മൊഹാലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ കിങ്സ് ഇലവന് പഞ്ചാബിന് 15 റണ്‍സ് ജയം. സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ ബാറ്റിങ് മികവിലാണ് പഞ്ചാബ് മികച്ച വിജയം നേടിയത്. പഞ്ചാബ് മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. സീസണില്‍ സണ്‍റൈസേഴ്സിന്റെ ആദ്യപരാജയമാണിത്.
63 പന്തില്‍ പുറത്താകാതെ 104 റണ്‍സെടുത്ത ഗെയ്ലിന്റെ ഇന്നിങ്സാണ് പഞ്ചാബിന്റെ നട്ടെല്ലായത്. ഒരു ഫോറും പതിനൊന്ന് സിക്സും ഗെയ്ല് അടിച്ചു നേടി. സ്കോര്‍ ബോര്‍ഡില്‍ 53 റണ്‍സ് നില്‍ക്കേ 18 റണ്‍സെടുത്ത രാഹുല്‍ പുറത്തായി. 10.2 ഓവറില്‍ മൂന്നാമന് മായങ്ക് അഗര്‍വാളും(18) പുറത്തായി. തുടര്‍ന്ന് വന്ന കരുണ്‍ നായര്‍ ഗെയ്ലിന് മികച്ച പിന്തുണ നല്‍കിയതോടെ കിങ്സ് ഇലവന് മികച്ച സ്കോറിലേക്കെത്തുകയായിരുന്നു. 58 പന്തിലാണ് ഗെയ്ല് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
57 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 54 റണ്‍സെടുത്തു. പഞ്ചാബിന് വേണ്ടി മോഹിത് ശര്‍മ, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.