ലാഹോർ ; പാകിസ്ഥാനിൽ ബൈശാഖി ആഘോഷത്തിനു പോയ സംഘത്തിൽ നിന്നും കാണാതായ സിഖ് വംശജൻ പാക് സ്വദേശിയായ ഫെയ്സ് ബുക്ക് സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തി.
അമൃത്സർ സ്വദേശിയായ അമർജിത്ത് സിംഗ് എന്ന 24 കാരനെയാണ് ബൈസഖി ആഘോഷത്തിനിടെ കാണാതായത്.ഇയാളെ ഇന്ന് ഇന്ത്യയിലെത്തിക്കും.
1700 സിഖ് തീർഥാടകരടങ്ങുന്ന സംഘത്തിനൊപ്പം ഈ മാസം 12 നാണ് അമർജിത്ത് പാകിസ്ഥാനിലെത്തിയത്.
ആഘോഷങ്ങൾക്ക് ശേഷം മടങ്ങി വരാൻ തയ്യാറെടുക്കുമ്പോഴാണ് യുവാവിനെ കാണാതായത്.തുടർന്ന് അമർജിത്തിനായി അന്വേഷണം വ്യാപിപ്പിച്ചു.
ഇവാക്വ ട്രസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട പാക് സ്വദേശി അമർ റസാഖിന്റെ വീട്ടിൽ യുവാവ് ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അമർജിത്തിനെ പാകിസ്ഥാൻ ഇന്റലിജൻസ് വിഭാഗം ചോദ്യം ചെയ്തു.
ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടായേക്കുമെന്ന സംശയത്തെ തുടർന്നാണിത്. ചോദ്യം ചെയ്യലിൽ സംശയകരമായതൊന്നും കണ്ടെത്തിയില്ലെന്നും, അമർജിത്തിനെ ഇന്ന് ഇന്ത്യയിലേക്ക് അയക്കുമെന്നും ഇവാക്വ ട്രസ്റ്റ് അധികൃതർ അറിയിച്ചു.