ക്രൈസ്റ്റ്ചർച്ച് : പന്തിൽ കൃത്രിമം കാണിച്ച ഓസ്ട്രേലിയൻ താരങ്ങളെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകർ. പന്ത് ചുരണ്ടാൻ ഓസ്ട്രേലിയൻ താരം ഉപയോഗിച്ച തരത്തിലുള്ള സാന്റ് പേപ്പറിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻ റോസ് ടെയ് ലറുടെ ഓട്ടോഗ്രാഫ് വാങ്ങിയാണ് ആരാധകർ ഓസ്ട്രേലിയയെ പരിഹസിച്ചത്.
ഇംഗ്ലണ്ട് ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് സംഭവം. മത്സരത്തിനിടെ ഫീൽഡ് ചെയ്തിരുന്ന ടെയ് ലറുടെ ഓട്ടോഗ്രാഫ് ആരാധകർ ആവശ്യപ്പെട്ടു. മടികൂടാതെ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകിയതിനിടെയാണ് ഒരു ആരാധകൻ സാന്റ് പേപ്പർ നൽകിയത്. പേപ്പർ വാങ്ങി ഒപ്പിട്ടശേഷം വേഗത്തിൽ തന്നെ അത് തിരികെ നൽകുകയും ചെയ്തു.
Ross Taylor signs a piece of sandpaper. pic.twitter.com/2JGPjmON5r
— England's Barmy Army (@TheBarmyArmy) March 30, 2018
നേരത്തെ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം പന്തിൽ കൃത്രിമം കാണിച്ചിരുന്നു. തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുകയായിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനും ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ ഡേവിഡ് വാർണർക്കും ബാൻക്രോഫ്റ്റിനും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്ക് ഏർപ്പെടുത്തിയിരുന്നു.