ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയെന്ന നേട്ടം സ്വന്തമാക്കി 53കാരി സംഗീത ബല്. ജമ്മു കശ്മീര്‍ സ്വദേശിനിയായ സംഗീത ഒരു സംരംഭകയും മുന്‍ മോഡലുമാണ്.
മെയ് 19നാണ് രണ്ട് ഷെര്‍പ്പകളുടെ സഹായത്തോടെ സംഗീത എവറസ്റ്റിലെത്തുന്നത്. തന്റെ രണ്ടാം ശ്രമത്തിലാണ് സംഗീത അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയത്. ആദ്യത്തെ തവണ ഉയരങ്ങളിലേക്ക് കയറുമ്പോഴുണ്ടാകുന്ന ശാരീരിക പ്രശ്നങ്ങള്‍ മൂലം ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
സംഗീതയുടെ ഭര്‍ത്താവ് അങ്കുര്‍ ബലും 2016ല്‍ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികളില്‍ ആറെണ്ണവും സംഗീത കീഴടക്കിയിട്ടുണ്ട്. 48 വയസുകാരി പ്രേംലത അഗര്‍വാളിന്റെ റെക്കോര്‍ഡാണ് സംഗീത തകര്‍ത്തത്. 2011 മെയ് 20 നാണ് പ്രേംലത എവറസ്റ്റ് കീഴടക്കിയത്.
ഈ ഞായറാഴ്ച കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി സംഗീതക്ക് നേട്ടത്തില്‍ അഭിനന്ദനമറിയിച്ച് ആശംസകളയച്ചിരുന്നു. തനിക്ക് പിന്തുണയും വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി സംഗീത ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഔദ്യോഗിക രേഖകള്‍ പ്രകാരം 72 ഇന്ത്യക്കാരാണ് ഈ എവറസ്റ്റ് കീഴടക്കിയത്. ഈ ഗണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. അമേരിക്കയില്‍ നിന്നുള്ളവര്‍ക്കാണ് ഒന്നാം സ്ഥാനം.
അടുത്തിടെയാണ് ഹരിയാനയില്‍ നിന്നുള്ള ശിവാംഗി പഥക് എവറസ്റ്റ് കീഴടക്കിയത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടം ഇതോടെ ശിവാംഗി നേടിയിരുന്നു