ടുറിൻ : റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കറും പോർച്ചുഗൽ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡൊ ഇറ്റാലിയൻ ഭീമന്മാരായ യുവന്റസിനു വേണ്ടി കളിക്കുമെന്ന് ഉറപ്പായി . ഇത് സംബന്ധിച്ച കരാർ റയൽ മാഡ്രിഡും യുവന്റസും ഒപ്പുവച്ചു. 105 മില്യൺ യൂറോയുടേതാണ് കരാർ. ഏകദേശം 805 കോടി ഇന്ത്യൻ രൂപ . നാലു വർഷത്തേക്കാണ് കരാർ.
യുവന്റസ് പ്രസിഡന്റ് ആന്ദേ അഗ്നല്ലി ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഗ്രീസിൽ റൊണാൾഡോ താമസിക്കുന്ന ഹോട്ടലിൽ എത്തിയിരുന്നു. അതേസമയം റൊണാൾഡോയുടെ മാനേജർ ജോർജ്ജ് മെൻഡിസ് റയൽ മാഡ്രിഡ് ക്ളബ്ബ് അധികൃതരുമായും ചർച്ച നടത്തി.
കഴിഞ്ഞ ഒൻപത് സീസണുകളായി റയലിനു വേണ്ടിയായിരുന്നു റൊണാൾഡോ ബൂട്ടണിഞ്ഞത് . നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന റൊണാൾഡോ 80 ദശലക്ഷം യൂറോയ്‌ക്കാണ് മാഡ്രിഡിലെത്തിയത്. 451 ഗോളുകളാണ് താരം റയൽ മാഡ്രിഡിനു വേണ്ടി നേടിയത് . റയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായിരുന്നു റൊണാൾഡോ.
നാല് ചാമ്പ്യൻസ് ലീഗ് പട്ടങ്ങളും രണ്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും രണ്ട് സ്പാനിഷ് കിംഗ്സ് കപ്പുകളും റയലിനു നേടിക്കൊടുക്കുന്നതിൽ റൊണാൾഡോ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.















