FootballFIFA World Cup 2018

ലോകകപ്പിൽ ക്രൊയേഷ്യ സെമിയിൽ

മോസ്കോ: ആതിഥേയരായ റഷ്യയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോളിന്‍റെ സെമിഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ 4-3നായിരുന്നു ക്രൊയേഷ്യയുടെ ജയം. സെമിഫൈനലിൽ ക്രൊയേഷ്യ, ഇംഗ്ലണ്ടിനെ നേരിടും.

ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് സോചി സാക്ഷ്യം വഹിച്ചത്. ആക്രമണ പ്രത്യാക്രമണങ്ങളും നാടകീയതകളും നിറഞ്ഞ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിധിയെഴുത്ത്. ഷൂട്ടൗട്ടിലെ നാല് കിക്കുകൾ ക്രൊയേഷ്യൻ താരങ്ങൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, റഷ്യയ്ക്ക് നേടാനായത് മൂന്ന് ഗോളുകൾ മാത്രം.

ബ്രോസോവിച്ച്, ലുക്കാ മോഡ്രിച്ച്, വിദ, റാക്കിറ്റിച്ച് എന്നിവർ ക്രൊയേഷ്യയ്ക്കുവേണ്ടി ഷൂട്ടൗട്ടിൽ ഗോൾ നേടി.

ഇരു ടീമുകളുടേയും ആക്രമണ-പ്രത്യാക്രമണങ്ങൾ കണ്ട ഒന്നാം പകുതിയുടെ 31-ാം മിനിറ്റിൽ ഡെനിസ് ചെറിഷേവിന്‍റെ ഉജ്ജ്വല ലോംഗ് റേഞ്ചറിലൂടെ റഷ്യയാണ് ആദ്യം സ്കോർ ബോർ‍ഡ് തുറന്നത്. സ്യൂബയുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്സിനു പുറത്തുനിന്നും ചെറിഷേവ് തൊടുത്ത ഇടങ്കാലൻ ഷോട്ട് ഒന്നാം പോസ്റ്റിന്‍റെ മുകൾ മൂലയിലൂടെ വലയിലേക്ക്. സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷം. മൈതാനമധ്യം അടക്കിവാഴാൻ ശ്രമിച്ച ലൂക്കാ മോഡ്രിച്ചിന്‍റേയും കൂട്ടരുടേയും ഇടനെഞ്ചിൽപതിച്ച വെടിയുണ്ടയായിരുന്നു അത്.

അൽപമൊന്ന് തളർന്നെങ്കിലും സടകുടഞ്ഞെണീറ്റ ക്രൊയേഷ്യ, റഷ്യൻ പ്രതിരോധത്തിലെ പാളിച്ച പ്രയോജനപ്പെടുത്തി 39-ാം മിനിറ്റിൽ ഒപ്പമെത്തി. ഇടത് പാർശ്വത്തിലൂടെ റഷ്യൻ ബോക്സിലേക്ക് തുളച്ചുകയറിയ മാരിയോ മർസൂക്കിച്ച് നൽകിയ ക്രോസ് ഒരു ക്ളിനിക്കൽ ഹെഡ്ഡറിലൂടെ ആന്‍‍ഡ്രേജ് ക്രമരിച്ച് മിന്നൽപോലെ വലയിലാക്കുകയായിരുന്നു.

നിശ്ചിത സമയം അവസാനിക്കുമ്പോഴും തുല്യത തുടർന്നതോടെ അനിവാര്യമായ അധികസമയം. അധിക സമയത്തിന്‍റെ തുടക്കം മുതൽ അപകടകരമായ ആക്രമണങ്ങളിലൂടെ കളം നിറഞ്ഞത് റഷ്യയാണെങ്കിലും 101ആം മിനിറ്റിൽ ദൊമഗോജ് വിദയിലൂടെ ക്രൊയേഷ്യ മുന്നിൽ.

പോരാട്ടം വാശിയോടെ തുടർന്ന റഷ്യ 115-ആം മിനിറ്റിൽ തുല്യത നേടി. യോസിപ് പിവാരിച്ചിന്‍റെ ഹാൻഡ് ബോളിന് ലഭിച്ച ഫ്രീകിക്കിൽ നിന്നും തകർപ്പനൊരു ഹെഡ്ഡറിലൂടെ മരിയോ ഫെർണാണ്ടസ് റഷ്യയുടെ രണ്ടാം ഗോൾ കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച നടക്കുന്ന സെമിഫൈനലിൽ ക്രൊയേഷ്യ, ഇംഗ്ലണ്ടിനെ നേരിടും. പത്താം തീയതി നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസ് ബെൽജിയവുമായി ഏറ്റുമുട്ടും.

556 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close