സാംബ: ജമ്മു കശ്മീരിലെ പ്രമുഖ ഗുജ്ജാര്‍ ആക്ടിവിസ്റ്റായ താലിബ് ഹുസൈനെ ബലാത്സംഗക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ യുവതി നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാംബയിലെ ചാവ്ഡ വനത്തില്‍ വച്ച് ഒന്നര മാസം മുന്‍പ് ഹുസൈന് പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. കന്നുകാലികളെ മേക്കുവാനായിട്ടാണ് യുവതി വനത്തിനുള്ളിലേക്ക് പോയത്. ഈ സമയം ഹുസൈന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും തള്ളിയിട്ടതിനു ശേഷം ഉപദ്രവിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.
തന്നെ കൊന്നു കളയുന്നുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വിഷയം പുറത്തു പറയാതിരുന്നത്. ഭീഷണി തുടര്‍ന്നപ്പോള്‍ ഭര്‍ത്താവിനോട് പീഡനവിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കത്വയില്‍ പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ ഉണ്ടായ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന ആളായിരുന്നു ഹുസൈന്. പീഡനത്തിനെതിരെ നിരവധി ക്യാമ്പെയിനുകളും ഇയാള്‍ നടത്തിയിരുന്നു.
കഴിഞ്ഞ ജൂണില്‍ ഹുസൈന്റെ ഭാര്യയും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ഈ കേസില്‍ ഇയാള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.