ലോകത്തില്‍ 14,400 വര്‍ഷങ്ങള്‍ക്കു മുന്‍പും ബ്രഡ് ഉണ്ടാക്കിയിരുന്നതിന് തെളിവുകള്‍ ലഭിച്ചു. വടക്കുകിഴക്കന്‍ ജോര്‍ദാനിലാണ് ഇത്തരത്തില്‍ ബ്രഡ് നിര്‍മാണം നടത്തിയതെന്നു കരുതുന്ന സ്ഥലം കണ്ടെത്തിയത്. ഇതോടൊപ്പം 4000 വര്‍ഷം പഴക്കമുള്ള ബ്രഡും കണ്ടെത്തിയിട്ടുണ്ട്. ജോര്‍ദാനിലെ ബ്ലാക്ക് ഡെസേര്‍ട്ടിന് സമീപത്ത് നിന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതെന്ന് കരുതപ്പെടുന്ന ബ്രഡും കണ്ടെടുത്തത്.
പലതരം ധാന്യങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്ന മള്‍ട്ടി ഗ്രെയിന്‍ ബ്രഡിനു സമാനമാണിത്. കാട്ടു ഗോതമ്പ്, ബാര്‍ലി, ചില ചെടികളുടെ വേരുകള്‍, വെള്ളം എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. വേവിച്ചെടുത്ത മാംസം ഇതിനുള്ളില്‍ വച്ചാണ് അന്നുള്ളവര് കഴിച്ചിരുന്നത്. സാന്‍വിച്ചിന്റെ ഏകദേശരൂപമാണിത്. ഇത്തരത്തില്‍ കണ്ടെടുത്ത പഴക്കം ചെന്ന ബ്രഡും ഇതാണ്.
നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു ജേര്‍ണലിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. നിയോലിത്തിക് കാലഘട്ടത്തില്‍ തന്നെ കാര്‍ഷിക വിപ്ലവം ഉണ്ടായിരുന്നതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് സഹായകമാകുന്ന തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി, ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള റിസര്‍ച്ച് സംഘമാണ് പഠനം നടത്തിയത്.