കൊച്ചി: പ്രളയക്കെടുതിക്ക് ശേഷമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. പ്രളയത്തിനുശേഷം പുഴയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പാലത്തില്‍ അടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് മാലിന്യങ്ങള്‍ പുഴയിലേക്ക് തന്നെ തിരികെ ഇടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രളയം മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കുന്ന പ്രത്യേക മാപ്പ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. ജില്ലകളിലെ ഓരോ പ്രദേശത്തെയും നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ മാപ്പുണ്ടാക്കണമെന്നും ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.