മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ക്രൊയേഷ്യയും ഇറങ്ങുന്നു. സമാറ അരീനയിൽ രാത്രി ഏഴരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് – സ്വീഡനെ നേരിടും. സോച്ചിയിൽ നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ക്‍രൊയേഷ്യയുടെ എതിരാളി ആതിഥേയരായ റഷ്യയാണ്.
ലോകകിരീടം തിരികെപ്പിടിക്കാൻ ലക്ഷ്യമിട്ടെത്തുന്ന ഇംഗ്ലണ്ട്. കന്നികീരീടത്തിനായി വീറോടെ പൊരുതാൻ സ്വീഡനും ക്രൊയേഷ്യയും പിന്നെ റഷ്യയും. ലോകകപ്പ് ഫുട്ബോളിൽ ഇന്ന് തീപാറും ക്വാർട്ടർ പോരാട്ടം. കൊളംബിയയെ ഷൂട്ടൗട്ടിൽ തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് നിര. ഷൂട്ടൗട്ടിലെ ദൗർഭാഗ്യം മറികടന്നെത്തുന്ന ഹാരി കെയ്നും സംഘത്തിനും സ്വീഡിഷ് പ്രതിരോധം തകർക്കാനായാൽ സെമിയിലേക്ക് മുന്നേറാം.
ആറു ഗോളുമായി ഗോൾ വേട്ടയിൽ മുന്നേറുന്ന നായകൻ ഹാരി കെയ്ൻ സമാറ അരീനയിൽ മികവ് ആവർത്തിച്ചാൽ 1990ലെ ഇറ്‍റലി ലോകകപ്പിന് ശേഷം അവസാന നാലിൽ ഇടം പിടിക്കും. പ്രതിരോധക്കരുത്തിൽ വിശ്വാസം അർപ്പിച്ചാണ് സ്വീഡിഷ് നിര ഇറങ്ങുന്നത്. എന്നാൽ മൈക്കിൽ ലാങിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്.
പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ക്വാർട്ടർ ബർത്ത് ഉറപ്പിച്ച റഷ്യയ്‌ക്കും ക്രൊയേഷ്യയും നേർക്കുനേർ പോരാട്ടത്തിന് സോച്ചിയിലെ ഫിഷ്ട് സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. സ്പെയിനെ ഷൂട്ടൗട്ടിൽ അട്ടിമറിച്ചെത്തുന്ന ആതിഥേയർക്ക് ക്രൊയേഷ്യയുടെ പ്രതിരോധവും മധ്യനിരയും കടുത്തവെല്ലുവിളി ഉയർത്തും. ഡെൻമാർക്കിനെ ഷൂട്ടൗട്ടിൽ കെട്ടുകെട്ടിച്ചാണ് ക്രൊയേഷ്യ ക്വാർട്ടറിന് ഇറങ്ങുന്നത്.
ഇവാൻ റാക്കിറ്റിച്ചും ലുക്ക മോഡ്രിച്ചും ഉൾപ്പെട്ട മധ്യനിരയിലാണ് ക്രൊയേഷ്യയുടെ പ്രതീക്ഷ അത്രയും. മുന്നേറ്റത്തിന് കരുത്തേകാൻ മരിയോ മാൻസികിച്ചുമുണ്ട്. മത്സരം അധിക സമയം പിന്നിട്ട് ഷൂട്ടൗട്ടിലേക്ക് മത്സരം മുന്നേറിയാൽ പോരാട്ടം റഷ്യയുടെ ഇഗോർ അക്കിൻ ഫീവും ക്രൊയേഷ്യയുടെ ഡാനിയേൽ സുബാസിച്ചും തമ്മിലാകും.















