മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന അധോലോക കുറ്റവാളി അബു സലേമിന്റെ പരോള്‍ അപേക്ഷ തള്ളി. വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടാണ് അബു സലിം അപേക്ഷ നല്‍കിയത്. കൗസര്‍ ബഹര്‍ എന്ന യുവതിയെ ആണ് സലേം വിവാഹം കഴിക്കുന്നത്. 48കാരനായ സലേമിന്റെ രണ്ടാം വിവാഹമാണിത്. മെയ് അഞ്ചിന് വിവാഹം നടത്താനാണ് പദ്ധതി ഇട്ടിരുന്നത്. നവി മുംബൈ പൊലീസ് കമ്മീഷണറാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞ വര്‍ഷം ടാഡ കോടതിയിലും വിവാഹത്തിന് അനുമതി തേടിയുള്ള അപേക്ഷ നല്‍കിയെങ്കിലും അതും തള്ളിയിരുന്നു.
1993ലെ മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന അബു സലേം ഇപ്പോള്‍ തലേജ ജയിലിലാണ് ഉളളത്. 13 ഇടങ്ങളിലായി നടത്തിയ സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനത്തിന്റെ സൂത്രധാരന്‍ അബു സലേം ആയിരുന്നു.
തുടര്‍ന്ന് നടിയും കാമുകിയുമായിരുന്ന മോനിക്ക ബേദിക്കൊപ്പം ഇന്ത്യ വിട്ടു. 2002ല്‍ ഇരുവരും പോര്‍ച്ചുഗീസ് പിടിയിലായി. 2005ല്‍ സലേമിനെ ഇന്ത്യക്ക് കൈമാറി. ഇന്ത്യയിലെത്തിയാലും അബു സലേമിന് വധശിക്ഷ വിധിക്കില്ലെന്ന ധാരണയിലാണ് പോര്‍ച്ചുഗല്‍ ഇവരെ ഇന്ത്യക്ക് കൈമാറിയത്. വ്യാജരേഖ ചമച്ചതുള്‍പ്പെടെ ഉള്ള കേസുകളില്‍ വിചാരണ നേരിടേണ്ടതു കൊണ്ടായിരുന്നു ഇത്.