തിരുവനന്തപുരം: ക്ഷേമ പെന്ഷന് കൂടുതല്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ധനകാര്യ കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം 1000 സി സിയില്‍ കൂടുതല്‍ എഞ്ചിന് കപ്പാസിറ്റിയുള്ള വാഹനങ്ങള്‍ ഉള്ളവര്‍ക്ക് ക്ഷേമ പെന്ഷന് ലഭിക്കില്ല. ടാക്സി അല്ലാത്ത നാല് ചക്ര വാഹനങ്ങള്‍ ഉള്ളവര്‍ക്കാണ് നിബന്ധന ബാധകമാവുക. നാല് ചക്ര വാഹനങ്ങളെ കൂടാതെ ലോറി, ബസ്, ടെമ്പോ ട്രാവലര്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ക്കും പുതിയ ഉത്തരവ് പ്രകാരം ക്ഷേമ പെന്ഷന് അര്‍ഹതയില്ല.
അതേസമയം അംബാസിഡര്‍ കാര്‍ ഉടമകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അംബാസിഡര്‍ കാര്‍ ഉല്പാദനം നിര്‍ത്തിയിട്ട് നിരവധി വര്‍ഷങ്ങളായ സാഹചര്യത്തിലാണ് തീരുമാനം. പെന്ഷന് ഗുണഭോക്താവ് മരണപ്പെട്ട ശേഷവും അനന്തരാവകാശികള്‍ പെന്ഷന് വാങ്ങുന്നുണ്ടെന്നും അത്തരക്കാരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ ക്ഷേമ പെന്ഷന് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അദാലത്തിലൂടെ പരിഹരിക്കുമെന്നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്ഷേമ പെന്‍ഷനുകള്‍ക്ക് പുതിയ മാനദണ്ഡം കൊണ്ടു വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.