സത്യമപ്രിയം

സെക്രട്ടേറിയറ്റല്ല, ഇടിച്ചു നിരത്തേണ്ടത് നിയമസഭ

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജ് പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച് കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍. 2016-17 വര്‍ഷത്തില്‍ മെറിറ്റ് മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ ഈ രണ്ട് കോളേജുകളിലായി 180 വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 വിദ്യാര്‍ത്ഥികളുടെയും കരുണയിലെ 30 വിദ്യാര്‍ത്ഥികളുടെയും പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ഈ വിദ്യാര്‍ത്ഥികളുടെ പ്രവേശനം സാധൂകരിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഈ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവരുടെ പഠനം തുടരാനും പരീക്ഷയെഴുതാനും അനുവദിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ അത് ഗൗരവമായി കാണുമെന്നും കോടതി പറഞ്ഞു. അനധികൃത പ്രവേശനം സാധൂകരിച്ചുകൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തെ ഒരുവിഭാഗം വരേണ്യവര്‍ഗ്ഗത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു.

ഈ രണ്ടു കോളേജുകളും സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ നിയമങ്ങളെയും തലകീഴായി മറിച്ച് തന്നിഷ്ടപ്രകാരം പ്രവേശനം നടത്തുകയായിരുന്നു. ഈ പ്രവേശനത്തിന്റെ പേരില്‍ മറിഞ്ഞത് കോടികളാണ്. രണ്ടു മെഡിക്കല്‍ കോളേജുകളും കോടിക്കണക്കിന് രൂപ തലവരിപ്പണമായി കൈപ്പറ്റിയെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ പങ്ക് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പലരുടെയും കീശകളിലെത്തി എന്നതും സത്യമാണ്. 180 വിദ്യാര്‍ത്ഥികളുടെ ഭാവി എന്ന നിലയില്‍ ഈ പ്രശ്‌നത്തെ സമീപിക്കുന്നു എന്നുപറഞ്ഞാണ് സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

കോടതി നടപടിയുടെയും നിയമവാഴ്ചയുടെയും മേലുള്ള നഗ്നമായ ഇടപെടലായിരുന്നു ഇത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഈ ഓര്‍ഡിനന്‍സിനെതിരെ നല്‍കിയ ഹര്‍ജിയില്‍ പ്രവേശനം സംബന്ധിച്ച എല്ലാ രേഖകളും കോടതി സമഗ്രമായി പരിശോധിച്ചു. തുടര്‍ന്ന് നീണ്ട വാദം കേട്ടശേഷമാണ് പ്രവേശനം റദ്ദാക്കിയത്. ആ ഉത്തരവ് മറികടക്കാനും പ്രവേശനം ക്രമപ്പെടുത്താനുമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

കോടതിയുടെ ഈ ഉത്തരവ് നിലനില്‍ക്കെ എങ്ങനെയാണ് പ്രവേശനസമിതിയ്ക്ക് അതില്‍ തീരുമാനമെടുക്കാന്‍ കഴിയുക എന്ന് കോടതി ചോദിച്ചു. മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, ഉറക്കമിളച്ച് പഠിച്ച സാധാരണക്കാരില്‍ സാധാരണക്കാരായ പാവപ്പെട്ടവരെ തഴഞ്ഞ് വിദ്യാഭ്യാസ കച്ചവടം നടത്തി കോടികള്‍ തട്ടിയ നടപടിക്ക് കോടതിയുടെ തലയ്ക്കു മുകളിലൂടെ ഓര്‍ഡിനന്‍സ് വഴി നിയമസാധുത കൈവരിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം ഒരുപക്ഷേ, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ വിഡ്ഢിത്തം മാത്രമല്ല, കോടതിയലക്ഷ്യം കൂടിയാണ്.

ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ല് ഗവര്‍ണറുടെ മുന്നില്‍ എത്താത്തതുകൊണ്ട് ഓര്‍ഡിനന്‍സ് നിലനില്‍ക്കുകയാണെന്നും ബില്ല് വരുമ്പോള്‍ ഭേദഗതി നിര്‍ദ്ദേശിക്കാനോ തിരിച്ചയക്കാനോ ഉള്ള അധികാരം ഗവര്‍ണര്‍ക്ക് ഉണ്ടെന്നു കൂടി കോടതി പറഞ്ഞു. കോടതിയുടെ ഈ വാക്കുകളില്‍ ബില്ലിനോടുള്ള സമീപനവും വ്യക്തമാണ്. എന്നിട്ടും ബില്ല് ഭരണഘടനാ വിരുദ്ധമല്ല, എന്ന വാദവുമായി ബില്ല് അംഗീകരിച്ച് ഗവര്‍ണ്ണര്‍ക്ക് അയക്കാനുള്ള അനിതരസാധാരണ ധാര്‍ഷ്ട്യമാണ് പിണറായി വിജയന്‍ കാട്ടിയത്. കേരളത്തില്‍ അടുത്തിടെ നടന്ന ഈ കുംഭകോണത്തിന്റെയും സൂചനകള്‍ വ്യക്തമാക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി.

ജഡ്ജിമാരെ ശുംഭന്മാരെന്നും മറ്റും വിളിച്ച് എതിരായ വിധികള്‍ വരുമ്പോഴൊക്കെ ഉറഞ്ഞുതുള്ളി നിയമത്തോടും നിയമവാഴ്ചയോടും തെല്ലുപോലും ബഹുമാനമില്ലാത്ത ഇടതുപക്ഷ നേതാക്കള്‍ക്ക് കോടതിയോട് പുല്ലുവിലയാകാം. പക്ഷേ, ഈ ഉത്തരവിലൂടെ കോടതി സംരക്ഷിച്ചത് പാവപ്പെട്ടവരായ സാധാരണക്കാരുടെ താല്പര്യമാണ്. അവരുടെ വികാരമാണ്. പഠിച്ചു ജയിക്കുന്നവന് സ്ഥാനമില്ല, കള്ളപ്പണക്കാരായ ചില ആളുകള്‍ക്ക് ഏത് മെറിറ്റിനെയും അട്ടിമറിക്കാന്‍ കഴിയും, പാവങ്ങള്‍ക്ക് ഈ നാട്ടില്‍ രക്ഷയില്ല എന്നീ തോന്നലുകളാണ് സുപ്രീം കോടതി വിധിയിലൂടെ തിരുത്തിയത്. വാങ്ങിയ പണത്തിന് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നുചേര്‍ന്ന് ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലിനെ പിന്തുണയ്ക്കുമ്പോള്‍ അത് കേരളത്തിലെ സാധാരണക്കാരായ പാവപ്പെട്ടവരുടെ വികാരത്തിന് എതിരാണെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം ഇരു മുന്നണിയിലെയും വിരലിലെണ്ണാവുന്നവര്‍ക്കേ ഉണ്ടായുള്ളൂ.

സ്വാശ്രയ കോളേജുകള്‍ക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ കേരളത്തിലെ തെരുവുകളില്‍ ചോരയൊഴുക്കിയ നേതാക്കള്‍ നിയമസഭയില്‍ തന്നെ ഉണ്ടായിരുന്നു. പിണറായിയുടെ കണ്ണുരുട്ടലിനു മുന്നില്‍ മൂത്രമൊഴിക്കുന്ന എ.ഐ.എസ്.എഫുകാരും, എസ്.എഫ്.ഐക്കാരും മിണ്ടിയില്ല. പിണറായിയെ നിയന്ത്രിക്കുമെന്ന് വീമ്പു പറഞ്ഞുനടന്ന കാനം മുതല്‍ ഇന്ത്യയില്‍ നിന്ന് ആസാദി (സ്വാതന്ത്ര്യം) വേണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യുവില്‍ പ്രക്ഷോഭം നടത്തിയ യുവകേസരി വരെ വാലു ചുരുട്ടി അനുസരണയുള്ള ശ്വാനനെപ്പോലെ (കളക്ടര്‍ & കമ്മീഷണറിലെ മമ്മൂട്ടിയുടെ ഡയലോഗിനോട് കടപ്പാട്) ആ കാലുകളില്‍ ചുരുണ്ടു കിടന്നു.

ഇങ്ങനെയൊരു നിയമം അംഗീകരിച്ച ഈ നിയമസഭ കേരളത്തിന് അപമാനമാണ്. ഇത് കേരളത്തിന്റെ സാക്ഷരതയ്ക്കും പൊതു ബോധത്തിനും അപമാനമാണ്. സ്വാശ്രയ മുതലാളിമാരുടെ കോടികള്‍ ഉള്ള കോഴത്തട്ടിപ്പിന് ശിങ്കിടി പാടാനാണ് ഈ നിയമസഭയെങ്കില്‍ പണ്ട് സെക്രട്ടേറിയറ്റിനെ കുറിച്ച് ആര്‍. സുഗതന്‍ പറഞ്ഞതുതന്നെയാണ് അഭികാമ്യം. ഇടിച്ചുനിരത്തി ചൊറികണം നടുക. ആക്ഷന്‍ ഹീറോ ബിജുവിലെ പോലെ കൊള്ളാവുന്ന ചുവപ്പിനടിപ്പെടാത്ത ഏതെങ്കിലും പോലീസുകാര്‍ക്കെങ്കിലും പ്രയോജനപ്പെടും. ചില നേതാക്കൾക്ക് ഈ ചികിത്സ അനിവാര്യമാണ്. കൈക്കൂലിയുടെ അസ്കിതയ്ക്ക്.

180 വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് ഓര്‍ഡിനന്‍സും ബില്ലും ഒക്കെയായി അങ്കത്തിനിറങ്ങുന്ന പിണറായി വിജയനോട് ഒരു ചോദ്യമേ കേരളത്തിന് ചോദിക്കാനുള്ളൂ. വയനാട്ടിലെ ഏതാനും വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതെ പോയി എന്ന പരാതിയില്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊരു നടപടിയും ഇല്ലാതെപോയത്. ഒന്നുകൂടി, കേരളത്തിലെ ആദിവാസികളുടെ മണ്ണ് കൈയടക്കിയ കൈയേറ്റക്കാരെ തുരത്തിയോടിച്ച് ആ സ്ഥലം വീണ്ടെടുത്ത് കൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഇനിയും നിലനില്‍ക്കുകയാണ്. കോടതി ഉത്തരവിന് എതിരെ നിയമം കൊണ്ടുവരുന്നവര്‍ ഈ ഉത്തരവ് നടപ്പിലാക്കാന്‍ എന്തെങ്കിലും നടപടിപടി സ്വീകരിക്കുമോ?

ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാകും. ശരിയായി, ലാവ്‌ലിന്‍ സലാം സഖാവേ.

302 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close