ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഗെയിംസിന്റെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്.
71 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. 225 അംഗ ഇന്ത്യന്‍ ടീമിനെ മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു നയിക്കും. 2014ലെ ഗ്ലാസ്ഗോ ഗെയിംസില്‍ 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഗെയിംസ് മത്സരങ്ങള്‍ വ്യാഴാഴ്ചയാണ് ആരംഭിക്കുന്നത്. അത്ലറ്റിക്സ് മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കും.
ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്. ഗെയിംസ് ഈ മാസം 15ന് സമാപിക്കും.