ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്മോഷണസംഘത്തിലെ കണ്ണികള്‍ പിടിയില്‍. കുപ്രസിദ്ധരായ ആറംഗ മോഷണ സംഘത്തിലെ രണ്ടു പേരാണ് പിടിയിലായത്. മോഷണ സംഘത്തിന്റെ തലവനും സൂത്രധാരനുമായ അസ്ലം ഖാന്, മുകേഷ് കുമാര്‍ എന്നിവരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പുരിയിലെ ജഗന്നാഥില്‍ നിന്ന് മടങ്ങി വരവെയാണ് ഇവര്‍ പിടിയിലാകുന്നത്. സ്മാര്‍ട് ഫോണുകള്‍, പിസ്റ്റല്‍, വെടിയുണ്ടകള്‍ തുടങ്ങിയവ ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കടന്നു കൂടി മോഷണം നടത്തുന്നതില്‍ വൈദഗ്ധ്യം നേടിയവരാണിവര്‍. മോഷണം നടത്തേണ്ട സ്ഥലങ്ങളിലേക്ക് വിമാനത്തിലായിരിക്കും പലപ്പോഴും എത്തുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് സംഘം താമസിക്കുന്നത്. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് ആള്‍ക്കൂട്ടത്തിലേക്ക് എത്തുന്നത്. ഇതിന് ശേഷം അതിവിദഗ്ധമായി പണവും മൊബൈല്‍ ഫോണുകളും മറ്റും കവരും. അയ്യായിരത്തിലധികം ഫോണുകള്‍ ഇതിനകം കവര്‍ന്നതായി അസ്ലം പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
വന്‍ ആള്‍ക്കൂട്ടമെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രചാരണ റാലി, ജസ്റ്റിന് ബീബറുടെ മുംബൈയിലെ സംഗീതനിശ, ഗ്രേറ്റര്‍ നോയിഡയിലെ ഓട്ടോ എക്സ്പോ, ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളിലെല്ലാം മോഷണസംഘം എത്തിയിരുന്നു. ട്രെയിനില്‍ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുകളില്‍ കോടികളുടെ മോഷണ മുതലുകളുമായാണ് തിരിച്ചുപോക്ക്.
ബസുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് അസ്ലമിന്റെ പേരില്‍ 1995 മുതല്‍ കേസുകളുണ്ട്. കുട്ടികളെ ഉപയോഗിച്ചും മോഷണം നടത്തിയിരുന്നു. പിന്നീടാണ് ഇയാള്‍ മോഷണ ശൃംഖല വ്യാപിപ്പിക്കുന്നത്. ഇതിനു ശേഷമാണ് കുപ്രസിദ്ധരായ അഞ്ച് മോഷ്ടാക്കളെ ഒപ്പം കൂട്ടുന്നത്. മാസത്തില്‍ നാല്‍പ്പതിനായിരം രൂപ ഇവര്‍ക്ക് ശമ്പളമായി നല്‍കും.
പത്രങ്ങളിലും ടിവിയിലുമൊക്കെ വലിയ പരിപാടികള്‍ എവിടെയാണ് നടക്കുന്നതെന്ന് നോക്കി വച്ചതിനു ശേഷമാണ് കൃത്യത്തിനിറങ്ങുന്നത്. ഓരോ പരിപാടികളില്‍ നിന്നും ഈ സംഘം 50 മുതല്‍ 60 വരെ സ്മാര്‍ട്ഫോണുകള്‍ ഇവര്‍ കൈക്കലാക്കിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.