ന്യൂഡല്‍ഹി: ലഡാക്ക് മേഖലയില്‍ ചൈന അധിനിവേശം നടത്തുന്നതായി റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്ക് മേഖലയിലെ ദെംചോക്കില്‍ 300-400 മീറ്ററോളം കയറി ചൈനീസ് സൈന്യം സൈനികത്താവളങ്ങള്‍ സ്ഥാപിച്ചതായാണ് വിവരം. പ്രദേശത്ത് സൈനിക ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്നതിനായി റോഡുകളുടെ നവീകരണവും ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ അതിര്‍ത്തി കടന്നുള്ള നീക്കങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
ചെര്‍ലോങ്-നെര്‍ലോങ് നല്ലന് പ്രദേശത്ത് മൂന്ന് സൈനികത്താവളങ്ങള്‍ ഉന്നതതല ചര്‍ച്ചകളെ തുടര്‍ന്ന് ചൈനീസ് സൈന്യം അടുത്തിടെ പൊളിച്ച് മാറ്റിയിരുന്നു. ഇനിയും രണ്ട് സൈനികത്താവളങ്ങള്‍ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്. അവ പൊളിച്ചു മാറ്റാത്തതില്‍ ഇന്ത്യ വിശദീകരണം തേടിയെങ്കിലും ചൈന മറുപടി നല്‍കിയിട്ടില്ല. ഇക്കൊല്ലം 170ഓളം തവണ ചൈന അതിര്‍ത്തി ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ 473 തവണയും 2016ല്‍ 273 തവണയും അതിര്‍ത്തി ലംഘനം നടന്നിട്ടുണ്ട്.
2016 ജൂണില്‍ ഡോക്ലാം മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തെ ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആണ് പുതിയ സംഭവം.