ന്യൂഡൽഹി : അതിർത്തിയിൽ വെസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി ചൈന.
ഇന്ത്യ ആക്രമിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സൂചിപ്പിച്ച ചൈനീസ് മിലിട്ടറി വൃത്തങ്ങൾ അതിർത്തിയിൽ എത്തിച്ച സുരക്ഷാ സന്നാഹങ്ങളുടെ ചിത്രങ്ങളും പുറത്തു വിട്ടു.
ജെ-10 എയർ ക്രാഫ്റ്റ്, ലൈറ്റ് വെയ്റ്റ് മൾട്ടി റോൾ എയർ ക്രാഫ്റ്റ്,ജെ-11 സിംഗിൾ സീറ്റ് ഡബിൾ എഞ്ചിൻ എയർ ക്രാഫ്റ്റ് തുടങ്ങിയവയാണ് അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്.
ഇവയൊക്കെ തന്നെ പീപ്പിൾസ് ലിബറേഷൻ ആർമി യുടെ വെബ് സൈറ്റുമായി ബന്ധപ്പെട്ടാവും പ്രവർത്തിക്കുന്നതെന്നും ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുള്ള പർവ്വതങ്ങളിലും മറ്റും കൂടുതൽ സുരക്ഷ ഉറപ്പിക്കുന്ന ചൈനീസ് ആർമി വിഭാഗമാണ് വെസ്റ്റേൺ തിയേറ്റർ കമാൻഡ്.
അതിർത്തിയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും,ഇന്ത്യൻ സൈനികരെ ശക്തമായി നിരീക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും വെസ്റ്റേൺ തിയേറ്റർ കമാൻഡിന് നൽകിയതായി മിലിട്ടറി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഫ്രാൻസിൽ നിന്നടക്കം ഇന്ത്യ അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലുള്ള ആശങ്കയാണ് ഇതിനിടയാക്കിയതെന്നും മിലിട്ടറി വൃത്തങ്ങളെ ഉദ്ദരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.