മൊഹാലി: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. മൊഹാലി രാത്രി എട്ട് മണിക്കാണ് മത്സരം.
ടീമിന്റെ പ്രകടനം ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെങ്കിലും കളിച്ച രണ്ട് മത്സരത്തിലും നേടിയ ജയം ചെന്നൈ സൂപ്പർ കിംഗ്സിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഡ്വെയിൻ ബ്രാവോയുടെ ഉജ്ജ്വല ബാറ്റിംഗ് മികവിൽ മുംബയ്ക്കെതിരേ നാടകീയ ജയത്തോടെ തുടങ്ങിയ ചെന്നൈ പക്ഷെ, രണ്ടാം മത്സരത്തിൽ കൂടുതൽ ഒത്തിണക്കം പ്രകടമാക്കി.
അമ്പാടി റായിഡുവും വാട്സണും ബില്ലിംഗ്സും ബാറ്റിംഗ് നിരയ്ക്ക് നൽകുന്ന കരുത്ത് മികച്ചതാണ്. റെയ്നയുടെ ഫോം വരും മത്സരങ്ങളിൽ നിർണായകമാവും. വലിയ മൂർച്ചയില്ലെങ്കിലും ബൗളർമാരെ കൃത്യമായി വിനിയോഗിക്കുന്നതിലെ ധോണിയുടെ മികവ് ടീമിന് ഗുണം ചെയ്യും.
കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ബാറ്റിംഗ് നിരയിലെ ദൗർബല്യമാണ് അടിയന്തിരമായ പരിഹരിക്കേണ്ടത്. കെ.എൽ.രാഹുലും കരുൺനായരും മികവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മായങ്ക് അഗർവാളും യുവരാജ് സിംഗും താളം കണ്ടെത്താത്തത് പോരായ്മയാണ്.
അതേസമയം, ബൗളർമാർ പുലർത്തുന്ന മികവ് ടീമിന് കരുത്ത് നൽകുന്നു. അശ്വിനും മോഹിത് ശർമ്മയും മുജീബ് ഉർ റഹ്മാനും അക്സർ പട്ടേലും നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.