ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയില്‍ സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഇവേ ബില്‍ ഏപ്രില്‍ ഒന്നിനു നടപ്പാക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളാക്കി തിരിച്ച് ഘട്ടം ഘട്ടമായിട്ടാകും ഇത് നടപ്പാക്കുന്നത്. കേരളം ആദ്യ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ കേരത്തിന് പുറത്തേക്ക് ചരക്ക് കടത്തുന്നതിന് ഇവേ ബില്‍ നിര്‍ബന്ധമാക്കും.
50,000 രൂപയ്ക്ക് മുകളിലുള്ള ചരക്ക് നീക്കം പരിശോധിക്കാന്‍ ചെക്പോസ്റ്റുകള്‍ക്ക് പകരം ഏര്‍പ്പെടുത്തിയ ഇവേ ബില്‍ പല ഘട്ടങ്ങളിലായി രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. തീവണ്ടികളില്‍ പാഴ്സല്‍ കടത്തുന്നതിലെ നികുതി വെട്ടിപ്പ് തടയാന്‍ ചരക്ക് കൈപ്പറ്റുന്നവരും ഇനി മുതല്‍ ഇവേ ബില്‍ ഹാജരാക്കണം. സംസ്ഥാനങ്ങള്‍ക്കുള്ളിലെ ചരക്കുനീക്കത്തിനുള്ള ഇവേ ബില്‍ ഏപ്രില്‍ 15 മുതല്‍ മാത്രമെ നടപ്പാക്കാന്‍ ആരംഭിക്കു.
മൂന്നു മാസത്തിലൊരിക്കല്‍ ജിഎസ്ടി റിട്ടേണ്‍ നല്കുന്ന നിലവിലുള്ള രീതി തുടരും. റിട്ടേണ്‍ എളുപ്പത്തിലാക്കുന്നതിനുള്ള പുതിയ രീതി മൂന്ന് മാസത്തിന് ശേഷം തീരുമാനിക്കും. റിട്ടേണ്‍ കണക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കൗണ്‍സില്‍ യോഗം അംഗീകരിച്ചിട്ടുണ്ട്. കയറ്റുമതി ചെയ്യുന്നവര്‍ക്കുള്ള നികുതി ഇളവുകള്‍ ആറുമാസം കൂടി തുടരാനും തീരുമാനമായി.