പനാജി: ഭീകരര്‍ കടല്‍ മാര്‍ഗം ഇന്ത്യയിലെത്താന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗോവന്‍ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കിയ സൂചനയെ തുടര്‍ന്ന് ഗോവയിലെ കസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ മുന്നറിയിപ്പ് നല്കി. മീന്‍പിടുത്ത ബോട്ടുകളിലൂടെ ഭീകരവാദികള്‍ ഇവിടേക്ക് എത്താന്‍ സാധ്യത ഉള്ളതായാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് തീരരക്ഷ സേന പങ്കു വച്ചതായി ഗോവ തുറമുഖ വകുപ്പ് മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ പറഞ്ഞു. ഗോവക്കു പുറമെ മുംബൈ, ഗുജറാത്ത് തീരത്തും മുന്നറിയിപ്പ് സന്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പ്രദേശത്തു കൂടി കടന്നു പോകുന്ന എല്ലാ കപ്പലുകള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാക്കിസ്ഥാന് പിടിച്ചെടുത്ത ഇന്ത്യയുടെ മീന്‍ പിടുത്ത ബോട്ട് അവര്‍ വിട്ടയച്ചിരുന്നു. ഇതിനുള്ളില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.