Special

പുഞ്ചിരി തൂകിയെരിച്ച ജീവിതം : ഖുദിറാം ബോസ്

മുഹൂർത്തം ജ്വലിതം ശ്രേയ ന ച ധൂമായിതം ചിരം എന്ന വാക്യത്തെ അർത്ഥവത്താക്കിക്കൊണ്ട് മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി തന്‍റെ പത്തൊൻപതാം വയസ്സിൽ വീരബലിദാനിയായ ഖുദിറാം ബോസിന്‍റെ  ബലിദാന ദിനമാണ് ആഗസ് 11. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം ആദർശ പൂർണമായ അഗ്നിയെപ്പോലെ ജ്വലിക്കുന്നതാണ് ആയിരം വർഷം പുകയുന്നതിനേക്കാൾ മഹത്തരമെന്നു ചിന്തിച്ച് ഭാരതാംബയ്ക്ക് വേണ്ടി ആത്മബലി അർപ്പിച്ച വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ഖുദിറാം ബോസ്.

1889 ഡിസംബർ മൂന്നിന് ബംഗാളിലെ മിഡ്നാപൂരിലായിരുന്നു ഖുദിറാമിന്‍റെ ജനനം. വിപ്ലവ തീച്ചൂളയിൽ തിളച്ചു മറിയുകയായിരുന്ന വംഗദേശത്തിന്റെ സ്വഭാവം കുട്ടിക്കാലത്ത് തന്നെ ഖുദിറാമിലും നിറഞ്ഞിരിന്നു. വിപ്ലവ രാജകുമാരൻ അരബിന്ദോയും സിസ്റ്റർ നിവേദിതയും ബംഗാളിലെങ്ങും വിപ്ലവ സന്ദേശം പ്രചരിപിക്കുന്ന കാലം. ഖുദിറാം ആ സന്ദേശങ്ങളിൽ ആകൃഷ്ടനായി വിപ്ലവപാതയിലേക്ക് തിരിഞ്ഞു . കേവലം പതിനാറു വയസുള്ളപ്പോൾ തന്നെ പോലീസ് സ്റ്റേഷന് ബോംബ് വയ്ക്കുക എന്ന കൃത്യം ഖുദിറാം ഏറ്റെടുത്തു നടപ്പാക്കിയിരുന്നു.

കൽക്കത്തയിലെ കുപ്രസിദ്ധനായ ചീഫ് പ്രസിഡൻസി മജിസ്ട്രേട്ട് കിംഗ്സ് ഫോർഡിനെതിരെ ജന രോഷം പതഞ്ഞു പൊങ്ങുന്ന സമയമായിരുന്നു അത് .ബംഗാളിലെ സമര ഭടന്മാരുടെ കൈ കൊണ്ട് തന്റെ അന്ത്യമുണ്ടാകുമെന്നുറപ്പാക്കിയ കിംഗ്സ് ഫോർഡ് മുസഫർ പൂരിലേക്ക് താമസം മാറി. കിംഗ്സ് ഫോർഡിനെ വെറുതെ വിടില്ലെന്ന് തീർച്ചയാക്കിയ യുവാക്കൾ ഫോർഡിന് ഒരു പാഴ്സൽ ബോംബ് വരെ അയച്ചു . എന്നാൽ പാഴ്സൽ തുറക്കാൻ ഫോർഡ് ശ്രമിച്ചില്ല. ആദ്യ ദൗത്യം പരാജയപ്പെട്ടതോടെ വിപ്ലവകാരികൾ ഖുദിറാമിനേയും പ്രഫുല്ല ചാക്കിയേയും മുസഫർ പൂരിലേക്കയച്ചു പക്ഷേ ഭാഗ്യം അപ്പോഴും ഫോർഡിനൊപ്പമായിരുന്നു .

1908 ഏപ്രിൽ 30 ന് ഇരുവരും എറിഞ്ഞ ബോംബ് പതിച്ചത് ഫോർഡിനു മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തിലായിരുന്നു. രണ്ട് പേർ ആ ബോംബേറിൽ കൊല്ലപ്പെട്ടെങ്കിലും കിംഗ്സ് ഫോർഡ് രക്ഷപ്പെടുകയായിരുന്നു അറസ്റ്റ് ചെയ്യാൻ വന്ന ബ്രിട്ടീഷ് പോലീസിനു പിടികൊടുക്കാതെ പ്രഫുല്ല ചാക്കി ആത്മഹത്യ ചെയ്തു. ഖുദിറാം ബോസ് അറസ്റ്റിലാവുകയും ചെയ്തു . വാദങ്ങൾക്ക് ശേഷം കൊളോണിയൽ യജമാനന്മാർ ഖുദിറാം ബോസിനെ തൂക്കിക്കൊല്ലാൻ വിധിച്ചു ഉയർന്ന കോടതികളിലേക്ക് അപ്പീൽ പോയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

അങ്ങനെ 1908 ആഗസ്റ്റ് 11 ന് പത്തൊൻപത് വയസ് മാത്രം പ്രായമുള്ള ആ ധീര വിപ്ലവകാരിയുടെ ജീവൻ ഭാരതമാതാവിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലിയർപ്പിക്കപ്പെട്ടു . ചുണ്ടിൽ പുഞ്ചിരിയുമായാണ് ഖുദിറാം തൂക്കുമരമേറിയതെന്ന് എല്ലാ പത്രമാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു . ഖുദിറാമിന്റെ ഭൗതിക ശരീരത്തിന്റെ അന്ത്യ ദർശനത്തിനായി ജന സാഗരങ്ങളാണ് ഒഴുകിയെത്തിയത് .പിന്നീട് പരദേവതകൾക്കൊപ്പം ഖുദിറാം ബോസിനും ഒരു സ്ഥാനം നൽകാൻ വംഗ ദേശത്തിന്‍റെ മക്കൾ മടിച്ചതുമില്ല.

വിദേശീയ ഭരണാധികാരികളെ ഭയപ്പെടുത്താൻ ഭാരതത്തിൽ നടന്ന ആദ്യത്തെ ബോംബാക്രമണമായാണ് മുസഫർ പൂർ സംഭവത്തെ കാണുന്നത് . വിപ്ലവത്തീപ്പന്തമേന്തിയ ഭാരതത്തിന്റെ സമര ഭടന്മാർക്ക് ആവേശം പകർന്നു നൽകുന്നതായിരുന്നു ഖുദിറാമിന്റെ ബലിദാനം. ഒരു ഖുദിറാമിന്‍റെ ഒഴിവിൽ മിന്നൽ പിണറുകളായി ആയിരക്കണക്കിനു ഖുദിറാമുമാർ സ്വാതന്ത്ര്യ സമര തീച്ചൂളയിലേക്കെടുത്തു ചാടിയതോടെ മഹാമംഗലയായ ഭാരത മാതാവ് സ്വതന്ത്രമാവുകയും ചെയ്തു

419 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close