പൂനെ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിനൊന്നാം സീസണിൽ രണ്ടാം സെഞ്ച്വറി പിറന്നു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഷെയ്ൻ വാട്സന്റെ വകയായിരുന്നു സീസണിലെ രണ്ടാം സെഞ്ച്വറി.
51 പന്തിൽ നിന്ന് 9 ഫോറുകളുടെയും 6 സിക്സറുകളുടെ അകമ്പടിയോടെയായിരുന്നു വാട്ട്സന്റെ സെഞ്ച്വറി. ആദ്യ ഫിഫ്റ്റി പിറന്നത് 28 പന്തിൽ നിന്നായിരുന്നുവെങ്കിൽ രണ്ടാം ഫിഫ്റ്റി പിറന്നത് 23 പന്തിൽ നിന്നായിരുന്നു.
രണ്ട് വട്ടം രാജസ്ഥാൻ ഫീൽഡർമാർ നൽകിയ ജീവൻ വാട്ട്സൺ മുതലാക്കുകയായിരുന്നു. സ്റ്റുവർട്ട് ബിന്നിയെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ത്രിപാഠി ആദ്യം വാട്ട്സണ് ജീവൻ നൽകി. രണ്ടാം ഓവറിൽ ലഭിച്ച അവസരവും ത്രിപാഠി തന്നെ പാഴാക്കി.
57 പന്തിൽ 106 റൺസെടുത്ത് വാട്ട്സൺ പുറത്തായപ്പോഴേക്കും മഞ്ഞപ്പടയുടെ സ്കോർ 200 കടന്നിരുന്നു.