IndiaSpecial

നിർമ്മലാജി കള്ളം പറഞ്ഞൂ : മോദിജി കള്ളം പറഞ്ഞു : ഒടുവിൽ കള്ളം പറഞ്ഞതാരെന്ന് തെളിഞ്ഞു : അത് രാഹുൽജിയായിരുന്നു

നാട്ടിൽ നിന്ന് പറയാതെ മുങ്ങുന്ന രാഹുൽജി എവിടെ പോയതാണെന്നതിനുള്ള ഒരു ഉത്തരം കിട്ടിയിട്ടുണ്ട് . തെരഞ്ഞെടുപ്പുകളിൽ തോൽക്കുമ്പോഴും സ്വന്തം പാർട്ടി പ്രതിസന്ധി നേരിടുമ്പോഴുമെല്ലാം പാർട്ടിയുടെ എല്ലാമെല്ലാമായ രാഹുൽജി വിദേശത്തെവിടെയെങ്കിലുമായിരിക്കും എന്നത് കോൺഗ്രസുകാർക്ക് പൊതുവെ സങ്കടമുണ്ടാക്കുന്ന കാര്യമായിരുന്നു.

അദ്ദേഹത്തിന്റെ ഇടയ്ക്കിടയ്ക്കുള്ള മുങ്ങൽ എങ്ങോട്ടാണെന്ന് ഇന്ന് സഭയിലെ യമണ്ടൻ പ്രസംഗത്തിൽ നിന്നാണ് മനസ്സിലായത്. റാഫേൽ ഇടപാടിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ അന്ന് അദ്ദേഹം ഫ്രാൻസിലേക്കായിരുന്നു പോയിരുന്നതത്രെ. അതും ഡിസ്നിലാൻഡിലും പാന്തിയോണിലുമൊന്നും കറങ്ങാനായിരുന്നില്ല . ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചില രഹസ്യങ്ങൾ സംസാരിക്കാനായിരുന്നു.

അങ്ങനെയാണ് രാഹുൽജി കാര്യം മനസ്സിലാക്കിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റാഫേൽ ഇടപാടിൽ രഹസ്യമാക്കി വെക്കേണ്ട ഒന്നും ഇല്ലത്രെ . ഫ്രഞ്ച് പ്രസിഡന്റ് തന്നെയാണ് രഹസ്യമായി ഇഷ്ടനോട് കാര്യം പറഞ്ഞത് . മൺസൂൺ സമ്മേളനം തുടങ്ങുമ്പോൾ ഇതൊന്നു പുറത്തുവിട്ട് ഭൂകമ്പം ഉണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചതിൽ തെറ്റുണ്ടോ . ഒരു തെറ്റുമില്ല.

രാഹുൽജി ഇന്ന് പാർലമെന്റിൽ ആഞ്ഞടിച്ചു എന്നൊക്കെയാണ് കേരളത്തിലെ ചിലരെങ്കിലും വാഴ്ത്തിപ്പാടുന്നത്. മറ്റാരെയും വാഴ്ത്തിപ്പാടാനില്ലാത്ത കേരളത്തിലെ ഇടതരും രാഹുലിന്റെ പെർഫോമൻസിൽ സന്തുഷ്ടരാണ് .രാഹുൽജി അടിപൊളിയാണ് . മോദി ഞെട്ടി , വിറച്ചു, തകർന്നു എന്നൊക്കെയാണ് വായ്ത്താരികൾ.

ദോഷം പറയരുതല്ലോ.. രാഹുൽജി ആഞ്ഞടിക്കുക തന്നെ ചെയ്തു. കൈകൾ എല്ലാവശങ്ങളിലേക്കും വീശിയുള്ള അടികൾ ഒന്ന് കാണേണ്ട കാഴ്ച്ചയായിരുന്നു. ഒരു ഘട്ടത്തിൽ കൈവീശലിന്റെ ഊക്കു കൊണ്ട് അടി പിറകിലിരുന്നു ചിരിക്കുന്ന നമ്മുടെ മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിന്റെ മുഖത്ത് കൊള്ളുമോ എന്ന് പോലും കാണികൾ സംശയിച്ചു.

അതിനിടയിലാണ് റാഫേലിന്റെ പേരിൽ രാഹുൽജി ആഞ്ഞടിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ ആ രഹസ്യം സഭയിൽ പൊട്ടിച്ചു. റാഫേൽ ഇടപാടിൽ രഹസ്യ കരാറൊന്നുമില്ല .. മോദിജിയും നിർമ്മലാജിയും കള്ളം പറഞ്ഞതാണ് . മോദിജിക്ക് എന്റെ കണ്ണുകളെ നേരിടാൻ ശക്തി ഇല്ല എന്നുകൂടി വച്ചുകാച്ചി.

വൗ .. മലയാള മാദ്ധ്യമങ്ങളും അതിൽ പ്രവർത്തിക്കുന്ന സിഐടിയുക്കാരും ബ്രേക്കിംഗ് അടിച്ചു . ദാ രാഹുൽജി മോദിജിയെ അടിച്ചു പഞ്ഞിക്കിടുന്നു. കടന്നാക്രമിക്കുന്നു. അവസാനം മോദിയുടെ നെഞ്ചിൽ ചാഞ്ഞ് ഒരു കിടന്നാക്രമണം കൂടി കഴിഞ്ഞാണ് രാഹുൽജി പ്രകടനം അവസാനിപ്പിച്ചത്. സീറ്റിൽ വന്നിരുന്ന് പ്രകടനമെങ്ങനെ എന്ന് കണ്ണിറുക്കി ചോദിക്കുകയും ചെയ്തു.

മോദിജി നിസാരമാക്കി ഇരുന്നു ചിരിച്ചെങ്കിലും നിർമ്മലാജി വിട്ടില്ല. കരാർ 2008 ൽ ഉണ്ടെന്നും അതൊപ്പിട്ടത് എകെ ആന്റണിയാണെന്നും ആയമ്മ ആഞ്ഞടിച്ചു. ഊതിവീർപ്പിച്ചുവച്ച ആരോപണത്തിന്റെ കാറ്റ് പോകുന്നതിനിടെ പ്രകടനത്തിന്റെ ക്ഷീണം തീർക്കാൻ രാഹുൽജി പാർലമെന്റിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

അപ്പോഴാണ് ഫ്രാൻസിൽ നിന്ന് അടുത്ത അടി. ഇടപാടിന്റെ രഹസ്യം സംരക്ഷിക്കണമെന്ന കരാർ ഉള്ളതാണ് . അത് ഒപ്പിട്ടത് രാഹുൽജിയുടെ പാർട്ടി ഭരിക്കുമ്പോഴായിരുന്നു. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട് .രാഹുൽജി പറഞ്ഞത് കള്ളമാണ്.

പ്ളിംഗ്..!

എന്തൊക്കെയായിരുന്നു.. മലപ്പുറം കത്തി,അമ്പും വില്ലും ട്രാൻസിസ്റ്റർ ബോംബ് .. ഒടുവിൽ രാഹുൽജി ഇതാ ശവമായി എന്നു മാത്രമല്ല കള്ളനുമായി..ഇപ്പോൾ കോൺഗ്രസുകാർ പോലും ചിന്തിക്കുന്നത് മറ്റൊരു കാര്യമാണ്..

സത്യത്തിൽ രാഹുൽജി ഏത് ഫ്രഞ്ച് പ്രസിഡന്റിനെ ആണ് കണ്ടത് .. ങേ !

7K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close