ചെന്നൈ ; കാഞ്ചീപുരം ചെങ്കൽ പേട്ടിനടുത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് പൊലീസിന്റെ അറിയിപ്പിനെ തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ ജസ്നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം ചെങ്കൽ പേട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
മൃതദേഹം ചെങ്കൽ പേട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചെങ്കൽ പേട്ട് റോഡിനു സമീപത്തു നിന്നും കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.നൈറ്റ് പട്രോളിംഗ് പൊലീസ് സംഘമാണ് മൃതദേഹം കണ്ടത്.മൃതദേഹത്തിനു സമീപത്തു നിന്നും രണ്ടു പേർ ഓടിപോകുന്നത് കണ്ടതായി പൊലീസുകാർ പറഞ്ഞിരുന്നു.
മൃതദേഹത്തിന്റെ പല്ലിൽ ക്ലിപ്പിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.കാണാതായ ജസ്നയുടെ പല്ലിലും ക്ലിപ്പ് ഇട്ടിരുന്നു.ഇതേ തുടർന്നാണ് കാണാതായ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘവും തമിഴ്നാട്ടിലേക്ക് തിരിച്ചത്.