ഹോളിവുഡ് സിനിമ നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റൈന് പൊലീസില്‍ കീഴടങ്ങി. കീഴടങ്ങിയതിന് പിന്നാലെ ഒരു മില്ല്യണ്‍ ഡോളര്‍ (ആറു കോടി 77 ലക്ഷം രപപ) ജാമ്യത്തുകയില്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ജാമ്യത്തുകക്ക് പിന്നാലെ ജിപിഎസ് ട്രാക്കര്‍ ധരിക്കണമെന്നും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസില്‍ ഏല്‍പ്പിക്കണം എന്നുമുള്ള നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
12ഓളം സ്ത്രീകളാണ് 66കാരനായ ഹാര്‍വിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ കീഴടങ്ങിയത്. മാന്‍ഹാട്ടന്‍ പോലീസ് സ്റ്റേഷനില്‍ അമേരിക്കന്‍ സമയം രാവിലെ 7.25 ഓടെയാണ് വെയ്ന്സ്റ്റെന് ഹാജരായത്. മാന്‍ഹാട്ടന്‍ ഗ്രാന്‍ഡ് ജൂറിയുടെ മേല്‍നോട്ടത്തിലായിരിക്കും കേസ് അന്വേഷണം നടക്കുന്നത്.
ലോകമൊട്ടാകെ ഉള്ള സത്രീകള്‍ ഏറ്റെടുത്ത മീടു ക്യാമ്പെയിനും ഹാര്‍വിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിന്നാണ് തുടങ്ങുന്നത്. ഹാര്‍വിക്കെതിരെ പരാതികളുയര്‍ന്നതിന് പിന്നാലെ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ നടിമാരും വിവിധ മേഖലകളിലെ സ്ത്രീകളും മീ ടൂ ക്യാമ്പെയ്നിലൂടെ അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഹാര്‍വിക്കെതിരെ ഒരു ഡസനോളം സ്ത്രീകള്‍ നല്കിയ പരാതിയില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നിര്‍ണായക നിമിഷമാണെന്നും ഏറെ സന്തോഷമുണ്ടെന്നും വെയ്ന്‍സ്റ്റീനെതിരെ പരാതികള്‍ ഉന്നയിച്ച ചില നടിമാര്‍ പ്രതികരിച്ചു. എന്നാല്‍ ആരോപണങ്ങള്‍ കള്ളമാണെന്ന് കോടതിയില്‍ തെളിയിക്കുമെന്ന് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ അഭിഭാഷകര്‍ പറഞ്ഞു.