കൊൽക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിൽ കിരീടം വീണ്ടെടുത്ത് കേരളം. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 നാണ് കേരളം കിരീടം ചൂടിയത്. ജിതിൻ എം എസും വിപിൻ തോമസുമാണ് കേരളത്തിനായി ഗോൾ നേടിയത്.
കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് കേരളം കിരീടം ചൂടിയത്. ഇത് ആറാം തവണയാണ് കേരളം കിരീടത്തിൽ മുത്തമിടുന്നത്.
ഒൻപതാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് കേരളം പാഴാക്കി. എന്നാൽ പത്തൊൻപതാം മിനിറ്റിൽ ലഭിച്ച അവസരം കേരളം മുതലെടുത്തു. മദ്ധ്യഭാഗത്തുനിന്ന് പന്തുമായി പാഞ്ഞ ജിതിൻ കൃത്യമായി ബംഗാളിന്റെ വലയിൽ നിറയൊഴിച്ചു.