FIFA World Cup 2018

ആദ്യ സെമി ഇന്ന്; ഫ്രാൻസും ബൽജിയവും ഏറ്റുമുട്ടും

മോസ്കോ: ലോകകപ്പ് ഫുട്ബോളിന്‍റെ ആദ്യ സെമിയിൽ ഇന്ന് ഫ്രാൻസും ബൽജിയവും ഏറ്റുമുട്ടും. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. സെന്‍റ്പീറ്റേഴ്സ് ബർഗിൽ ഇന്ത്യൻസമയം രാത്രി 11.30നാണ് മത്സരം.

അർജന്‍റീനയെ വേഗമേറിയ ആക്രമണം കൊണ്ടും ഉറുഗ്വായെ ഒത്തിണക്കത്തിലൂടെയും കെട്ടുകെട്ടിച്ച ഫ്രാൻസിന് ഇന്ന് സെമിയിൽ നേരിടേണ്ടത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിൽ ഒന്നിനെയാണ്.

ഏറെക്കുറേ ഒരേശൈലിയിൽ കളിക്കുന്ന രണ്ട് കൂട്ടർക്കും സമാനതകൾ ഏറെയാണ്. ആക്രമണത്തിലെ വേഗത, മധ്യനിരയിലെ മികവ്, പ്രതിരോധത്തിലെ കരുത്ത്, ലോകോത്തര ഗോൾകീപ്പർമാർ. സസ്പെഷൻ കാരണം ഡിഫൻഡർ തോമസ് മ്യൂനിയർക്ക് കളിക്കാൻ കഴിയാത്തത് ബൽജിയത്തെ ബാധിച്ചേക്കാം. അതേസമയം, സസ്പെൻഷനിലായിരുന്ന മറ്റ്യൂ‍ഡി മടങ്ങിയെത്തുന്നത് ഫ്രാൻസിന് ഗുണം ചെയ്യും. മ്യൂനിയറുടെ അഭാവത്തിൽ ഫ്രാൻസിനെ തടഞ്ഞുനിർത്താൻ ബൽജിയം ഇന്ന് 4-4-2 ഫോർമേഷനിൽ കളിക്കാനാണ് സാധ്യത.

യാനിക് കരാസ്കോ മടങ്ങിയെത്തുന്നതിനാൽ നാസർ ചാഡ്ലി വലതു വിംഗിലായിരിക്കും ഇറങ്ങുക. മധ്യനിരതാരം ഏ‍ഡൻ ഹസാർഡായിരിക്കും ഫ്രാൻസിന് ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിക്കുക. ഹസാർഡിനുള്ള ഫ്രഞ്ച് മറുപടിയാണ് എൻഗോളൊ കാണ്ടെ. ഇരുവരും തമ്മിലുള്ള പോരാട്ട വിജയത്തെ ആശ്രയിച്ചിരിക്കും മത്സര ഫലവും. ഏ‍ഡൻ ഹസാഡിൽ നിന്നും ലുക്കാക്കുവിലേക്ക് പാസുകൾ അനായാസം ഒഴുക്കി ബൽജിയത്തിന്‍റെ സുവർണനിരയെന്ന വിശേഷണം അന്വർത്ഥമാക്കാനുള്ള ശ്രമത്തിലാണ് താരങ്ങൾ.

എന്നാൽ, 2006ന് ശേഷം ആദ്യമായി സെമിയിലെത്തുന്ന ഫ്രാൻസിന് പോഗ്ബ, കാണ്ടെ, മറ്റ്യൂഡി, ഉംറ്റിറ്റി, ഗ്രിസ്മാൻ, എംബാപെ എന്നിങ്ങനെ ഉജ്ജ്വലതാരങ്ങങ്ങളുടെ വൻനിര തന്നെയുണ്ട്. അതവർക്ക് ഒരു ചുവടിന്‍റെ മുൻതൂക്കം നൽകുന്നുവെന്നാണ് വിലയിരുത്തലെങ്കിലും ബ്രസീലിനെ മറികടന്നെത്തിയ ബൽജിയത്തെ കീഴടക്കുക എളുപ്പമാവില്ല.

230 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close