ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണ നടപടിയായ ജിഎസ്ടി നടപ്പിലാക്കിയിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുന്നു. ചരക്കു സേവന നികുതിയുടെ വാര്‍ഷിക വേളയില്‍ നേട്ടങ്ങളുടെ പട്ടികയിലാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ. നേരത്തെ നികുതി വെട്ടിച്ചിരുന്നവര് ഇന്ന് ഔപചാരിക സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറുന്ന കാഴ്ചയാണ് ജിഎസ്ടിയിലൂടെ കണ്ടത്.
പരോക്ഷ നികുതി വരുമാനത്തില്‍ 11 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നേട്ടത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്. കേരളം ഉള്‍പ്പടെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളുടെയും നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായി. വ്യവസായിക വാണിജ്യ മേഘലകളിലെ ഏകീകൃത സ്വഭാവം, പരോക്ഷ നികുതികളുടെയും സെസ്സുകളുടെയും വര്‍ധനവിന് തടയിടല്‍, നികുതി ദായകരുടെ എണ്ണത്തിലുള്ള വര്‍ധനവ്, ഇരട്ട നികുതിയ്ക്ക് വിരാമം, നികുതി വകുപ്പിലെ അഴിമതിയിലെ വന്‍ ഇടിവ്, തുടങ്ങി നേട്ടങ്ങളുടെ പട്ടിക ജി എസ് ടി യില്‍ ചെറുതല്ല.
ചരക്കു സേവന നികുതിയെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം വിമര്‍ശിച്ചപ്പോഴും സമ്പദ് വ്യവസ്ഥയിലെയും നികുതി വരുമാനത്തിലെയും വളര്‍ച്ച രാജ്യത്തെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഉണ്ടായ അപാകതകള്‍ പരിഹരിച്ച് പല ഉല്‍പ്പന്നങ്ങളുടെയും നികുതി ഘടനയില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു.