ന്യൂഡല്‍ഹി: ഭാര്യയെ നാട്ടിലുപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്കെതിരെ വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തയാറാക്കൊനൊരുങ്ങി വിദേശകാര്യമന്ത്രാലയം. കുറ്റാരോപിതനായ വ്യക്തി പ്രതികരിക്കാത്ത പക്ഷം അയാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പോര്‍ട്ടല്‍ തയാറാക്കുന്നതിന് മുന്നോടിയായി ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. പോര്‍ട്ടല്‍ വഴി പുറപ്പെടുവിക്കുന്ന സമന്‍സുകള്‍ക്കും വാറണ്ടുകള്‍ക്കും നിയമസാധുത ലഭിക്കുന്നതിനാണിത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കും. നിയമനിര്‍മാണ സഭ, നിയമ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, വനിത ശിശുക്ഷേമ മന്ത്രാലയം എന്നിവരെല്ലാം ഈ ആശയത്തോട് യോജിപ്പ് പ്രകടിപ്പിച്ചതായും സുഷമ സ്വരാജ് പറഞ്ഞു.
വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പുറം രാജ്യത്ത് ജോലി ചെയ്യുന്ന ഭര്ത്താക്കന്മാര് ഉപേക്ഷിച്ചെന്ന പരാതിയുമായി 3328 സ്ത്രീകളാണ് 2015 ജനുവരി മുതല്‍ നവംബര്‍ 2017 വരെ അധികൃതരെ സമീപിച്ചത്. നിയമനിര്‍മാണം നടത്തുന്നതിലൂടെ ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.