വിപണന സമിതികളിലേക്ക് (എപിഎംസി) ഇ-നാം പോര്‍ട്ടലിന്റെ സേവനം വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ 470 എപിഎംസികള്‍ ഇതിനകം ഇ-നാമുമായി ബന്ധിപ്പിച്ചു, ബാക്കിയുള്ളവ 2018 മാര്‍ച്ചിനകം ബന്ധിപ്പിക്കും. 22,000 ഗ്രാമുകളുടെയും, 585 എപിഎംസികളുടെയും കാര്‍ഷിക വിപണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 2000 കോടി രൂപ സഞ്ചിത തുകയോട് കൂടി അഗ്രി-മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും.

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 2017-18 ല്‍ 715 കോടിയായിരുന്നത് 1400 കോടിയായി ഉയര്‍ത്തി. പ്രധാനമന്ത്രി കൃഷി സമ്പാദ യോജന ഭക്ഷ്യ സംസ്‌കരണ രംഗത്തെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയാണെന്നും, ഈ മേഖല പ്രതിവര്‍ഷം ശരാശരി 8 ശതമാനം തോതില്‍ വളര്‍ച്ച കൈവരിക്കുന്നതായും മന്ത്രി പറഞ്ഞു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിലൂടെ കാര്‍ഷിക വായ്പ, പലിശയിളവ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ മേഖലകളിലും ലഭ്യമാകും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട്, ആനിമല്‍ ഹസ്ബന്‍ഡറി ഡെവലപ്‌മെന്റ് ഫണ്ട് എന്നിവ രൂപീകരിക്കും. 10,000 കോടി രൂപയായിരിക്കും രണ്ട് നിധികളുടെയും കൂടിയുള്ള സഞ്ചിത തുക.

1290 കോടി രൂപ ചെലവില്‍ പുതുക്കിയ ദേശീയ മുള ദൗത്യം ആരംഭിക്കും. മുള ഉത്പാദകരും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക, മുള ശേഖരിക്കുന്നതിനും, സംസ്‌കരിക്കുന്നതിനും, വിപണനം ചെയ്യുന്നതിനുമായി സംവിധനങ്ങളേര്‍പ്പെടുത്തുക, മുള കൃഷി ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, ഈ രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

ഡല്‍ഹി തലസ്ഥാന മേഖലയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കാര്‍ഷികാവശിഷ്ടങ്ങളുടെ സംസ്‌കരണത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close