ഹൈദരാബാദ് : ആസ്ട്രേലിയൻ താരം ഡേവിഡ് വാർണറെ ഹൈദരാബാദ് സൺറൈസേഴ്സ് ക്യാപ്ടൻ സ്ഥാനത്തു നിന്ന് നീക്കി. സൺറൈസേഴ്സ് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത് .ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ പന്തിൽ കൃത്രിമത്വം കാണിച്ചതിനെ തുടർന്ന് വാർണർക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ നടപടി എടുക്കുന്നതിനെ തുടർന്നാണ് തീരുമാനം.
കൃത്രിമം കാണിച്ച നടപടിയിൽ കുറ്റക്കാരനായ മുൻ ഓസ്ട്രേലിയൻ ക്യാപ്ട്ൻ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസും ക്യാപ്ടൻസ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. അജിങ്ക്യ രഹാനെയാണ് റോയൽസിന്റെ പുതിയ ക്യാപ്ടൻ.അതേസമയം ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ സൺറൈസേഴ്സിനെ നയിക്കുമെന്നാണ് സൂചന.
കേപ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിലാണ് ക്രിക്കറ്റിനു നാണക്കേടായ സംഭവം അരങ്ങേറിയത് . ക്യാപ്ട്ൻ സ്റ്റീവ് സ്മിത്തിന്റെ അറിവോടെ ഓസ്ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ബാങ്ക്ക്രോഫ്റ്റ് പന്തിൽ കൃത്രിമത്വം കാണിച്ചുവെന്നാണ് ആരോപണം. മത്സരത്തിലെ വീഡിയോ ദൃശ്യങ്ങൾ തെളിവായതോടെ സ്റ്റീവ് സ്മിത്തിനെ ക്യാപ്ടൻ സ്ഥാനത്ത് നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നീക്കിയിരുന്നു.