മുംബൈ: റോഡിലെ ഗട്ടറില്‍ വീണ് മകന് മരിച്ചതിന് പിന്നാലെ അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആഗ്രഹവുമായി ഒരു അച്ഛന് മൂടിയത് റോഡിലെ അഞ്ഞൂറിലേറെ കുഴികള്‍. മഹാരാഷ്ട്രയില്‍ മുംബൈക്ക് സമീപം ദാദാറാവു ബില്ഹോറെ എന്ന പിതാവാണ് ഇത്തരമൊരു പ്രവൃത്തിയിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്.
2015 ജൂലൈ 28ന് ജോഗേശ്വരി-വിക്രോളി ലിങ്ക് റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തിലാണ് ദാദാറാവുവിന്റെ മകന് പ്രകാശ് മരിച്ചത്. മകന്റെ അകാലമരണം ഈ അച്ഛനെ ഏറെ തളര്‍ത്തി. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ മനസ് നിറയെ മറ്റൊരു കാര്യമായിരുന്നു. ഇനി ഒരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുത്. ഇതോടെയാണ് ഗട്ടറില്ലാത്ത റോഡ് എന്ന ലക്ഷ്യവുമായി റോഡുകളിലെ കുഴിയടക്കാന്‍ ദാദാറാവു ഇറങ്ങി പുറപ്പെടുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹത്തിനൊപ്പം നിരവധി പേര് ചേര്‍ന്നു നിന്നു. ഇതോടെ സംഭവം പ്രതീക്ഷിച്ചതിലും അധികം വിജയമായി. അഞ്ഞൂറിലേറെ കുഴികളാണ് സംഘം ദിവസങ്ങള്‍ക്കുള്ളില്‍ മൂടിയത്.
രാജ്യത്ത് എല്ലാവര്ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള റോഡുകളുടെ അഭാവമുണ്ട്. ഉള്ള റോഡുകളില്‍ പലതും മഴക്കാലത്ത് അപകടകരമായ അവസ്ഥയിലെത്തും. രാജ്യത്തുള്ള ഒരു ലക്ഷത്തോളം ആളുകളെങ്കിലും കുണ്ടും കുഴിയും നികത്താനായി മുന്നോട്ട് വന്നാല്‍ വിപ്ലവകരമായ മാറ്റത്തിന് അത് വഴിതുറക്കും. റോഡപകടങ്ങള്‍ വലിയ രീതിയില്‍ കുറക്കാനും ഇത് വഴി സാധിക്കുമെന്നും ദാദാറാവു പറഞ്ഞു.